Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിയിൽ ഉണർവ്; ബാങ്കിങ്, ഓട്ടോ ഷെയറുകളിൽ മികച്ച വ്യാപാരം

sensex-bull

കൊച്ചി ∙ ഓഹരി വിപണിയിൽ നിക്ഷേപകർക്കു പ്രതീക്ഷ പകർന്ന് ഉണർവോടെ തുടങ്ങിയ വ്യാപാരം മികച്ച നിലയിലേക്ക്. ഇന്നലെ 10512.50 ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ 10550.15 ലും തുടർന്ന് 10600.15 പോയിന്റ് വരെയും എത്തി. സെൻസെക്സ് ഇന്നലെ 34865.10 ൽ ക്ലോസ് ചെയ്തെങ്കിലും ഇന്നു രാവിലെ 35004.33 ലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 35190.31 പോയിന്റ് വരെയും ഉയർച്ച കാണിച്ചു. വിപണിയിൽ സെൻസെക്സ്, നിഫ്റ്റി പോയിന്റുകളുടെ മൊത്തത്തിൽ ഉള്ള വർധനയെ അപേക്ഷിച്ച് കൂടുതൽ മികച്ച നിലയിലുള്ളത് ബാങ്കിങ് സെക്ടർ ഷെയറുകളാണെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. 

നിഫ്റ്റി ഇന്ന് 10600 കടന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ഈ നില ശരാശരിയായി നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രത്യേക കാരണം കൊണ്ട് ഇതിനു മുകളിലെത്തിയാൽ നിഫ്റ്റി 10770 വരെ എത്തി ക്ലോസ് ചെയ്തേക്കാമെന്നാണ് കണക്കുകൂട്ടുന്നത്. 

വിപണിയിൽ ഇപ്പോൾ 1373 ഷെയറുകൾ പോസറ്റീവ് ട്രെൻഡും 284 ഷെയറുകൾ നെഗറ്റീവ് ട്രെൻഡുമാണ് കാണിക്കുന്നത്. ബാങ്കിങ് ഓട്ടോ ഷെയറുകളാണ് ഇന്ന് ഏറ്റവും ഉയർന്ന നിലയിലുള്ളത്. ഓട്ടോ, മെറ്റൽ, ഫിനാൻസ്, റിയൽറ്റി ഓഹരികളും ഉയർന്ന നിലയിലാണുള്ളത്. അതേസമയം ഐടി ഷെയറുകൾ വിപണിയിൽ ഇടിവു പ്രവണത തുടരുകയാണ്. നിഫ്റ്റിയിൽ എംആൻഡ്എം, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി ഷെയറുകൾ മികവു പുലർത്തുന്നു. യുഎസ് വിപണി ഇന്നലെ നേരിയ ഇടിവോടെ ക്ലോസ് ചെയ്തെങ്കിലും യൂറോപ്പ് വിപണിയിൽ നേരിയ ഉണർവ് ദൃശ്യമാണ്. ഏഷ്യൻ വിപണിയിലാകട്ടെ സംയുക്ത പ്രവണതയാണുള്ളത്.  

ക്രൂഡോയിലിൽ നേരിയ വിലവർധന ഉണ്ടായെങ്കിലും അത് ഓഹരി വിപണിയെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്ത്യൻ കറൻസി ഡോളറിനെതിരെ നേരിയ ഇടിവാണ് പ്രകടമാക്കുന്നത്. ഇന്നലെ ക്ലോസ് ചെയ്യുമ്പോൾ 73.83ലായിരുന്ന ഇന്ത്യൻ രൂപ ഇപ്പോൾ 73.86ലാണ് വ്യാപാരം തുടരുന്നത്.