Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എലിപ്പനി പ്രതിരോധത്തിനെതിരെ വ്യാജപ്രചാരണം; വടക്കാഞ്ചേരിക്കെതിരെ കേസ്

jacob-vadakkenchery-case ജേക്കബ് വടക്കാഞ്ചേരി

തിരുവനന്തപുരം ∙ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്തിയ പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എലിപ്പനി പ്രതിരോധമരുന്ന് ആരോഗ്യത്തിനു ഹാനികരമാണെന്ന പ്രചാരണത്തെത്തുടർന്ന് ഡിജിപിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി.‌

വടക്കാഞ്ചേരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡിജിപിക്കു കത്ത് നല്‍കിയിരുന്നു. പ്രളയത്തിനു ശേഷം എലിപ്പനി ഭീതിയിലാണ് കേരളം. ഈ സാഹചര്യത്തിലാണ് ‌സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവുമായി വടക്കാഞ്ചേരി രംഗത്തെത്തിയത്. നിപ്പ കാലത്തും സമാനമായ വ്യാജപ്രചാരണം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

വടക്കാഞ്ചേരി പറഞ്ഞത്

ഡോക്സിസൈക്ലിൻ പോലുള്ള മരുന്നുകള്‍ കഴിക്കുന്നത് അപകടകരമാണെന്നും കഴിച്ചാല്‍ ഉണ്ടാവുന്ന അപകടങ്ങളെക്കുറിച്ച് വിശദീകരിച്ചുമാണ് ജേക്കബ് വടക്കാഞ്ചേരി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. സര്‍ക്കാരും ആരോഗ്യ വകുപ്പും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇത്തരം മരുന്നുകള്‍ ശരീരത്തിലെത്തുന്ന മറ്റ് വസ്തുക്കളുമായുള്ള പ്രവര്‍ത്തനത്തെയും മറ്റു മരുന്നുകളുമായുണ്ടാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിഡിയോയിൽ പറയുന്നുണ്ട്. സാധാരണ നിലയില്‍ കഴിക്കാറുള്ള മരുന്നുകളോടൊപ്പം ഡോക്സിസൈക്ലിൻ കഴിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ജേക്കബ് വടക്കാഞ്ചേരി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാന്‍ വേണ്ടിയുള്ള നീക്കമാണ് ഇത്. മരുന്ന് വ്യവസായത്തിന് ചുവട് പിടിക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ ഇത്തരം നിര്‍ദേശങ്ങള്‍ക്ക് പിന്നിലെന്ന് വടക്കാഞ്ചേരി ആരോപിക്കുന്നു.

ആരോഗ്യമന്ത്രി പറഞ്ഞത്

എലിപ്പനി നിയന്ത്രണ വിധേയമാക്കുന്നതിന് ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നുണ്ട്. എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് ജേക്കബ് വടക്കാഞ്ചേരി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുകയാണ്. അടിയന്തര നടപടി ഇതിനെതിരെ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുന്നതിനെതിരെ വിവാദപരമായ പ്രസ്താവനകൾ നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കൊലപാതക ശ്രമത്തിനു കേസ് എടുക്കണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടിരുന്നു.


 

related stories