Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിനോടും മഴയോടും 13 പേരുടെ പോരാട്ടം; ഗുഹയിലെ അതിജീവനം സ്ക്രീനിൽ

Thai Cave Rescue തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിലെ രക്ഷാപ്രവർത്തനം.

ചിയാങ് റായ്, തായ്‌ലൻഡ് ∙ ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ള സാഹസിക രംഗങ്ങളുടെ നേർക്കാഴ്ചയ്ക്കാണു കുറച്ചു ദിവസങ്ങളായി ലോകം സാക്ഷ്യം വഹിച്ചത്. തായ് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും 17 ദിവസങ്ങൾക്കു ശേഷം രക്ഷാസംഘം അതിസാഹസികമായി പുറത്തെത്തിച്ചപ്പോൾ ഹോളിവുഡ് ഭാവന പോലും ഞെട്ടി. കുട്ടികളും പരിശീലകനും ഗുഹയിലകപ്പെട്ടതും വിദേശത്തു നിന്നുൾപ്പെടെയുള്ള വിദഗ്ധരുടെ രക്ഷാശ്രമവും ഒരു രക്ഷാപ്രവർത്തകന്റെ മരണവുമെല്ലാം ആകാംക്ഷയോടെയാണു ലോകം വീക്ഷിച്ചത്.

എന്നാൽ ഇവയെല്ലാം ഉടനെ വെള്ളിത്തിരയിൽ കാണാമെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവം, സിനിമയാക്കുന്നതിനു വേണ്ടി പ്രമുഖ ഹോളിവുഡ് സിനിമാ നിർമാതാക്കൾ തായ്‌ലൻഡിൽ എത്തിക്കഴിഞ്ഞുവെന്നാണു ലഭിക്കുന്ന സൂചനകൾ. രക്ഷാപ്രവർത്തനങ്ങൾ നേരിട്ടു വീക്ഷിക്കുന്നതിനു പ്യുയർ ഫ്ലിക്സ് ഫിലിംസ് മാനേജിങ് പാർട്നർ മൈക്കൽ സ്കോട്ടും സഹനിർമാതാവ് ആദം സ്മിത്തുമാണു തായ് ലവാങ് ഗുഹാപരിസരത്ത് എത്തിയത്.

രക്ഷാദൗത്യത്തിനു നേതൃത്വം നൽകുന്നവരോടു നേരിട്ടു കാര്യങ്ങൾ ചോദിച്ചറിയുന്നതിനു വേണ്ടിയാണു സ്കോട്ടും സ്മിത്തും എത്തിയിരിക്കുന്നത്. അനേകം ആളുകൾക്കു പ്രചോദനമാകുന്ന സംഭവം എത്രയും വേഗം ബിഗ്സ്ക്രീനിൽ എത്തിക്കാനാണു ശ്രമമെന്നു ഇവർ പറഞ്ഞു. കൂടുതൽ വിവരശേഖരണത്തിനും അഭിമുഖങ്ങൾക്കും ഒരു തിരക്കഥാകൃത്തിനെ ഇവിടെയെത്തിക്കാനും പദ്ധതിയുണ്ട്. ഗുഹയ്ക്കുള്ളിൽ കുട്ടികളെ ആദ്യം കണ്ടെത്തിയ ബ്രിട്ടിഷ് ഡൈവേഴ്സിനെ കേന്ദ്രീകരിച്ചുള്ള ചിത്രത്തിന്റെ നിർമാണം അടുത്ത വർഷം അവസാനത്തോടെ ആരംഭിക്കുമെന്നാണു സൂചന.

രക്ഷാപ്രവർത്തനങ്ങൾക്കിടെ സിനിമാചർച്ചയുമായി എത്തിയ നിർമാതാക്കൾക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. എന്നാൽ കൂടുതൽ നിർമാതാക്കൾ എത്തുന്നതിനു മുൻപു കാര്യങ്ങൾ തീരുമാനിക്കേണ്ടതു കൊണ്ടാണു സംഭവങ്ങൾ തത്സമയം വീക്ഷിക്കാൻ തീരുമാനിച്ചതെന്നു സ്കോട്ടും സ്മിത്തും മാധ്യമങ്ങളോടു പറഞ്ഞു. 2014–ൽ പുറത്തിറങ്ങിയ ‘ഗോഡ്സ് നോട്ട് ഡെഡ്’ ആണ് പ്യുയർ ഫ്ലിക്സ് ഫിലിംസിന്റെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം.