Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിദംബരത്തെ കാത്തിരിക്കുന്നത് നവാസ് ഷരീഫിന്റെ അവസ്ഥ: ബിജെപി

Nirmala-Chidambaram കേന്ദ്രമന്ത്രി നിർമല സീതാരാമൻ, മുൻ ധനമന്ത്രി പി.ചിദംബരം

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയാണെന്ന മുന്നറിയിപ്പുമായി ബിജെപി രംഗത്ത്. 20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വിവിധ കുറ്റങ്ങൾ ചുമത്തിയതോടെ, പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അവസ്ഥയിലേക്കാണ് ചിദംബരത്തിന്റെ പോക്കെന്നും നിർമല പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ചിദംബരത്തിന്റെ കുടുംബം വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു നിർമലയുടെ വാർത്താസമ്മേളനം.

കള്ളപ്പണം ഒളിപ്പിക്കൽ, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകൻ കാർത്തി, മകന്റെ ഭാര്യ ശ്രീനിധി എന്നിവർക്കെതിരെ ആദായനികുതി വകുപ്പ് ചെന്നൈ കോടതിയിൽ ഇക്കഴിഞ്ഞ മേയ് 11ന് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കള്ളപ്പണം പിടിച്ചെടുക്കാൻ മോദി സർക്കാർ കൊണ്ടുവന്ന നിയമം, യഥാർഥ സ്വത്തുവിവരം മറച്ചുവച്ചു ലംഘിച്ചിരിക്കുകയാണു ചിദംബരമെന്നും അവർ ആരോപിച്ചു. 

ബ്രിട്ടൻ, യുഎസ് എന്നിവിടങ്ങളിലായി വെളിപ്പെടുത്താത്ത സ്വത്ത് സൂക്ഷിച്ചതിനാണ് ചിദംബരത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് നിലവിൽ കേസ് റജിസ്റ്റർ ചെയ്തതെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ബ്രിട്ടനിലെ കേംബ്രിജിൽ 5.37 കോടിയുടെ സ്വത്ത്, ബ്രിട്ടനിൽത്തന്നെ 80 ലക്ഷത്തിന്റെ വസ്തുക്കൾ, യുഎസിൽ 3.2 കോടിയുടെ സ്വത്ത് എന്നിങ്ങനെ കണക്കിൽപ്പെടാത്ത ഒട്ടേറെ സ്വത്ത് ചിദംബരത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

ബിജെപി നേതാക്കൾക്കെതിരായ അഴിമതിയാരോപണങ്ങൾ പൊതുജന മധ്യത്തിൽ വിളിച്ചുപറയുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ചിദംബരത്തിനെതിരായ ഈ കേസുകളുടെ നിജസ്ഥിതി അന്വേഷിക്കാൻ തയാറുണ്ടോയെന്നും നിർമല സീതാരാമൻ വെല്ലുവിളിച്ചു. വിദേശത്തുള്ള സ്വത്തുക്കളുടെ യഥാർഥ വിവരം വെളിപ്പെടുത്താത്തതിന്റെ കാരണം പൊതുജനങ്ങളെ അറിയിക്കാൻ ചിദംബരം തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പാനമ പേപ്പർ ചോർച്ചയിലൂടെ യഥാർഥ സ്വത്തുവിവരം മറച്ചുവച്ചതായി തെളിഞ്ഞ നവാസ് ഷരീഫിനെ പാക്ക് സുപ്രീം കോടതി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഈ അവസ്ഥ ചിദംബരത്തിനും വരുമെന്നാണ് ബിജെപി നൽകുന്ന മുന്നറിയിപ്പ്.