Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുവാഹത്തിക്കു സമീപം ബ്രഹ്മപുത്രയിൽ ബോട്ട് മുങ്ങി രണ്ടു മരണം; 26 പേരെ കാണാനില്ല

boat-accident-guwahati ബോട്ട് അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ നടത്തുന്നവർ. (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)

ന്യൂഡൽഹി∙ ഗുവാഹത്തിക്കു സമീപം ബ്രഹ്മപുത്രയിൽ ബോട്ടുമുങ്ങി രണ്ടു പേർ മരിച്ചു. 26 പേരെ കാണാതായി. നാൽപതിലധികം യാത്രക്കാരുമായി പോയ ബോട്ടാണു നദിയിൽ മുങ്ങിയത്. തീരത്തിന് 200 മീറ്റർ അകലെവച്ചാണ് ബോട്ടു മുങ്ങിത്താഴ്ന്നതെന്നാണു വിവരം. ബോട്ടു യാത്രികരിലേറെയും വിദ്യാർഥികളാണെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

നദിയിൽ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള തൂണിലിടിച്ചാണ് അപകടം. ഇതോടെ ബോട്ട് രണ്ടായി പിളർന്നു മുങ്ങുകയായിരുന്നു. യാത്രക്കാരിൽ ചിലർ നീന്തി രക്ഷപ്പെട്ടു. ആകെ 22 പേർക്കാണു ടിക്കറ്റ് നൽകിയതെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ബോട്ടിനുള്ളിൽ അതിലേറെ ആളുകളുണ്ടായിരുന്നതായി രക്ഷപ്പെട്ട യാത്രക്കാർ വെളിപ്പെടുത്തി. 

സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ 25 പേരുൾപ്പെടുന്ന സംഘം അപകടത്തിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബോട്ടിനുള്ളിൽ പത്തോളം ഇരുചക്ര വാഹനങ്ങളുമുണ്ടായിരുന്നു. അസം ഇൻലൻഡ് വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്മെന്റിന്റെ അനുമതിയോടെ സർവീസ് നടത്തിയിരുന്ന സ്വകാര്യ യാത്രാബോട്ടാണ് അപകടത്തിൽപ്പെട്ടത്.