Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിട്ടാക്കടം പെരുകാന്‍ കാരണം റിസര്‍വ് ബാങ്ക്: വിമർശിച്ച് ജയ്റ്റ്ലി

Arun-Jaitley അരുൺ ജയ്റ്റ്ലി വാർത്താസമ്മേളനത്തിനിടെ

ന്യൂഡല്‍ഹി ∙ റിസര്‍വ് ബാങ്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 2008-2014 കാലയളവില്‍ ബാങ്കുകള്‍ വിവേചനരഹിതമായി വായ്പ അനുവദിച്ചതു നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയാതിരുന്നതാണു നിലവില്‍ കിട്ടാക്കടം നിയന്ത്രണാതീതമാകാന്‍ കാരണമെന്നു ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരത്തെ ചൊല്ലി ധനമന്ത്രാലയവും ബാങ്കും തമ്മില്‍ രൂക്ഷമായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണു ജയ്റ്റ്‌ലിയുടെ പ്രസ്താവന.

റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതു മഹാവിപത്താകുമെന്നു ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വി.ആചാര്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ നയങ്ങളില്‍ ഇളവു വരുത്താനും അധികാരങ്ങള്‍ വെട്ടിച്ചുരുക്കാനും ധനമന്ത്രാലയം നടത്തുന്ന സമ്മര്‍ദത്തിനെതിരായ ചെറുത്തുനില്‍പിന്റെ സൂചനയായാണ് ഇതു വിലയിരുത്തപ്പെട്ടത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അറിവോടെയാണ് ആചാര്യ പ്രസ്താവന നടത്തിയതെന്നാണു സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് റിസര്‍വ് ബാങ്കിനെതിരേ തുറന്നടിച്ച് ധനമന്ത്രി തന്നെ രംഗത്തെത്തിയത്. സര്‍ക്കാര്‍ നടപടികളെ ബാങ്ക് മറ്റൊരു തരത്തിലാണു വിലയിരുത്തുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

രാജ്യാന്തര സാമ്പത്തിക പ്രതിസന്ധിക്കു ശേഷം 2008 മുതല്‍ 2014 വരെ ബാങ്കുകളോടു വാതിലുകള്‍ തുറന്നിടാനും വിവേചനരഹിതമായി വായ്പ നല്‍കാനും അന്നത്തെ യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ജയ്റ്റ്‌ലി പറഞ്ഞു. ഇതു നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിച്ചില്ല. ഇതോടെ രാജ്യത്തെ പ്രതിവര്‍ഷ വായ്പാവിതരണ തോത് 14 ശതമാനത്തില്‍നിന്ന് 31 ശതമാനമായി കുതിച്ചുയര്‍ന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ പരിഷ്‌കാരങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 2014-ല്‍ ബിജെപി അധികാരത്തിലെത്തുമ്പോള്‍ 3.8 കോടി ആളുകളാണ് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ 4 വര്‍ഷത്തിലുള്ളില്‍ ഇത് 6.8 കോടിയായി. ഈ വര്‍ഷം 7.6 കോടിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

related stories