Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാനത്ത് ഭരണ സ്തംഭനമില്ല; ചെന്നിത്തലയെ തള്ളി മുഖ്യമന്ത്രിയുടെ ഓഫിസ്

pinarayi-vijayan-ramesh-chennithala മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം ∙ കേരളത്തില്‍ ഭരണം സ്തംഭിച്ചുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. പ്രളയദുരിതാശ്വാസം, പുനരധിവാസം എന്നീ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി അതിന്‍റെ പ്രവര്‍ത്തനം നല്ല നിലയില്‍ നിര്‍വഹിച്ചുവരുന്നതായി മുഖ്യമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പിൽ അറിയിച്ചു. 

കഴിഞ്ഞ ആഴ്ച ഉപസമിതി യോഗം ചേർന്നു. സെപ്റ്റംബര്‍ 12നും സമിതി ചേരുന്നുണ്ട്. ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഈ കമ്മിറ്റി നല്ല രീതിയില്‍ അവലോകനം ചെയ്യുകയും ഏകോപിപ്പിക്കുയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. ദുരിതാശ്വാസത്തിന്‍റെ ഭാഗമായുളള 10,000 രൂപ ധനസഹായത്തിന് അര്‍ഹരായ 6,05,555 പേരില്‍ 4,95,000 പേര്‍ക്ക് ചൊവ്വാഴ്ച ഉച്ചയോടെ തുക ലഭ്യമാക്കി. ബാക്കിയുളളവര്‍ക്കു ബുധനാഴ്ചയോടെ സഹായം ലഭിക്കും. കിറ്റ് വിതരണം ഇതനികം തന്നെ പൂര്‍ത്തിയായി. 7,18,674 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. 

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ലഭിച്ചിട്ടുള്ള സാധനങ്ങള്‍ അര്‍ഹരായവര്‍ക്കു വിതരണം ചെയ്യുന്നതിനു മാര്‍ഗരേഖ ഉണ്ടാക്കി. മന്ത്രിസഭാ ഉപസമിതി അംഗീകരിച്ച മാര്‍ഗരേഖ പ്രകാരം നിശ്ചയിച്ച വസ്തുക്കള്‍ വിതരണം ചെയ്യുകയാണ്. പ്രളയക്കെടുതിക്ക് ഇരയായവരുടെ പുനരധിവാസം, കേരളത്തിന്‍റെ മെച്ചപ്പെട്ട നിലയിലുളള പുനര്‍നിര്‍മാണം എന്നിവയാണ് ഇനി സര്‍ക്കാരിന്‍റെ മുൻപിലുളള പ്രധാന അജൻഡ. ഇതു സംബന്ധിച്ച വ്യക്തമായ പ്രവര്‍ത്തനങ്ങള്‍ക്കു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിരുന്നു. സ്ഥലത്തില്ലെങ്കിലും ഉയര്‍ന്നുവരുന്ന പ്രധാന കാര്യങ്ങളില്‍ മുഖ്യമന്ത്രി തന്നെ തീരുമാനം എടുക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. വിദേശത്തുപോയ ശേഷം ഓഗസ്റ്റ് മൂന്നു മുതല്‍ ഒൻപതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പാക്കി.

മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വിവിധ ജില്ലകളില്‍ വിഭവസമാഹരണത്തിന്‍റെ ചുമതലയിലാണ് ഇപ്പോള്‍ മന്ത്രിമാര്‍. മന്ത്രിസഭാ ഉപസമിതിയില്‍ അംഗങ്ങളല്ലാത്ത മന്ത്രിമാര്‍ ബുധനാഴ്ചയും വിവിധ ജില്ലകളില്‍ ഈ ചുമതലകള്‍ നിര്‍വഹിക്കും. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ലോകബാങ്ക്, എഡിബി, ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നീ ഏജന്‍സികളുടെ പ്രതിനിധികള്‍ ഓഗസ്റ്റ് 29-ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായി ലോകബാങ്ക്-എഡിബി സംഘം കേരളത്തില്‍ വന്നു നാശനഷ്ടം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. കുറച്ചു ദിവസത്തിനകം ഈ വിലയിരുത്തല്‍ പൂര്‍ത്തിയാകും. അതിനുശേഷമായിരിക്കും സംസ്ഥാനത്തിനുളള സഹായം സംബന്ധിച്ചു തീരുമാനം എടുക്കുകയെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

related stories