Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാരനോട് കടുത്ത ആരാധന; 1200 കി.മീ സഞ്ചരിച്ച് പെൺകുട്ടി

police-1 പ്രതീകാത്മക ചിത്രം.

ഭോപ്പാൽ ∙ സിനിമാ, ക്രിക്കറ്റ് താരങ്ങളെ കാണുന്നതിന് ആരാധകർ കാണിക്കുന്ന സാഹസങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ, പൊലീസ് ഓഫിസറെ കാണാൻ ഒരു ആരാധിക ശ്രമിച്ച കഥയറിഞ്ഞാൽ ചിലപ്പോൾ ഞെട്ടും. ഉജ്ജയ്ൻ എസ്പി സച്ചിൻ അതുൽക്കറിനോടുള്ള (34) ആരാധന മൂത്ത് 1200 കിലോമീറ്റർ യാത്ര ചെയ്തെത്തിയ പെൺകുട്ടിയാണു വാർത്തകളിൽ നിറയുന്നത്. സമൂഹമാധ്യമങ്ങളിൽ കൂടിയാണു പഞ്ചാബിലെ ഹൊഷൈർപുർ സ്വദേശിയായ ഇരുപത്തിയേഴുകാരി സച്ചിൻ അതുൽക്കറിനെ കുറിച്ചറിയുന്നത്. പിന്നെ ഒട്ടും വൈകിയില്ല, തന്റെ ആരാധ്യപുരുഷനെ തേടിയിറങ്ങി.

എന്നാൽ, പെൺകുട്ടിയുടെ ആരാധന പൊലീസുകാർക്കു തലവേദനയായിരിക്കുകയാണ്. എസ്പി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ വരെ അതിക്രമിച്ചു കടക്കാനുള്ള ശ്രമമാണു പൊലീസുകാരെ വട്ടം കറക്കുന്നത്. പെൺകുട്ടിയെ തിരിച്ചയക്കാൻ പലതവണ ശ്രമിച്ചെങ്കിലും എസ്പിയെ കാണാതെ തിരിച്ചു പോവില്ലെന്നാണു നിലപാട്. പൊലീസ് ഉദ്യോഗസ്ഥർ ട്രെയിനിൽ കയറ്റി വിടാൻ ശ്രമിച്ചെങ്കിലും അത്മഹത്യാഭീഷണി മുഴക്കി തിരിച്ചിറങ്ങി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആരെയും കാണാൻ സാധിക്കില്ലായെന്ന ഉറച്ച നിലപാടിലാണ് സച്ചിൻ അതുൽക്കർ. മുപ്പത്തിനാലുകാരനായ സച്ചിൻ അവിവാഹിതനാണ്.