Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തായ്‌ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം ‘മാസങ്ങൾ’ വൈകാൻ സാധ്യത

cave-rescue-thailand താം ലുവാങ് ഗുഹയിലെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്ത് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നു.

ബാങ്കോക്ക്∙ തായ്‍ലൻഡിൽ ഗുഹയ്ക്കുള്ളിൽ അകപ്പെട്ട ഫുട്ബോൾ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും പത്താം ദിനം ജീവനോടെ കണ്ടെത്തിയെങ്കിലും ഇവരെ പുറത്തെത്തിക്കുന്നതിന് കാലതാമസം നേരിടുമെന്ന് സൂചന. വെള്ളപ്പൊക്കത്തിലായ ഗുഹയിലെ പാറയിൽ അഭയം തേടിയവരെ രക്ഷിക്കാനുള്ള നീക്കങ്ങൾ മാസങ്ങൾ നീണ്ടേക്കുമെന്ന് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു.

ഗുഹയിലെ പാതകളിൽ വെള്ളം നിറഞ്ഞതിനാൽ ഉള്ളിൽ അകപ്പെട്ടവരെ മുങ്ങാംകുഴിയിടുന്നതു പരിശീലിപ്പിച്ച് പുറത്തെത്തിക്കുകയോ അതുമല്ലെങ്കിൽ വെള്ളം താഴുന്നതു വരെ കാത്തിരിക്കുകയോ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ജലം താഴാനായി കാത്തിരിക്കേണ്ടി വന്നാൽ നാലു മാസമെങ്കിലും പുറത്തുനിന്ന് ഭക്ഷണവും മരുന്നും മറ്റും എത്തിക്കേണ്ടതായി വരുമെന്ന് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ടു ചെയ്തു.

മഴക്കാലത്ത് സാധാരണ നിറയാറുള്ള ഗുഹ തുടർന്ന് സെപ്റ്റംബർ, ഒക്ടോബർ മാസം വരെ വെള്ളപ്പൊക്കത്തിൽ അകപ്പെടുകയാണ് പതിവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ ചെളിനിറഞ്ഞതും തമ്മിൽ കാണാനാകാത്ത വിധത്തിൽ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങിനീന്തിയെത്താൻ കുട്ടികളെയും കോച്ചിനെയും പരിശീലിപ്പിക്കുകയെന്നത് ബുദ്ധിമുട്ടാകുമെന്നും സൂചനയുണ്ട്. ഗുഹയിൽ നിറഞ്ഞ വെള്ളം പമ്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങൾ വിജയം കാണുന്നുമില്ല.

ലോകം മുഴുവൻ ശ്വാസമടക്കി കണ്ട അപകടത്തിൽ ആശ്വാസവാർത്തയെത്തിയത് ഇന്നലെ രാത്രി ഒൻപതോടെയാണ്. രക്ഷാപ്രവർത്തകർ ആദ്യദിനം മുതൽ കരുതിയിരുന്നതു പോലെ 13 പേരും ഗുഹയ്ക്കുള്ളിൽ ‘പട്ടായ ബീച്ച്’ എന്നറിയപ്പെടുന്ന അറയ്ക്കുള്ളിൽ സുരക്ഷിതരായിരുന്നു. കനത്തമഴയിൽ ഗുഹയ്ക്കുള്ളിലേക്ക് ഇരച്ചെത്തിയ പ്രളയജലത്തിൽനിന്നു രക്ഷപ്പെടാൻ പട്ടായബീച്ചിലെ പാറക്കല്ലിനു മുകളിൽ അഭയം തേടിയിരിക്കുകയായിരുന്നു കുട്ടികളും കോച്ചും. 11–16 പ്രായക്കാരാണു കുട്ടികളെല്ലാവരും. ഇരുപത്തഞ്ചുകാരനാണു കോച്ച്. 

tham-Luang-cave-rescue കണ്ണിനു കുളിരായി: താം ലുവാങ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ട കുട്ടികളുടേതായി പുറത്തുവന്ന ആദ്യചിത്രം സന്തോഷത്തോടെ പ്രദർശിപ്പിക്കുന്ന കുടുംബാംഗങ്ങൾ. തായ് നാവികസേനയുടെ പ്രത്യേകദൗത്യസംഘമാണ് ഗുഹയ്ക്കുള്ളിൽ നിന്നു കുട്ടികളുടെ ചിത്രം പുറത്തു വിട്ടത്.

കഴിഞ്ഞ മാസം 23ന് ആണു 11നും 16നും ഇടയിൽ പ്രായമുള്ള 12 കുട്ടികളും കോച്ചും ഉത്തര തായ്‍ലൻഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ടത്. ഇവർ ഗുഹയിൽ കയറിയശേഷം കനത്തമഴയിൽ ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാൻ കഴിയാതെയായി. ഉള്ളിൽ വെള്ളം പൊങ്ങിയതനുസരിച്ചു കുട്ടികൾ ഗുഹയുടെ കൂടുതൽ ഉള്ളിലേക്കു പോയി. അതോടെ പുറത്തുവരാനുള്ള സാധ്യതകൾ തീർത്തും ഇല്ലാതാവുകയായിരുന്നു.

അതീവ ദുർഘടപാത താണ്ടിയ രക്ഷാദൗത്യം

1000 തായ് സൈനികർ. യുഎസ്, ചൈന, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ, താൽക്കാലിക ഹെലിപ്പാഡിൽ സർവസജ്ജമായ കോപ്റ്ററുകൾ, എന്തിനും തയാറായ മെഡിക്കൽ സംഘം, മാധ്യമപ്രവർത്തകർ – ഉത്തര തായ്‍ലൻഡിലെ വിദൂര ഗ്രാമത്തിലെ താം ലുവാങ് ഗുഹാമുഖത്ത് ഒരാഴ്ചയിലേറെയായി ഇവരെല്ലാം കാത്തുനിന്നു. ഒപ്പം, ഉള്ളിലകപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളും അധ്യാപകരും സഹപാഠികളും ബുദ്ധസന്യാസികളും. തായ്‍ലൻഡിലാകെ കുട്ടികൾക്കുവേണ്ടി പ്രാർഥനകൾ നടന്നു.

THAILAND-ACCIDENT/CAVE താം ലുവാങ് ഗുഹയ്ക്കുള്ളിൽ അകപ്പെട്ടവരെ കണ്ടെത്തിയതിന്റെ ആഹ്ലാദം പങ്കിടുന്ന തായ് രക്ഷാദൗത്യസംഘാംഗങ്ങള്‍.

അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളോടു മല്ലിട്ടായിരുന്നു രക്ഷാപ്രവർത്തനം. 10 കിലോമീറ്ററുള്ള ഗുഹയിലെ ഇടുങ്ങിയ പാറയിടുക്കുകൾ താണ്ടുക ശ്രമകരമായിരുന്നു. അതിനുപുറമേയായിരുന്നു വെള്ളക്കെട്ടും ചെളിക്കുണ്ടും കൂരിരുട്ടും. തായ്‍ലൻഡ് നാവികസേനയിലെ നീന്തൽ വിദഗ്ധർ അകത്തേക്കെത്തിയത് അതീവ ദുർഘടമായ ഈ വഴിപിന്നിട്ടാണ്. ഗുഹയുടെ അഞ്ചു കിലോമീറ്ററോളം ഉള്ളിലാണു കുട്ടികളെ കണ്ടെത്തിയത്.