Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2030–ൽ ബാങ്കോക്ക് ഉണ്ടാകുമോ?; പ്രളയ ഭീഷണിയിൽ വ‌ാണിജ്യ നഗരം

bangkok ബാങ്കോക്ക് നഗരം

ബാങ്കോക്ക് ∙ അടുത്ത പത്തു വർഷത്തിനുളളിൽ ബാങ്കോക്ക് നഗരത്തിന്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുമെന്നു കാലാവസ്ഥ നിരീക്ഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും മുന്നറിയിപ്പ്. ഈ വർഷാവസാനം പോളൻഡിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉച്ചക്കോടിക്കു മുന്നോടിയായുള്ള ചർച്ചകൾ തായ്‌ലൻഡ് തലസ്ഥാനമായ ‌ബാങ്കോക്കിൽ ചൊവ്വാഴ്ച ആരംഭിക്കുന്നുണ്ട്. ഇതിനിടെയാണു ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്ന വിവരങ്ങൾ പുറത്തുവന്നത്.

സമുദ്രനിരപ്പിൽ നിന്ന് അഞ്ചടി ഉയരത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന ബാങ്കോക്ക് ലോകത്തിൽ തന്നെ പ്രളയ ഭീഷണി നേരിടുന്ന ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. പരിസ്ഥിതി സംഘടനയായ ഗ്രീൻപീസിന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും നഗരം ഒന്നു മുതൽ രണ്ടു സെന്റിമീറ്റർ വരെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. സമീപ ഭാവിയിൽ തന്നെ നഗരം വെള്ളപ്പൊക്കം നേരിടേണ്ടി വരുമെന്നും ഇവർ പ്രവചിക്കുന്നു. കനത്ത മഴയും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും കാരണം 2030 നുള്ളിൽ ബാങ്കോക്കിന്റെ 40 ശതമാനവും വെള്ളത്തിലാവുമെന്നാണ് ലോകബാങ്ക് നൽകുന്ന സൂചനകൾ.

പതിറ്റാണ്ടുകൾക്കു ശേഷം 2011 ലാണ് തായ്‌ലൻഡിൽ ബാങ്കോക്ക് നഗരത്തെയാകെ മുക്കിയ വെള്ളപൊക്കമുണ്ടായത്. അതിസാഹസികമായി നിർമിച്ച അണക്കെട്ടുകളും കനാലുകളുമാണ് അന്ന് അവർക്ക് തുണയായത്. എന്നാൽ ഇപ്പോൾ നടക്കുന്ന പരിശോധനകളില്ലാത്ത നഗരവത്കരണവും തീരപ്രദേശങ്ങളുടെ അനധികൃതമായ കൈയ്യേറ്റവും സ്ഥിതിഗതികൾ രൂക്ഷമാക്കിയെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2011ലെ പ്രളയക്കാലത്ത് ഉണ്ടായിരുന്ന കനാലുകളിൽ പലതും ഇന്നു റോഡുകളായി മാറി, കണ്ടൽക്കാടുകൾ പലതും ചെമ്മീൻ പാടങ്ങളായി മാറി. ഈ മാറ്റങ്ങളൊക്കെ പ്രളയത്തെ നേരിടാനുള്ള ബാങ്കോക്കിന്റെ കരുത്തിനെ ഇല്ലാതാക്കിയെന്നാണു വിലയിരുത്തൽ.

വിദഗ്ധാഭിപ്രായങ്ങൾ കണക്കിലെടുത്തു കാലാവസ്ഥ വ്യതിയാനത്തെ കാര്യക്ഷമമായി തന്നെ നേരിടാനുള്ള ഒരുക്കത്തിലാണു സർക്കാർ. വെള്ളം ഒഴുക്കി കളയാനുള്ള ഭൂഗർഭ ടണലുകളുൾപ്പെടെ 2,600 കിലോമീറ്റർ നീളത്തിലുള്ള കനാൽ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ചുലലോങ്കോൺ സർവകലാശാലയുടെ നേതൃത്വത്തിൽ 11 ഏക്കർ വിസ്തൃതിയിൽ വെള്ളം ഒഴുക്കി കളയാനുള്ള സൗകര്യങ്ങളോടു കൂടിയ പാർക്കും കഴിഞ്ഞ വർഷം നിർമിച്ചു. എന്നാൽ ഈ ഒരുക്കങ്ങളല്ല, 2015ലെ പാരിസ് ഉടമ്പടി പ്രാവർത്തികമാക്കുക മാത്രമാണു വാണിജ്യ നഗരത്തെ രക്ഷിക്കാനുള്ള ഏക പോംവഴിയെന്നു വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.