Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരസ്കാര സമർപ്പണം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് മലയാള സിനിമയിലുള്ളവര്‍: കുമ്മനം

kummanam-rajasekharan കുമ്മനം രാജശേഖരൻ

തിരുവനന്തപുരം∙ ദേശീയ ചലച്ചിത്ര പുരസ്‌കാര ചരിത്രത്തിന്റെ പാരമ്പര്യം വിസ്മരിക്കുകയും രാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ചലച്ചിത്രപ്രേമികളില്‍ വേദനയുണ്ടാക്കിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുൻപൊക്കെ അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ചു പല പരാതികളും ഉയര്‍ന്നിരുന്നു. ചടങ്ങിനു ശേഷവും വിവാദങ്ങള്‍ കെട്ടടങ്ങിയിരുന്നില്ല. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം അവാര്‍ഡ് നിര്‍ണയത്തില്‍ ഒരുവിധ പരാതികളും ഉയര്‍ന്നിട്ടില്ല. വളരെ സുതാര്യമായ അവാര്‍ഡ് പുരസ്‌കാര ചടങ്ങിനെ പരിഹാസ്യമാം വിധം രാഷ്ട്രീയവല്‍ക്കരിച്ച കലാകാരന്‍മാരുടെ നടപടി സിനിമാ ലോകത്തിനു തന്നെ അപമാനകരമായി– അദ്ദേഹം പറഞ്ഞു.

ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ നേടിയ മലയാള സിനിമാ രംഗത്തുള്ളവരാണു ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചത്. രാഷ്ട്രപതി ഭവന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് മലയാളികളായ യേശുദാസും ജയരാജും ഉള്‍പ്പടെ 11 പേര്‍ക്ക് അവാര്‍ഡ് നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിക്കു വേണ്ടി അവാര്‍ഡ് നല്‍കിയത് അധികാരപ്പെട്ടയാളായ മന്ത്രി സ്മൃതി ഇറാനിയാണ്. പ്രോട്ടോക്കോള്‍ അനുസരിച്ച് അതും ന്യായീകരിക്കപ്പെടുന്നതാണ്.

ഇതിനു മുന്‍പും രാഷ്ട്രപതിയുടെ അസാന്നിധ്യത്തില്‍ അവാര്‍ഡു സമർപ്പണം നടന്നിട്ടുണ്ട്. അന്നൊന്നും കലാകാരന്‍മാരോട് അവഗണനയോ വിവേചനമോ കാട്ടിയതായി ആരും പരാതിപ്പെട്ടിട്ടില്ല. പ്രതിഷേധം ഇന്നുണ്ടാകുന്നതിനു രാഷ്ട്രീയ ഗൂഢാലോചനയുണ്ട്, രാഷ്ട്രീയ ഇടപെടലുകളുണ്ട്. ഇതു തെറ്റായ കീഴ്‌വഴക്കമായിരിക്കും സൃഷ്ടിക്കപ്പെടുകയെന്നും കുമ്മനം വ്യക്തമാക്കി.

അതിനിടെ ദേശീയപുരസ്കാര ചടങ്ങിൽ നിന്നു രാഷ്ട്രപതിയെ മാറ്റി അദ്ദേഹത്തെ ബിജെപിയുടെ കളിപ്പാവയാക്കുകയായിരുന്നു കേന്ദ്രസർക്കാരെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് വിമർശിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കലാകാരന്മാർക്കെതിരെയുള്ള ഭരണകൂടത്തിന്റെ അവഹേളനത്തിനെതിരെ ആത്മാഭിമാനമുള്ള കലാകാരുടെ പ്രതിഷേധത്തിനൊപ്പം യൂത്ത് കോൺഗ്രസ് അണിചേരുമെന്നും അദ്ദേഹം അറിയിച്ചു. ചെറിയനാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

related stories