Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം പട്ടിക അയച്ചില്ല; രാഷ്ട്രപതിയുടെ പൊലീസ് മെഡൽ വീണ്ടും നഷ്ടമായേക്കും

police-cap

തിരുവനന്തപുരം∙ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നൽകുന്ന രാഷ്ട്രപതിയുടെ പൊലീസ് മെഡൽ പട്ടികയിൽനിന്നു കേരളം പുറത്തായേക്കും. പുരസ്കാരത്തിനു ശുപാർശ ചെയ്യുന്ന പട്ടിക മേയ് 15ന് അകം കേന്ദ്ര സർക്കാരിനു സമർപ്പിക്കേണ്ടിയിരുന്നു. ഇതുവരെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അനങ്ങിയിട്ടില്ല.

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിനു രണ്ടുപേർക്കും സ്തുത്യർഹ മെഡലിന് 20 പേർക്കുമാണു കേരളത്തിൽനിന്ന് അർഹതയുള്ളത്. ഇതിൽ ആദ്യത്തേതിനു നാലു പേരുകളും രണ്ടാമത്തേതിന് 24 പേരുകളും അന്തിമ തീയതിക്കു തൊട്ടു മുൻപ് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് മുഖ്യമന്ത്രിയുടെ ഓഫിസിനു കൈമാറി. അതിനും ഒരാഴ്ച മുൻപു മാത്രമാണു പൊലീസ് ആസ്ഥാനത്തുനിന്ന് ഈ പട്ടിക തങ്ങൾക്കു ലഭിച്ചതെന്നാണ് ആഭ്യന്തര വകുപ്പു വൃത്തങ്ങൾ വ്യക്തമാക്കിയത്. അതാണത്രേ പട്ടിക നൽകാൻ വൈകിയത്.

മെഡൽ പട്ടിക അയയ്ക്കാൻ നിർദേശിച്ചു കഴിഞ്ഞ​ മാർച്ച് ആദ്യംതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തു നൽകിയിരുന്നു. 2008നും 2017നുമിടയിൽ വകുപ്പുതല ശിക്ഷാ നടപടിക്കു വിധേയരായവരെയും കോടതി ശിക്ഷിച്ചവരെയും പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും, ശുപാർശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് ഒപ്പം നൽകണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു. മാത്രമല്ല മേയ് 15നു ശേഷം നൽകുന്ന പട്ടിക ഒരു കാരണവശാലും മെഡലിനു പരിഗണിക്കില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പൊലീസ് ആസ്ഥാനത്തും സെക്രട്ടേറിയറ്റിലും ഉദ്യോഗസ്ഥർ തികഞ്ഞ ഉദാസീനത കാണിച്ചു.

ഭരണപരമായ കാര്യങ്ങൾ നോക്കാൻവേണ്ടി മാത്രം പൊലീസ് ആസ്ഥാനത്ത് ഒരു എഡിജിപിയും ഐജിയുമുണ്ട്. മെഡൽ പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ അമർഷത്തിലും കടുത്ത നിരാശയിലുമാണ്. സർവീസ് കാലയളവിലുടനീളം തങ്ങൾ കാഴ്ചവച്ച മികവിനുള്ള അംഗീകാരമാണു ചില ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കൊണ്ടു മാത്രം നഷ്ടമാകുന്നതെന്നാണ് അവരുടെ പരാതി.

അനുഭവത്തിൽനിന്നു പഠിച്ചില്ല

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് ഇതിനു മുമ്പും കേരളം രാഷ്ട്രപതിയുടെ പൊലീസ് മെഡൽ പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്. 2017ൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു നൽകുന്ന മെഡലിനായാണ് ഇവിടെനിന്നു യഥാസമയം ശുപാർശപ്പട്ടിക പോകാതിരുന്നത്. അന്നു കേരളത്തിൽനിന്ന് ആർക്കും മെഡൽ ലഭിച്ചില്ല. ഇക്കുറിയും ഇതാകും അവസ്ഥ.