Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടും: ദക്ഷിണ കൊറിയ

north-korea-south-korea-diplomacy-summit ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനും ഭാര്യ റി സോൾ ജുവിനും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും ഭാര്യ കിം ജുങ് സൂക്കും നൽകിയ അത്താഴ വിരുന്ന്.

സോൾ∙ ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ. വെള്ളിയാഴ്ച നടന്ന ഉച്ചകോടിയിൽ ഇക്കാര്യം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ അറിയിച്ചതായും ഇന്നിന്റെ വക്താവ് പറഞ്ഞു. കൊറിയകൾക്കിടയിൽ സമാധാനത്തിന്റെ പാലമിട്ട് വെള്ളിയാഴ്ച കിമ്മും ഇന്നും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ആണവ പരീക്ഷണകേന്ദ്രം മേയ് മാസത്തിൽ അടച്ചുപൂട്ടും. അടച്ചുപൂട്ടുന്നതു പരസ്യ ചടങ്ങായിരിക്കുമെന്നും ദക്ഷിണ കൊറിയയിൽനിന്നും യുഎസിൽനിന്നുമുള്ള വിദേശ വിദഗ്ധരെ ആ ചടങ്ങിലേക്കു സ്വാഗതം ചെയ്യുമെന്നും വക്താവ് വ്യക്തമാക്കി. മാത്രമല്ല, നിലവിൽ ദക്ഷിണ കൊറിയയുടെ ടൈം സോണിനെ അപേക്ഷിച്ച് അരമണിക്കൂർ വ്യത്യാസത്തിലാണ് ഉത്തര കൊറിയയുടെ ടൈം സോൺ. ഇതു ദക്ഷിണ കൊറിയയുടേതിനു സമാനമാക്കുമെന്നും ഉത്തര കൊറിയ അറിയിച്ചതായും വക്താവു വ്യക്തമാക്കി.

അതിനിടെ, കൊറിയൻ ഉപഭൂഖണ്ഡത്തെ ആണവവിമുക്തമാക്കാൻ അടുത്ത മൂന്ന് നാല് ആഴ്ചയ്ക്കകം ഉത്തര കൊറിയൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അറിയിച്ചു. മിഷിഗണിൽ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.