Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോഴും പുകമറയിൽ ആ മരണങ്ങൾ; ഇനിയും പുറത്തുവരാത്ത ദുരൂഹത

sasindran-kids-malabar-cements ശശീന്ദ്രനും മക്കൾ വിവേകും വ്യാസും

പാലക്കാട്∙ മകന്റെയും പേരക്കുട്ടികളുടെയും മരണത്തിനു പിന്നിലെ സത്യങ്ങൾ അറിയണമെന്ന വാശിയോടെയാണ് ഈ അച്ഛൻ ജീവിച്ചതത്രയും. ഇതു മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി.ശശീന്ദ്രന്റെ പിതാവ് കെ.വേലായുധൻ. 

velayudan-sasindran വേലായുധൻ.

ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും  ദുരൂഹമരണത്തിനു പിന്നിലെ  സത്യം   അറിയാൻ പോരാടിയ   ഇദ്ദേഹത്തിനു    തൊണ്ണൂറു വയസ്സു കഴിഞ്ഞു. കേസ് എന്താകുമെന്നോ   സത്യം    വെളിപ്പെടുമോ    എന്നോ  ആശങ്കപ്പെടാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ. 

മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യത്തിനായിരുന്നു ഈ കാലമത്രയും പോരാട്ടം. അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ കോടതിയിൽ നിന്നു നഷ്ടപ്പെട്ട സംഭവങ്ങളൊന്നും വേലായുധൻ അറിഞ്ഞിട്ടില്ല. പുറംലോകവുമായി ബന്ധമില്ലാതെ വീട്ടിൽ തന്നെ ഒതുങ്ങിയിരിക്കുന്നു അദ്ദേഹം. ഏറെ നേരവും നിശ്ശബ്ദനാണ്. 

ശശീന്ദ്രന്റെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കുടുംബവും ആക്‌ഷൻ കമ്മിറ്റിയും നടത്തിയ പോരാട്ടങ്ങളിൽ ശക്തമായ സാന്നിധ്യമായിരുന്നു ഈ മുൻ അധ്യാപകൻ. മൂന്നു വർഷം മുൻപു ഭാര്യ മരിച്ചതോടെയാണ് അദ്ദേഹം തന്നിലേക്കു ചുരുങ്ങിയത്. ഒരു വർഷം മുൻപു വരെ പത്രങ്ങളിലും ടിവിയിലുമെല്ലാം കേസുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോൾ ശ്രദ്ധിക്കുമായിരുന്നു. 

ചില സമയത്തു പൊട്ടിക്കരയും. അതോടെ കുടുംബാംഗങ്ങൾ അത്തരം ചർച്ചകളും വാർത്തകളും അദ്ദേഹത്തിലേക്കെത്താതെ ശ്രദ്ധിച്ചു തുടങ്ങി. മറ്റൊരു മകനായ രവീന്ദ്രന്റെ കൊല്ലങ്കോട്ടെ വസതിയിലാണ് ഇപ്പോൾ. 

കേസിന്റെ ചരിത്രം

ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു. 

മലബാർ സിമന്റ്സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 2013 മാർച്ച് 19നു സിബിഐ അറസ്റ്റു ചെയ്തു. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപു കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണു സിബിഐയുടെ കണ്ടെത്തൽ. 

കുറ്റപത്രം രണ്ടു തവണ സിബിഐ കോടതി മടക്കി. മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബർ രണ്ടിനു സ്വീകരിച്ചു. 2015 ജനുവരിയിൽ, ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നും അഴിമതിക്കേസുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ സനൽകുമാർ ഹൈക്കോടതിയെ സമീപിച്ചു.

related stories