Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുല്ലപ്പെരിയാര്‍; ആശങ്ക പരത്തുന്ന സന്ദേശങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് അധികൃതര്‍

mullaperiyar-142

തിരുവനന്തപുരം∙ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍. മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്. അണക്കെട്ടിന് താഴെയുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി സഹകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു കേരള പൊലീസും അറിയിച്ചു. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങളാണു വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾക്ക് ആശങ്കയുണ്ടാകുന്ന സാഹചര്യത്തിൽ ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം അറിയിച്ചു. ഇതു സംബന്ധിച്ച് ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു പരാതി നൽകിയിരുന്നു.

മുല്ലപ്പെരിയാറിലെ സ്ഥിതി സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ റിപ്പോര്‍ട്ട് നല്‍കണം. നാഷനൽ ക്രൈസിസ് മാനേജ്മെന്റ് സമിതി, മുല്ലപ്പെരിയാർ സമിതി, രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ എന്നിവർ യോഗം ചേർന്നുവേണം റിപ്പോർട്ട് സമർപ്പിക്കാൻ. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ യോഗം പരിഗണിക്കണം. എന്തു തീരുമാനം എടുത്താലും ഉടൻ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് കേസ് വീണ്ടും പരിഗണിക്കും.

ജലനിരപ്പ് സുപ്രീംകോടതി അനുവദിച്ച പരിധിയായ 142 അടിക്കു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ഇടുക്കി സ്വദേശി റസല്‍ ജോയിയാണു ഹർജി സമർപ്പിച്ചത്. ഹര്‍ജി നാളെ രണ്ടു മണിക്കു വീണ്ടും പരിഗണിക്കും.