Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവായുധ നിർമാണത്തിൽ പാക്കിസ്ഥാൻ മുന്നേറുന്നു; 2025ൽ അഞ്ചാമത്തെ ശക്തിയാകും

pakistan-army പാക്ക് സൈന്യം (ഫയൽ ചിത്രം)

വാഷിങ്ടൻ ∙ ആണവായുധ നിർമാണ രംഗത്ത് പാക്കിസ്ഥാൻ അതിവേഗം മുന്നേറുകയാണെന്നും ഇങ്ങനെ പോയാൽ 2025 ഓടെ ലോകത്തെ അഞ്ചാമത്തെ ആണവായുധശക്തിയാകുമെന്നും പഠനങ്ങള്‍. 140 –150 ആണവായുധങ്ങളാണ് നിലവിൽ പാക്കിസ്ഥാന്‍റെ പക്കലുള്ളത്. 2025 ൽ ഇത് 220 –225 ആയി വർധിക്കാനാണ് സാധ്യതയെന്നും പാക്കിസ്ഥാന്‍റെ ആണവപദ്ധതികളെക്കുറിച്ച് പഠനം നടത്തുന്ന സംഘത്തിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2020 ആകുമ്പോഴേക്കും 60 മുതല്‍ 80 വരെ ആണവായുധങ്ങൾ പാക്കിസ്ഥാന്‍റെ കൈവശമുണ്ടാകുമെന്ന് യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി 1999 ൽ നടത്തിയ അനുമാനത്തെ കവച്ചുവയ്ക്കുന്നതാണ് നിലവിലെ കണക്കുകൾ.

ഹാൻസ് എം. ക്രിസ്റ്റൻസെൻ, റോബർട്ട് എസ്. നോറിസ്, ജൂലിയ ഡയമണ്ട് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. വാഷിങ്ടനിലെ ഫെ‍ഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സിലെ ആണവ വിവരശേഖരണ പദ്ധതിയുടെ ഡയറക്ടറാണ് ക്രിസ്റ്റൻസെൻ. തന്ത്രപരമായ ആണവായുങ്ങളുടെ കടന്നുവരവോടെ പാക്കിസ്ഥാന്‍റെ ആണവ സുരക്ഷിതത്വത്തെക്കുറിച്ചുള്ള യുഎസിന്‍റെ നിരീക്ഷണം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ വിശ്വാസത്തിൽനിന്ന് ആശങ്കയിലേക്കു വഴിമാറിയിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

നിർമ്മാണത്തിലിരിക്കുന്ന നാല് പ്ലൂട്ടോണിയം റിയാക്ടറുകള്‍, യുറേനിയം സമ്പുഷ്ടമാക്കാനുള്ള സംവിധാനങ്ങളുടെ വികസനം തുടങ്ങിയ വിവിധ വിക്ഷേപണ സംവിധാനങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എത്രയായാലും, പത്തു വർഷത്തിനകം വലിയ തോതിൽ വർധിക്കാവുന്ന തരത്തിലുള്ള ആണവശേഖരണം പാക്കിസ്ഥാന്‍റെ കൈവശമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. പാക്കിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളുടെയും വ്യോമസേനാ താവളങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിൽ ആണവശേഖരണവുമായി ബന്ധമുണ്ടായേക്കാവുന്ന മൊബൈൽ ലോഞ്ചറുകളുടെയും ഭൂഗർഭ സംവിധാനങ്ങളുടെയും സാന്നിധ്യം വ്യക്തമാണ്. 

അണുഭേദന സാധ്യതയുള്ള വസ്തുക്കളുടെയും ആണവായുധങ്ങളുടെയും നിർമാണം വർധിപ്പിച്ചും കൂടുതൽ വിക്ഷേപണ സൗകര്യങ്ങളൊരുക്കിയും പാക്കിസ്ഥാൻ തങ്ങളുടെ ആണവശക്തി അനുദിനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ തങ്ങളുടെ ആണവശക്തി എത്രമാത്രം വർധിപ്പിക്കുന്നു എന്നതിനനുസരിച്ചാകും ഇക്കാര്യത്തിൽ പാക്കിസ്ഥാന്‍റെ മുന്നേറ്റമുണ്ടാകുകയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആണവപ്രാപ്തിയുള്ള എത്രമാത്രം വിക്ഷേപിണികൾ വിന്യസിക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നവെന്നതും ഇക്കാര്യത്തിൽ നിർണായകമാകും.

ആണവവാഹകശേഷിയുള്ള ഹ്രസ്വദൂര ആയുധങ്ങളുടെ നിർമാണത്തിനാണ് പാക്കിസ്ഥാൻ ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എതിരാളികളിൽ നിന്നുള്ള ആണവ ആക്രമണങ്ങളോടു പ്രതികരിക്കാനും പാക്ക് മേഖലയിലേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം തടയാനും കഴിയുന്ന പ്രതിരോധ സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎസ് പോലെയുള്ള രാജ്യങ്ങൾ ആശങ്കയോടെയാണ് ഇതിനെ കാണുന്നതെന്നും റിപ്പോർട്ട് പറയുന്നു.