Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ ഇടിവു തന്നെ; രൂപ നില മെച്ചപ്പെടുത്തുന്നു

BSE-Bombay-Stock-Exchange ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ഫയൽ ചിത്രം)

കൊച്ചി ∙ യൂറോപ്പ്, യുഎസ്, ഏഷ്യൻ വിപണികളിലെ ഇടിവിന്റെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ് തുടരുന്നു. എച്ച്1ബി വീസയിൽ മാറ്റങ്ങളുണ്ടാകുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും ചൈന – യുഎസ് വ്യാപാരത്തർക്കത്തിലെ അനിശ്ചിതത്വവും ഓഹരി വിപണിയെ പിടിച്ചുലച്ച അവസ്ഥയാണുള്ളത്. ഇന്നു രാവിലെ നിഫ്റ്റി ഇടിവോടെയാണ് വ്യാപാരം ആരംഭിക്കുന്നത്. തുടർന്ന് 10249.60 വരെ താണെങ്കിലും നേരിയ ഉയർച്ച കാണിച്ച് 10303.70 ന് 149.50 പോയിന്റ് ഇടിവിൽ വ്യാപാരം ക്ലോസ് ചെയ്തു. സെൻസെക്സാകട്ടെ ഓപ്പണിങ്ങിനെ അപേക്ഷിച്ച് 463.96 പോയിന്റ് ഇടിവിൽ 343015.63 ന് ക്ലോസ് ചെയ്തു. യുഎസ് പലിശനിരക്കിലെ വർധന യുഎസ് വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്. 

ഐടി, മീഡിയ, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകളാണ് ഇന്ന് കാര്യമായി ഇടിവു രേഖപ്പെടുത്തിയത്. അതേസമയം എഫ്എംസിജി, മെറ്റൽ നേരിയതാണെങ്കിലും ഉയർച്ച രേഖപ്പെടുത്തി. ഇന്ന് വിപണിയിൽ 531 ഷെയറുകൾ പോസിറ്റീവ് പ്രവണത കാണിച്ചപ്പോൾ 1214 ഷെയറുകളാണ് ഇടിവോടെ ക്ലോസ് ചെയ്തത്. ഹിന്ദു പെട്രോ, സൺ ഫാർമാ, വേദാന്ത തുടങ്ങിയ സ്റ്റോക്കുകൾ ഇടിവു നേരിടാതെ പിടിച്ചു നിന്നു. എന്നാൽ ഇന്ത്യാബുൾ ഹൗസിങ് ഫിനാൻസ്, എച്ച്സിഎൽ, യെസ് ബാങ്ക്, റിലയൻസ് തുടങ്ങിയ സ്റ്റോക്കുകൾ കാര്യമായ വിൽപന പ്രവണത കാണിച്ചു. 

വരുന്നയാഴ്ച നിഫ്റ്റി 10300 ന് താഴെത്തന്നെ നിൽക്കുകയാണെങ്കിൽ 10200 – 10000 നിലയിലേക്ക് ഇടിയാമെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. ഉയർച്ച രേഖപ്പെടുത്തിയാലും 10520 എന്ന റെസിസ്റ്റൻസ് ലവലിലായി നിലനിൽക്കും. ഫിനാൻഷ്യൽ സർവീസ് സെക്ടറിലെ പ്രശ്നങ്ങളും രാജ്യാന്തര വിപണിയിലെ ഇടിവും മറ്റും ദൃശ്യമാക്കുന്നത് വരും ദിവസങ്ങളിലും വിൽപന പ്രവണത തുടരാമെന്നു തന്നെയാണെന്നും ജോസ് മാത്യു പറയുന്നു. 

ഇന്ത്യൻ രൂപ ഡോളറിനെതിരെ നില കാര്യമായി മെച്ചപ്പെടുത്തുന്നതായാണ് കാണുന്നത്. ഒരു വേള 73.65 വരെ എത്തിയെങ്കിലും ഇപ്പോൾ 73.31നാണ് വ്യാപാരം നടക്കുന്നത്. ക്രൂഡോയിൽ വിലയിൽ കുറവാണ് കാണിക്കുന്നത്.