Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുനാഗപ്പള്ളിയിൽ അധ്യാപികയെ പുറത്താക്കിയ സംഭവം: നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ കരുനാഗപള്ളിയിൽ അച്ഛനും രണ്ടാനമ്മയും ചേർന്നു ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുകൊണ്ടുവന്ന അധ്യാപികയെ ജോലിയിൽ നിന്നു പിരിച്ചുവിട്ട സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ മാനേജ്മെന്റിന്റെ നടപടി ഒരു രീതിയിലും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും ഇത് ഉടൻ തന്നെ തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. പീഡനവിവരം പുറത്തുകൊണ്ടുവന്ന അധ്യാപികയ്ക്കുള്ള അഭിനന്ദനങ്ങളും മുഖ്യമന്ത്രി കുറിപ്പിൽ രേഖപ്പെടുത്തി.

ബുധനാഴ്ചയാണ് ഏഴുവയസ്സുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച കേസിൽ അച്ഛന്‍ അനീഷിനെയും രണ്ടാനമ്മ ആര്യയെയും കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയുടെ ക്ലാസ് ടീച്ചർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് ക്ലാസ് ടീച്ചറെ സ്കൂൾ മാനേജ്മെന്റ് പുറത്താക്കിയെന്ന തരത്തിലുള്ള വാർത്ത വന്നത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:

കുട്ടികൾ നമ്മുടെ നാടിന്റെ സമ്പത്താണ് . അവർ ശരിയായ ദിശയിൽ വളർന്നു വലുതാവുകയും വേണം. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്. അത്തരം ക്രൂരതകൾ ശ്രദ്ധയിൽപ്പെടുമ്പോൾ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുന്നത് അഭിനന്ദാർഹം തന്നെ.

കൊല്ലം കരുനാഗപ്പള്ളിയിൽ ഒരു പിഞ്ചോമനയക്ക് നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിത്. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് ആ സ്കൂൾ മാനേജ്മെന്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വീടു പോലെ തന്നെ കുട്ടികൾ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്കൂളുകൾ. ഇത്തരം വിഷയങ്ങളിൽ നിയമപരമായ മാർഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നൽ.

related stories