Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യ നിർമാർജനം: കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് ലക്ഷം രൂപ പിഴ

Waste പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി ∙ ഖര മാലിന്യ നിർമാർജനത്തിനു നയമുണ്ടാക്കാത്തതിനും ചട്ടം  നടപ്പാക്കാത്തതിനും കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങൾക്കും  പുതുച്ചേരിക്കും ലക്ഷദ്വീപിനും സുപ്രീംകോടതി ഒരു ലക്ഷം രൂപ വീതം പിഴ ചുമത്തി. സംസ്ഥാനങ്ങൾക്ക് ഒരവസരംകൂടി നൽകുകയാണെന്നും  വീഴ്ച വരുത്തിയാൽ, ചീഫ് സെക്രട്ടറിമാർ ഹാജരായി എന്തുകൊണ്ട് ഇന്ത്യയിലെ നിയമം തങ്ങൾക്കു ബാധകമല്ലെന്നു വിശദീകരിക്കണമെന്നും ജഡ്ജിമാരായ മദൻ‍ ബി.ലൊക്കൂർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

2015 സെപ്റ്റംബറിൽ‍ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചു കുട്ടി മരിച്ചതിനെത്തുടർന്നു മാതാപിതാക്കൾ ജീവനൊടുക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, സുപ്രീംകോടതി സ്വമേധയാ മാലിന്യനിർമാർജനം സംബന്ധിച്ച് കേസെടുക്കുകയായിരുന്നു. 2016 ഏപ്രിലിൽ മാലിന്യ നിർമാർജനത്തിനുള്ള ചട്ടങ്ങൾ പ്രാബല്യത്തിലായി. ഒരോ സംസ്ഥാനവും നയമുണ്ടാക്കണമെന്നു ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നു. രണ്ടു വർഷം കഴിഞ്ഞെങ്കിലും മൂന്നിൽ രണ്ടു സംസ്ഥാനങ്ങളും നടപടിയെടുത്തിട്ടില്ലെന്നതു ഞെട്ടിപ്പിക്കുന്നുവെന്നു കോടതി വ്യക്തമാക്കി.

എന്തു നടപടിയെടുത്തുവെന്നു ഹരിയാന, ജാർഖണ്ഡ്, ഒഡീഷ, നാഗലാൻ‍ഡ് എന്നിവ സത്യവാങ്മൂലം നൽകി. സത്യവാങ്മൂലം തയാറാണെന്ന് സിക്കിം, അസം, യുപി, മണിപ്പൂർ, തെലങ്കാന എന്നിവ അറിയിച്ചു. മറ്റു സംസ്ഥാനങ്ങൾ നടപടിയെടുത്തിട്ടില്ല. പല തവണ ഈ സംസ്ഥാനങ്ങളെ ഓർമപ്പെടുത്തിയെന്ന് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾ കോടതിയുടെയോ സർക്കാരിന്റെയോ നിർദേശങ്ങൾ പാലിക്കാത്തതു ദുരന്തമാണെന്നു കോടതി കുറ്റപ്പെടുത്തി. ദയനീയമല്ല, ഞെട്ടിപ്പിക്കുന്ന സാഹചര്യമാണിത്. കാരണം, മാലിന്യ നിർമാർജമെന്നതു രാജ്യത്തെ വലിയ പ്രശ്നമാണെന്നും കോടതി പറഞ്ഞു.

ഉത്തരവുകൾ പാലിക്കാത്തതിൽ കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളുടെ അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നു. ഹാജരാകാതിരുന്ന സംസ്ഥാനങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതമാണു പിഴ. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ മാലിന്യ നിർമാർജന നയത്തിന്റെയും സത്യവാങ്മൂലത്തിന്റെയും പകർപ്പ് പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി ഹാജരാകുന്ന അഡീഷനൽ സോളിസിറ്റർ ജനറലിനും അമിക്കസ് ക്യൂറിക്കും നൽകാൻ കോടതി നിർദ്ദേശിച്ചു. കേസ് അടുത്ത മാസം ഏഴിനു വീണ്ടും പരിഗണിക്കും.

related stories