Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിക്ക് 80.37 കോടിയുമായി കേന്ദ്ര സർക്കാർ

valapattanam-river വളപട്ടണം പുഴ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനം ലക്ഷ്യമാക്കി മലനാട് മലബാർ ക്രൂസ് ടൂറിസം പദ്ധതിക്കു കേന്ദ്ര ടൂറിസം മന്ത്രാലയം 80.37 കോടി രൂപ അനുവദിച്ചു. സ്വദേശി ദർശൻ സ്‌കീമിന്റെ കീഴിലാണ് പണം അനുവദിച്ചിരിക്കുന്നതെന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം അറിയിച്ചു.

കണ്ണൂർ ജില്ലയിലെ വളപട്ടണം– കുപ്പം നദികളിൽ ജലയാത്ര പ്രമേയമാക്കിക്കൊണ്ടുള്ള വികസനമാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വഴി മൂന്നു ജലയാത്രകളാണു സാക്ഷാത്കരിക്കുന്നത്. മലബാറി പാചക ക്രമം പ്രമേയമാക്കിയുള്ള ജലയാത്ര (മുത്തപ്പൻ ക്രൂസ്) - വളപട്ടണം നദിയിൽ വളപട്ടണം മുതൽ മുനമ്പ്കടവു വരെയുള്ള 40 കിമീ ദൈർഘ്യമുള്ള ജലയാത്ര. തെയ്യം പ്രമേയമാക്കിയുള്ള ജലയാത്ര - വളപട്ടണം നദിയിൽ വളപട്ടണം മുതൽ പഴയങ്ങാടി വരെയുള്ള 16 കിമീ ദൈർഘ്യമുള്ള ജലയാത്ര. കണ്ടൽകാട് ജലയാത്ര - കുപ്പം നദിയിൽ പഴയങ്ങാടി മുതൽ കുപ്പം വരെയുള്ള 16 കിമീ ദൈർഘ്യമുള്ള ജലയാത്ര.

‌പദ്ധതിയുടെ കീഴിൽ പാസഞ്ചർ ടെർമിനലുകൾ, ബോട്ട് ടെർമിനലുകൾ, ബോട്ട് ജെട്ടികൾ, വള്ളംകളി കാണാനുള്ള ഗാലറികൾ, ഭക്ഷണശാലകൾ, ഓപ്പൺ എയർ തിയറ്ററുകൾ, കളിയങ്കണങ്ങൾ, ബയോ ടോയ്‍ലെറ്റുകൾ, കുടിവെള്ള സൗകര്യങ്ങൾ, നാടൻ വിഭവങ്ങൾ വിൽക്കുന്ന ഒഴുകുന്ന മാർക്കറ്റുകൾ, കരകൗശല സ്റ്റാളുകൾ, സൈക്കിൾ ട്രാക്കുകൾ, സോളർ വിളക്കുകൾ, സിസിടിവി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പിപിപി മോഡലിലാകും പദ്ധതി നടപ്പിലാക്കുക.

related stories