Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഫാൽ ഇടപാടിൽ സ്റ്റേ ആവശ്യം: ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

Rafale Fighter Plane

ന്യൂഡൽഹി∙ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വിവാദമായ റഫാൽ വിമാന ഇടപാട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങുന്ന ബെഞ്ചാണ്, അഭിഭാഷകൻ എം.എല്‍. ശർമ നൽകിയ ഹർജി പരിഗണിക്കുന്നത്. റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുവാനുള്ള ഉടമ്പടിയിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്നും അതിനാൽ ഇടപാടു റദ്ദു ചെയ്യണമെന്നുമാണു ഹർജിക്കാരന്‍റെ ആവശ്യം. റഫാൻ കരാർ ഉയർത്തി മോദി സർക്കാരിനെതിരെ വൻ പ്രതിഷേധത്തിനു കോൺഗ്രസ് ഒരുങ്ങുമ്പോഴാണു കേസ് പരമോന്നത കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്.

റഫാൽ കരാറിനു പാർലമെന്‍റിന്‍റെ അംഗീകാരമില്ലെന്നും ഇതു ഭരണഘടനയുടെ അനുച്ഛേദം 253ന്‍റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ, റിലയൻസ് മേധാവി അനിൽ അംബാനി, ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് എയ്റോസ്പേസ് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടണമെന്നും കരാർ മൂലമുണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം ബന്ധപ്പെട്ടവരിൽനിന്നു തിരിച്ചു പിടിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

റഫാൽ ഇടപാടിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും വിമാനങ്ങൾ വാങ്ങുന്നതിലെ ചെലവു സംബന്ധിച്ച കണക്കുകൾ പാര്‍ലമെന്‍റിൽ വെളിപ്പെടുത്താൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവായ തെഹ്സിൻ എസ്. പൂനവാല നൽകിയ മറ്റൊരു ഹർജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഉടമ്പടിയിൽ 2016 സെപ്റ്റംബർ 23ന് ഒപ്പിടുന്നതിനു മുമ്പ് ചട്ടപ്രകാരം കേന്ദ്ര മന്ത്രിസഭയുടെ അനുമതി തേടാതിരുന്നതിനുള്ള കാരണം വ്യക്തമാക്കാൻ മോദി സർക്കാരിനോടു നിർദേശിക്കണമെന്നു പൂനവാല ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 126 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള 2007ലെ കരാർ പ്രതിരോധ മന്ത്രാലയം റദ്ദാക്കിയിരുന്നുവെന്നും 36 യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം തീർത്തും പുതിയ ഒന്നാണെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.