Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണിയിൽ ഐശ്വര്യക്കാഴ്ച; നേട്ടത്തിൽ ക്ലോസ് ചെയ്ത് മുഹൂർത്ത വ്യാപാരം

sensex-bull

കൊച്ചി∙ ഓഹരി വിപണിയിൽ ഐശ്വര്യത്തിന്റെ പ്രതീക്ഷ നൽകി മുഹൂർത്ത വ്യാപാരം നേട്ടത്തിൽ ക്ലോസ് ചെയ്തു. നാലു വർഷം തുടർച്ചയായി നഷ്ടത്തിൽ ക്ലോസ് ചെയ്ത ശേഷം ഈ വർഷം പോസറ്റീവ് പ്രവണതയിലാണ് വിപണി ക്ലോസ് ചെയ്തത്.

കഴിഞ്ഞ ദിവസം 10,530ൽ ക്ലോസ് ചെയ്ത നിഫ്റ്റി സംവത് 2075 മുഹൂർത്ത വ്യാപാരം തുടക്കം തന്നെ നേട്ടത്തോടെ 10,614.45 ൽ ആയിരുന്നു. ഒരുവേള 10,616.45 വരെ എത്തിയ നിഫ്റ്റി 10598.40 ലാണ് മുഹൂർത്ത വ്യാപാരം അവസാനിപ്പിച്ചത്. 34,991.91 ൽ  കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെൻസെക്സ് .70% നേട്ടത്തിൽ 35237.68ലാണ് ക്ലോസ് ചെയ്തത്. വരും വർഷവും വിപണിയിൽ നിക്ഷേപകർ പ്രതീക്ഷവയ്ക്കുന്നതിന്റെ പ്രതിഫലനം കൂടിയാണ് നേട്ടത്തോടെയുള്ള മുഹൂർത്ത വ്യാപാരത്തിന്റെ ക്ലോസിങ്.

വരും ദിവസങ്ങളിൽ നിഫ്റ്റിയിൽ പ്രതീക്ഷിക്കുന്ന റെസിസ്റ്റൻസ് ലവൽ 10,700 –10,840 ആയിരിക്കുമെന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തി. സപ്പോർട്ട് ലവൽ 10,500 – 10,400 ആയിരിക്കും. നിഫ്റ്റി 10,400ന് താഴേയ്ക്ക് വ്യാപാരമുണ്ടായാൽ മാത്രം വിൽപന പ്രവണത പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് വിലയിരുത്തൽ. യുഎസ്, യൂറോപ്യൻ വിപണികൾ പോസറ്റീവായത് മുഹൂർത്ത വ്യാപാരത്തിലും പോസറ്റീവ് പ്രവണത നൽകിയിട്ടുണ്ട്. ഏഷ്യൻ വിപണി ബുധനാഴ്ച സമ്മിശ്ര പ്രവണതയാണ് പ്രകടമാക്കിയത്. 

നിഫ്റ്റിയിൽ എല്ലാ സെക്ടറും ബുധനാഴ്ച പോസറ്റീവായാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, എഫ്എംസിജി, ഐടി, മെറ്റൽസ് സെക്ടറുകളാണ് മികച്ച നേട്ടം കൈവരിച്ചവ. 1352 സ്റ്റോക്കുകൾ ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ 288 സ്റ്റോക്കുകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. എംആൻഡ്എം, ഇൻഫോസിസ്, ഹിന്ദ് പെട്രോ, ബിപിസിഎൽ ഷെയറുകൾ മികച്ച ലാഭം കൈവരിച്ചപ്പോൾ ആക്സിസ് ബാങ്ക്, സിടെലി സ്റ്റോക്കുകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഡോളറിനെതിരെ ഇന്ത്യൻ രൂപ  നേട്ടത്തിലായിരുന്നു വ്യാപാരം. ക്രൂഡിന് വിലവർധന ദൃശ്യമായി. 

ഇന്ധന വിലയിലെ അസ്ഥിരതയും രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പിൻമാറ്റവും അമേരിക്കൻ ഫെഡറലിന്റെ പലിശനിരക്ക് വർധനയും എല്ലാമായി കഴിഞ്ഞ സംവത് അവസാനമായപ്പോഴേയ്ക്ക് വിപണി അനിശ്ചിതാവസ്ഥയിലാകന്ന കാഴ്ചയാണ് ദൃശ്യമായത്.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും എന്തു നയപരമായ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുന്നതെന്ന അനിശ്ചിതാവസ്ഥയുമാണ് ഇപ്പോൾ വിപണിയിൽ നിലനിൽക്കുന്നത്. എന്നാൽ ആഭ്യന്തര നിക്ഷേപകരുടെ വർധനവും കമ്പനികളുടെ മികച്ച പ്രകടനങ്ങളുമെല്ലാം വിപണിയെ സഹായിക്കുമെന്നാണ് പ്രതീക്ഷ.