Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഡിയോ വന്ന വഴി തേടി പൊലീസ്; പീഡനക്കേസിൽ വൈദികന് കുരുക്ക് മുറുകുന്നു

Fr-Abraham-Varghese ഫാ.എബ്രഹാം വർഗീസ് (വിഡിയോ ദൃശ്യം)

പത്തനംതിട്ട∙ വീട്ടമ്മയെ ഓർത്തഡോക്സ് വൈദികർ മാനഭംഗം ചെയ്ത കേസിലെ ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസ് കൂടുതൽ നിയമക്കുരുക്കിലേക്ക്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർനടപടി ആരംഭിച്ചു. വിഡിയോയുടെ വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനു മണിക്കൂറുകൾമാത്രം മുൻപാണു ഒന്നാംപ്രതിയായ ഫാ. ഏബ്രഹാം വർഗീസ് വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇരയായ യുവതിക്കു സ്വഭാവദൂഷ്യമുണ്ടെന്നു വിഡിയോയിൽ പറഞ്ഞിരുന്നു. യുവതിയുടെ ഭർത്താവിന്റെ പേരും വിഡിയോയിലൂടെ വെളിപ്പെടുത്തി. സംഭവം വാർത്തയായതോടെ യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയതിനെതിരെ ഇരയായ യുവതി ക്രൈംബ്രാഞ്ചിനു പരാതി നൽകി. ഫാ. ഏബ്രഹാം വർഗീസിനെതിരെ കേസെടുക്കണമെന്നാണു പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

യുവതിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം പരാതി സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പരാതി അയയ്ക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. താൻ ഒളിവിലല്ല എന്നു കാണിക്കാൻ ഫാ. ഏബ്രഹാം വർഗീസ് ശ്രമിക്കുകയാണു ചെയ്തതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. വിഡിയോ പുറത്തുവന്നയുടൻതന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് വിശദാംശങ്ങൾ പരിശോധിച്ചു തുടങ്ങി.

വൈദികന്റെ ബന്ധുവാണു വിഡിയോ അപ്‌ലോഡ് ചെയ്തതെന്നാണു വിവരം. അതിരുവിട്ടു നടത്തിയ പരാമർശങ്ങൾ വൈദികനു പ്രതികൂലമായിത്തീരുമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. അതേസമയം, സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഒന്നാംപ്രതി ഫാ. ഏബ്രഹാം വർഗീസും നാലാംപ്രതി ഫാ. ജെയ്സ് കെ.ജോർജുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.