Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപകർ ലാഭമെടുത്തു; വിപണി കൂപ്പുകുത്തി; രൂപയ്ക്കും ഇടിവ്

sensex-down

കൊച്ചി ∙ മൂന്നു ദിവസമായി തുടർന്നു വന്ന ഉണർവിനൊടുവിൽ നിക്ഷേപകർ ലാഭമെടുത്തു തുടങ്ങിയതോടെ ഇന്ത്യൻ ഓഹരി വിപണി അപ്രതീക്ഷിതമായി കൂപ്പുകുത്തി. നാളെ അവധിയായതും ഇന്ത്യൻ വിപണിയിലെ ഇടിവിനു കാരണമായെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. നിഫ്റ്റി 1.2 ശതമാനം (131.70 പോയിന്റ്) ഇടിവിൽ 10453.05 ൽ ക്ലോസ് ചെയ്തു. സെൻസെക്സാകട്ടെ 1.09 ശതമാനം ഇടിവിൽ 34779.58 ൽ ക്ലോസ് ചെയ്തു. 382.90 പോയിന്റ് ഇടിവാണ് ബിഎസ്ഇയിലുണ്ടായത്.

വരും ദിവസങ്ങളിൽ നിഫ്റ്റി വ്യാപാരം 10500 ന് താഴെത്തന്നെയാണു നിൽക്കുന്നതെങ്കിൽ നിക്ഷേപകർ വിൽപനയ്ക്കുള്ള പ്രവണത കാണിച്ചേക്കാം. എന്നാൽ 10500 ന് മുകളിലേക്കു വന്നാൽ ഇത് മുൻനിലയിലേക്കെത്തുകയും 10700 കടക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ഏഷ്യൻ വിപണി മികച്ച നിലയിലാണ് ക്ലോസ് ചെയ്തതെങ്കിലും യൂറോപ്യൻ വിപണിയിൽ നെഗറ്റീവ് വ്യാപാരമാണ് നടക്കുന്നത്.

പബ്ലിക് സെക്ടർ ബാങ്കുകളും ഓട്ടോ സെക്ടറും റിയൽറ്റിയുമാണ് നഷ്ടം വരുത്തിയതെങ്കിൽ എസ്എംസിജിയും ഐടിയുമാണ് ഉയർന്നു നിന്നത്. വിപണിയിൽ 1345 സ്റ്റോക്കുകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ 403 സ്റ്റോക്കുകൾ ഉണർവോടെ ക്ലോസ് ചെയ്തിട്ടുണ്ട്. ഇന്ത്യാ ബുൾ ഹൗസിങ് ഫിനാൻസ്, ബജാജ് ഫിനാൻസ്, യെസ്ബാങ്ക്, അദാനി പോർട് തുടങ്ങിയ ഷെയറുകളാണ് ഏറ്റവും നഷ്ടം നേരിട്ടത്.

എച്ച്സിഎൽ ടെക്, വിപ്രോ, കോൾ ഇന്ത്യ, ഇൻഫോസിസ് തുടങ്ങിയ ഷെയറുകൾ വിപണിയിൽ ഇടിവു പ്രവണത കാണിക്കാതെ ക്ലോസ് ചെയ്തു. ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇന്നു നില മെച്ചപ്പെടുത്താനായില്ല. ഇന്നലെ 73.46 ൽ ക്ലോസ് ചെയ്ത രൂപ ഇപ്പോൾ 73.64 ലാണ് ട്രേഡിങ് നടക്കുന്നത്. ഒരുവേള ഇത് 73.37 വരെ എത്തിയെങ്കിലും നില മെച്ചപ്പെടുത്താനായില്ല. ക്രൂഡോയിൽ വിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.