Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവില്ലിയേഴ്സ് തകർത്തു; ഹൈദരാബാദിനെതിരെ ബാംഗ്ലൂരിനു ജയം

abd ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്

ബെംഗളൂരു ∙ഒന്നു തുടങ്ങിക്കിട്ടാനാണ് പാട്, തുടങ്ങിയാൽപ്പിന്നെ നിർത്താനേ പോകുന്നില്ല, അതാണ് ഡിവില്ലിയേഴ്സ്. തുടർച്ചയായ രണ്ടാം കളിയിലും അർധ സെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റെയും (69), മൊയിൻ അലിയുടെയും (65) ഇന്നിങ്സുകളുടെ കരുത്തിൽ ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് 14 റൺസ് ജയം. കെയ്ന്‍ വില്യംസണും(81) മനീഷ് പാണ്ഡെയും (62*) അവസാനം വരെ വീറോടെ പൊരുതിയെങ്കിലും ഹൈദരാബാദ് വിജയത്തിനരികെ വീണു. 

ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂരിനു വേണ്ടി  ഡിവില്ലിയേഴ്സിനൊപ്പം മൊയിന്‍ അലി ഒത്തുചേര്‍ന്നതോടെ ബൗണ്ടറികള്‍ ഒഴുകിയെത്തി. 12–ാം ഓവറിൽ സിദ്ധാർദ്ധ് കൗളിനെ മിഡ്‌ വിക്കറ്റിലൂടെ ഫോറടിച്ചാണ് 32 പന്തിൽ ഡിവില്ലിയേഴ്സ് അൻപതു തികച്ചത്. തൊട്ടടുത്ത ഓവറിൽ മൊയിൻ അലിയും അർധ സെഞ്ചുറി തികച്ചു.

ഹൈദരാബാദ് ബോളർമാരെ തരിപ്പണമാക്കി ഇരുവരും മുന്നേറിയതോടെ 14 ഓവറിൽ രണ്ടിന് 141 എന്ന നിലയിലായി ബാംഗ്ലൂർ. 15–ാം ഓവറിൽ റാഷിദ് തന്നെ ഡിവില്ലിയേഴ്സിനെയും, അലിയെയും മടക്കിയെങ്കിലും ബാംഗ്ലൂർ റണ്ണൊഴുക്ക് തടയാനായില്ല. തുടരെ സിക്സറുകൾ പറത്തി ഡി ഗ്രാൻഡ് ഹോമും (17 പന്തിൽ 40) ദൃശ്യവിരുന്നൊരുക്കിയതോടെ ഇരുന്നുറും കടന്നു.

മലയാളി താരം ബേസില്‍ തമ്പി നാലോവറില്‍ 70 റണ്‍സാണ് വിട്ടു നല്‍കിയത്. മറുപടി ബാറ്റിങില്‍ മൂന്നാം വിക്കറ്റില്‍ ഹൈദരാബാദിനായി ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മനീഷ് പാണ്ഡെയും തുടരെ ബൗണ്ടറികളും സിക്സുകളും പായ്ച്ചു തുടങ്ങിയതോടെ ഹൈദരാബാദ് വിജയപ്രതീക്ഷയിലായി. 

സിറാജ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സാണ് ഹൈദരാബാദിനു നേടേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ പന്തില്‍ത്തന്നെ സിക്സടിക്കാന്‍ ശ്രമിച്ച വില്യംസണ്‍ പുറത്തായി. തുടര്‍ന്നുള്ള പന്തുകളിൽ റൺസ് കണ്ടെത്താൻ  പാണ്ഡെയ്ക്കും സാധിക്കാതെ വന്നതോടെ 204 റണ്‍സില്‍ ഹൈദരാബാദ് ഇന്നിങ്സ് അവസാനിച്ചു.