Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രത്തിന്റേത് കേരളത്തെ എങ്ങനെ കൂടുതൽ തള്ളിത്താഴേക്കിടാമെന്ന നിലപാട്: മുഖ്യമന്ത്രി

pinarayi-vijayan

തൃശൂർ∙ കേരളത്തെ എങ്ങനെ പ്രളയത്തിൽനിന്നു കൈപിടിച്ചു കയറ്റാമെന്നല്ല, എങ്ങനെ കൂടുതൽ തള്ളിത്താഴേക്കിടാം എന്നതാണു കേന്ദ്രസർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘നവകേരള സൃഷ്ടിക്കു വേണ്ടെടുപ്പ്’ എന്ന പേരിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളം പുനർനിർമിക്കപ്പെട്ടുകൂടാ എന്നൊരു മനോഭാവം കേന്ദ്രസർക്കാരിനുണ്ടെന്ന് അവരുടെ നിലപാടുകൾ സൂചിപ്പിക്കുന്നു. മുൻപേ ഇത്തരമൊരു നിലപാട് പ്രകടമായിരുന്നെങ്കിലും സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിക്കുന്നു എന്നുള്ളതുകൊണ്ടു മാത്രം ഞങ്ങൾ ഒരുതരം പൊട്ടൻകളി തുടരുകയായിരുന്നു.

തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് അവരുടെ മനോഭാവം. യുഎഇ മനസറിഞ്ഞു സഹായിക്കാനൊരുങ്ങിയപ്പോൾ എന്തിനു തടസം നിന്നു? ഗുജറാത്തിൽ ദുരന്തമുണ്ടായപ്പോൾ ഇക്കൂട്ടർ തന്നെ വിദേശ സഹായം സ്വീകരിച്ചതാണ്. കേരളത്തിന്റെ കാര്യത്തിൽ എന്തേ ഇതു ബാധകമല്ല? പ്രവാസി മലയാളികളിൽനിന്നു സഹായം സ്വീകരിക്കാൻ മന്ത്രിമാർ വിദേശയാത്രയ്ക്കൊരുങ്ങിയപ്പോഴും അനുവാദം നൽകാതെ തടഞ്ഞു.

കേരളം ഇന്നത്തെ കേരളമായതിൽ കേരളത്തിലെ പൊതുപ്രസ്ഥാനങ്ങൾക്കെല്ലാം പങ്കുണ്ട്. ഒരുകൂട്ടർക്കു മാത്രം പങ്കില്ല. അത് ആർഎസ്എസും ബിജെപിയുമാണ്. കേരളത്തിന്റെ വളർച്ചയിൽ അവർക്കൊരു പങ്കുമില്ല. കേന്ദ്രം ഭരിക്കുന്ന സർക്കാരിനെ ക‍ൂട്ടുപിടിച്ച് ഏതെല്ലാം കാര്യങ്ങളിൽ ഉടക്ക് ഉണ്ടാക്കാമോ അതിനെല്ലാം ശ്രമിക്കുന്നു. ദുരന്തത്തിൽനിന്ന് അതിജീവിക്കുന്ന കാര്യത്തിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വേർതിരിവു പാടില്ല. പക്ഷേ, നാടിനെ തകർക്കാനും ഭിന്നിപ്പിക്കാനും വലിയ ശ്രമം നടക്കുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ട സംഭവമുണ്ടായി. അരക്കില്ലം പോലെ ചുടാനായിരുന്നു ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories