Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവ, മിസൈൽ പരീക്ഷണ കേന്ദ്രങ്ങളിലെ പരിശോധനയ്ക്ക് ഉത്തര കൊറിയ സമ്മതിച്ചു: യുഎസ്

United States - North Korea മൈക്ക് പോംപെയോ, കിം ജോങ് ഉൻ (ഫയൽ ചിത്രം)

സോൾ∙ ഉത്തര കൊറിയയിലെ ആണവ, മിസൈൽ പരീക്ഷണ സ്ഥലങ്ങളിൽ രാജ്യാന്തര പരിശോധന സംഘത്തിനു പ്രവേശനം അനുവദിക്കാമെന്ന് കിം ജോങ് ഉൻ സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ആണവനിരായുധീകരണത്തിന്‍റെ പുരോഗതിയമായി ബന്ധപ്പെട്ടു കിമ്മുമായി നടത്തിയ ചർച്ചകള്‍ക്കു ശേഷമാണു പോംപെയോ ഇക്കാര്യം അറിയിച്ചത്. സന്ദർശനം ഏതു രീതിയിലാകണമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയശേഷം, ഒരു ആണവ കേന്ദ്രവും ഒരു മിസൈൽ നിർമാണ കേന്ദ്രവുമാകും രാജ്യാന്തര നിരീക്ഷകര്‍ സന്ദർശിക്കുക. സന്ദർശനത്തിനു മുമ്പ് ഒട്ടേറെ കാര്യങ്ങളിൽ ധാരണയിലെത്തേണ്ടതുണ്ടെന്നും പോംപെയോ ചൂണ്ടിക്കാട്ടി.

കിമ്മും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശ ധാരണയായെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. കൂടിക്കാഴ്ചയുടെ വേദിയും സമയവും തീരുമാനിക്കാൻ ധാരണയായിട്ടുണ്ട്. ജൂണിൽ സിംഗപ്പൂരിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയ്ക്കു ശേഷം രണ്ടാം കൂടിക്കാഴ്ച അഭ്യർഥിച്ച് കിം നേരത്തെ ട്രംപിന് കത്തയച്ചിരുന്നു. കൂടിക്കാഴ്ച എത്രയും പെട്ടെന്നു നടത്താനാണു തത്വത്തിൽ ധാരണയിലെത്തിയിട്ടുള്ളത്.

പോംപെയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കിം സന്തുഷ്ടി പ്രകടിപ്പിച്ചതായി ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. സൗഹാർദ്ദപരവും ക്രിയാത്മകവുമായ ചർച്ചകളാണു നടന്നതെന്നും അഭിപ്രായങ്ങൾ പരസ്പരം കൈമാറിയതായും കിം അഭിപ്രായപ്പെട്ടു. ആണവ നിരായുധീകരണത്തിന്‍റെ കാര്യത്തിൽ മറ്റൊരു നിർണായകമായ ചുവടുവയ്പ്പായിരുന്നു ചർച്ചയെന്നും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്നുമാണു പോംപെയോ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്. ജൂലൈയിൽ പോംപെയോ നടത്തിയ സന്ദർശനത്തോട് ഉത്തര കൊറിയ അത്ര അനുകൂലമല്ലാതെയായിരുന്നു പ്രതികരിച്ചിരുന്നത്. ഗുണ്ടാ തലവനെപ്പോലെ ആവശ്യങ്ങൾ മുന്നോട്ടുവയ്ക്കുകയാണു പോംപിയോ ചെയ്തതെന്നായിരുന്നു ഉത്തര കൊറിയയുടെ നിലപാട്.