Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യമാരുടെ ക്രൂരതയ്ക്ക് ഇരയാകുന്നവർക്കായി ‘പുരുഷ കമ്മിഷൻ’ വേണം: ബിജെപി എംപിമാർ

man-in-jail

ന്യൂഡൽഹി∙ ഭാര്യമാരിൽനിന്ന് പീഡനം ഏൽക്കേണ്ടി വരുന്ന പുരുഷന്മാർക്കായി ദേശീയ വനിതാ കമ്മിഷൻ മാതൃകയിൽ ‘പുരുഷ് ആയോഗും’ വേണമെന്ന ആവശ്യവുമായി രണ്ടു ബിജെപി എംപിമാർ രംഗത്ത്. ഉത്തർപ്രദേശിലെ ഖോസിയിൽനിന്നുള്ള ബിജെപി എംപി ഹരിനാരായൺ രാജ്ബർ, ഉത്തർപ്രദേശിലെ ഹാർഡോയിയിൽനിന്നുള്ള ബിജെപി എംപി അൻഷുൽ വർമ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. നിയമം ദുരുപയോഗം ചെയ്തു ഭർത്താക്കൻമാരെ പീഡിപ്പിക്കുന്ന ഭാര്യമാർക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാൻ ഇത്തരമൊരു സംവിധാനം അത്യാവശ്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടി.

‘പുരുഷ് ആയോഗ്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. ഇതേ വിഷയം പാർലമെന്റിലും ഉന്നയിച്ചിട്ടുണ്ടെന്നും സമ്മേളനത്തിൽ ഇവർ വ്യക്തമാക്കി.

ഭാര്യമാരിൽനിന്നു കൊടും പീഡനമേൽക്കുന്ന പുരുഷൻമാരുടെ എണ്ണം വളരെയധികമാണ്. കോടതികൾക്കു മുന്‍പിൽ പോലും ഇത്തരം കേസുകൾ കൂടുതലായി എത്തുന്നുണ്ട്. സ്ത്രീകൾക്കു നീതി ഉറപ്പാക്കാൻ നിയമങ്ങളും മറ്റു സംവിധാനങ്ങളുമുണ്ട്. എന്നാൽ, പുരുഷൻമാരുടെ കാര്യത്തിൽ ഇതില്ല. ദേശീയ വനിതാ കമ്മിഷന്റെ മാതൃകയിൽ പുരുഷൻമാർക്കായും ഒരു വേദി വേണം – യോഗത്തിൽ സംസാരിക്കവെ രാജ്ബർ ആവശ്യപ്പെട്ടു.

‘എല്ലാ സ്ത്രീകളും തെറ്റുകാരാണെന്നോ എല്ലാ പുരുഷൻമാരും തെറ്റുകാരാണെന്നോ ഞാൻ പറയില്ല. എന്നാൽ, മറ്റുള്ളവരെ അനാവശ്യമായി ദ്രോഹിക്കുന്ന ആളുകൾ രണ്ടു വിഭാഗങ്ങളിലുമുണ്ട്. അതുകൊണ്ടുതന്നെ പുരുഷൻമാരുടെ വിഷമതകൾ കേൾക്കാനും പരിഹരിക്കാനും വേദി കൂടിയേ തീരൂ. പാർലമെന്റിലും ഈ വിഷയം ഞാൻ ഉന്നയിച്ചിട്ടുണ്ട് ’ – രാജ്ബർ കൂട്ടിച്ചേർത്തു.

അതേസമയം, 1998നും 2015നും ഇടയിൽ ഇന്ത്യയിലാകെ 27 ലക്ഷം പുരുഷൻമാരാണു സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ മൂലം അറസ്റ്റിലായതെന്ന് അന്‍ഷുൽ വർമ ചൂണ്ടിക്കാട്ടി. സമത്വത്തിനു വേണ്ടിയാണു തങ്ങൾ വാദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കേസുകളിൽ പുരുഷൻമാർക്കും നിയമത്തിന്റെ പരിരക്ഷ കിട്ടിയേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നു ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ അഭിപ്രായപ്പെട്ടു. എന്നാൽ, പുരുഷൻമാർക്കായി ഒരു കമ്മിഷൻ വേണമെന്നു തനിക്കു തോന്നുന്നില്ലെന്നും അവർ പറഞ്ഞു. സ്ത്രീകൾക്കെതിരെ പരാതിയുമായെത്തുന്ന പുരുഷൻമാരുടെ എണ്ണത്തിൽ വർധനവുണ്ടെന്നു വനിതാ, ശിശുക്ഷേമ വകുപ്പുമന്ത്രി മേനക ഗാന്ധി വ്യക്തമാക്കി. ഇത്തരം പുരുഷൻമാരുടെ പരാതി സ്വീകരിക്കാൻ മാത്രമായി വനിതാ കമ്മിഷന്റെ ഓൺലൈൻ കംപ്ലയിന്റ് സംവിധാനത്തിൽ ക്രമീകരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

related stories