Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശമ്പളം പിടിച്ചുവാങ്ങല്‍ നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണം: ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കേരളീയ സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന, ശമ്പളം പിടിച്ചുവാങ്ങല്‍ നീക്കത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശമ്പളം നല്‍കാന്‍ തയാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന ഉത്തരവു ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം പിന്‍വലിക്കണം. മന്ത്രിസഭ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി ഈ ഉത്തരവ് ഇറക്കിയ ധനമന്ത്രി തോമസ് ഐസക് തെറ്റു പറ്റിയെന്നു പരസ്യമായി സമ്മതിക്കണം. പ്രളയത്തിനുശേഷം കേരളത്തിലുണ്ടായ ഐക്യ അന്തരീക്ഷം സര്‍ക്കാര്‍ ശമ്പള പ്രശ്നം കൈകാര്യം ചെയ്തു പൂര്‍ണമായി നശിപ്പിച്ചെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടു ദിവസത്തെ ശമ്പളം നല്‍കാന്‍ ഒരു ജീവനക്കാരനും വിസമ്മതം അറിയിച്ചില്ല. ഒരുമാസത്തെ ശമ്പളം ഘട്ടംഘട്ടമായി നല്‍കണമെന്ന നിര്‍ദേശവും പൊതുവില്‍ അനുകൂല പ്രതികരണമാണു സൃഷ്ടിച്ചത്. എന്നാല്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവ് ഈ മനോഭാവത്തിനു ചേര്‍ന്നതല്ല. ശമ്പളം നല്‍കാത്തവരും നല്‍കുന്നവരുമെന്നു സര്‍ക്കാര്‍ ജീവനക്കാരെ രണ്ടായി തിരിക്കുകയാണു സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ശമ്പളം നല്‍കാത്തവരെ തിരഞ്ഞുപിടിച്ചു ശത്രുപക്ഷത്താക്കി മുദ്രകുത്താനാണു നീക്കം. അതിനാണു വിസമ്മതപത്രം വാങ്ങുന്നത്. വിസമ്മതം അറിയിച്ചാല്‍ സ്വന്തം സംഘടനയുടെ നേതാവാണെങ്കിലും നാടുകടത്തുമെന്ന ഭീഷണിയാണു മുഴക്കുന്നത്. വിസമ്മതപത്രമെന്നതു മാറ്റി സമ്മതപത്രമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

ആഘോഷങ്ങള്‍ വേണ്ടെന്ന ഉത്തരവ് എങ്ങനെ ഇറങ്ങിയെന്നു പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സേച്ഛാധിപത്യമാണ് കേരളത്തില്‍ നടക്കുന്നത്. മന്ത്രിമാര്‍ വിവരങ്ങളറിയുന്നില്ല. സിപിഐ ഒന്നുമറിയുന്നില്ല. റവന്യൂമന്ത്രി നോക്കുകുത്തിയാണ്. കേരളത്തിലാകെ നടക്കുന്നതു പിരിവ് മാത്രമാണ്.

ഹാരിസണ്‍ കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പരാജയം ചോദിച്ചു വാങ്ങുകയായിരുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കൃത്യമായി കേസ് നടത്താതെയും രേഖകളെല്ലാം ഹാജരാക്കാതെയും ഹൈക്കോടതിയില്‍ കേസ് അട്ടിമറിച്ചതിന്റെ തുടര്‍ച്ചയാണു സുപ്രീംകോടതിയിലും നടന്നത്. ഹാരിസണ്‍ കേസ് സമര്‍ഥമായി നടത്തിയിരുന്ന സുശീല ഭട്ടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റി. ഇടതു സര്‍ക്കാര്‍ വന്നതിനുശേഷം ഭൂമിക്കേസുകളിലെല്ലാം തോറ്റു കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

related stories