Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിവിൽ കഴിഞ്ഞ പോൺസൈറ്റ് ഉടമയായ യുവതി സോളിൽ പിടിയിൽ

Representative Image പ്രതീകാത്മക ചിത്രം.

സോൾ∙ സ്ത്രീകളുടെ സ്വകാര്യത രഹസ്യമായി ചിത്രീകരിച്ചതുൾപ്പെടെയുള്ള അശ്ലീല വിഡിയോകൾ പങ്കുവയ്ക്കുന്ന ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ പോണോഗ്രാഫി വെബ്സൈറ്റിന്റെ സഹസ്ഥാപകയായ യുവതി അറസ്റ്റിൽ. വർഷങ്ങളായി ന്യൂസിലൻഡിൽ ഒളിവിൽ കഴിയുകയായിരുന്ന സങ് എന്ന ഇരട്ടപ്പേരുള്ള സ്ത്രീയാണു പിടിയിലായത്. പതിനായിരക്കണക്കിനു വിഡിയോകളുള്ള സോറനെറ്റ് എന്ന വെബ്സെറ്റ് 1999ലാണു നിലവിൽ വന്നത്. പ്രതികാരത്തിന്‍റെ ഭാഗമായി ചിത്രീകരിച്ചതും ഒളിക്യാമറ ദൃശ്യങ്ങളും സൈറ്റിലുണ്ടായിരുന്നു. പത്തു ലക്ഷത്തോളം അംഗങ്ങളുണ്ടായിരുന്ന സോറനെറ്റ് രണ്ടു വർഷം മുമ്പാണു വനിതാവകാശ സംഘടനകളുടെ പരാതികളുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയത്.

അശ്ലീല വിഡിയോകൾ വിതരണം ചെയ്യുന്നതു ദക്ഷിണ കൊറിയയിൽ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ, വിദേശ രാജ്യങ്ങളിലുള്ള സെർവറുകളിലൂടെയും ഫയലുകൾ പങ്കുവയ്ക്കുന്ന സൈറ്റുകളിലൂടെയുമാണു ലഭ്യമാക്കിയിരുന്നത്. ദക്ഷിണ കൊറിയൻ അധികൃതർ പാസ്പോർട്ട് റദ്ദാക്കിയതിനെ തുടർന്ന് സങ് കഴിഞ്ഞയാഴ്ചയാണു സോളിലെത്തിയത്. കുട്ടികളെ ഉൾപ്പെടുത്തിയുള്ള സെക്സ് വിഡിയോകളുടെ വിതരണത്തിനു സഹായിച്ചതിനു തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നു പൊലീസ് അറിയിച്ചു. സങിന്‍റെ ഭർത്താവ്, സൈറ്റിന്‍റെ സഹ ഉടമകളെന്നു കരുതപ്പെടുന്ന മറ്റൊരു ദമ്പതികൾ എന്നിവർ വിദേശത്താണ്.

ശുചിമുറികൾ, ക്ലാസ് മുറികൾ, വസ്ത്രം മാറുന്ന സ്ഥലങ്ങൾ, സബ്‍വേകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ വച്ച് സ്ത്രീകളുടെ രഹസ്യ വിഡിയോകൾ അവരറിയാതെ ചിത്രീകരിച്ചു നിയമവിരുദ്ധമായ ഇടപാടുകളിൽ പങ്കാളികളായെന്ന കേസും ഇവർക്കെതിരെയുണ്ട്. സോറനെറ്റിലെ ചില അംഗങ്ങൾ കുട്ടികളെ വരെ ഉൾപ്പെടുത്തി കൂട്ട മാനഭംഗങ്ങൾ ആസൂത്രണം ചെയ്തതായും ആരോപണമുണ്ട്. ഇരകളുടെ വിഡിയോ സൈറ്റിലൂടെ പ്രദർശിപ്പിച്ചിരുന്നു. വേശ്യാവൃത്തിയും ചൂതാട്ടവും ഒരുക്കുന്ന വെബ്സൈറ്റുകളുടെ പ്രചാരണത്തിൽ പങ്കാളികളായി സോറനെറ്റ് ഉടമകൾ ദശലക്ഷകണക്കിനു ഡോളർ സമ്പാദിച്ചതായാണ് അനുമാനം.

സ്കൂളുകൾ, ശുചിമുറികൾ, വസ്ത്രം മാറുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ സ്ത്രീകളെ രഹസ്യമായി ചിത്രീകരിക്കാൻ ശ്രമിച്ച പുരുഷൻമാർ പിടിയിലാകുന്നതു ദക്ഷിണ കൊറിയയിൽ നിത്യസംഭവമായിട്ടുണ്ട്. ഒളിക്യാമറ എന്ന വ്യാധി ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറികഴിഞ്ഞെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പ്രവർത്തനങ്ങള്‍ ചെറുക്കാൻ കൂടുതൽ ശക്തമായ നടപടികളും കുറ്റക്കാർക്കു കടുത്ത ശിക്ഷയും ഉറപ്പാക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

related stories