Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര്യസമരം എന്നു കേള്‍ക്കുന്നതേ ഇവർക്ക് അലര്‍ജി: സംഘപരിവാറിനെതിരെ മുഖ്യമന്ത്രി

Pinarayi Vijayan മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ വാഗൺ ട്രാജഡി ചിത്രീകരിച്ച ചുമർ ചിത്രം തിരൂർ റെയിൽവേ സ്‌റ്റേഷനിൽനിന്നു മാറ്റിയതിനെതിരെ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണു ചിത്രം നീക്കാന്‍ റെയില്‍വെയുടെ ഉന്നത അധികാരികള്‍ തീരുമാനിച്ചത്. സ്വാതന്ത്ര്യസമരം എന്നു കേള്‍ക്കുന്നതു തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ്സിന് ഒരു പങ്കുമില്ലെന്നതു ചരിത്രസത്യമാണ്. ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ തന്നെ ഇവർ ഭയപ്പെടുന്നതില്‍ അദ്ഭുതമില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ പിണറായി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ കുറിപ്പിൽനിന്ന്:

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര്‍ ചിത്രം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നു നീക്കിയ നടപടി അത്യന്തം ഹീനമാണ്. നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ അവഹേളിക്കലാണിത്. ദേശാഭിമാനികളും ജനാധിപത്യ വിശ്വാസികളുമായ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണം.

റെയില്‍വെ സ്റ്റേഷനുകള്‍ ഭംഗിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ദേശീയതലത്തില്‍ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണു ചരിത്ര സംഭവങ്ങളും സാംസ്കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുളള തീരുമാനമുണ്ടായത്. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡിയുടെ ചുവര്‍ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍റെ ചിത്രവും വരച്ചിരുന്നു. എന്നാല്‍ ചില സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നീക്കാന്‍ റെയില്‍വെയുടെ ഉന്നത അധികാരികള്‍ തീരുമാനിക്കുകയാണുണ്ടായത്.

വാഗണ്‍ ട്രാജഡി ചിത്രം സംഘപരിവാറിനെ ഇത്രയും വിറളിപിടിപ്പിക്കുന്നതു എന്തുകൊണ്ടാണെന്നു നാം തിരിച്ചറിയണം. ബ്രിട്ടിഷുകാര്‍ക്കെതിരെ 1921ല്‍ നടന്ന മലബാര്‍ കലാപത്തില്‍ പങ്കെടുത്ത നൂറോളം പേരെ തടവുകാരായി പിടിച്ചശേഷം ഗൂഡ്സ് വാഗണില്‍ കുത്തിനിറച്ച് കോയമ്പത്തൂരിലെ പോത്തന്നൂര്‍ ജയിലിലേക്കു കൊണ്ടുപോവുകയാണുണ്ടായത്. പോത്തന്നൂരില്‍ എത്തിയപ്പോള്‍ ജയിലില്‍ സ്ഥലമില്ലെന്നു പറഞ്ഞു തിരിച്ചയച്ചു. അടച്ചുമൂടിയ വാഗണില്‍ ശ്വാസം കിട്ടാതെ 67 പേരാണു മരിച്ചത്. ബ്രിട്ടിഷുകാര്‍ക്കെതിരെ ദേശീയതലത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തിയ സംഭവമായിരുന്നു ജാലിയന്‍ വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന വാഗണ്‍ ട്രാജഡി.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണാധികാരം ഉപയോഗിച്ച് ഇന്ത്യയുടെ ചരിത്രം വികൃതമായി മാറ്റിയെഴുതാന്‍ ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയുന്നതാണ്. ഇപ്പോള്‍ സ്വാതന്ത്ര്യസമരം എന്നുകേള്‍ക്കുന്നതു തന്നെ ഇക്കൂട്ടര്‍ക്ക് അലര്‍ജിയായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ്സിന് ഒരു പങ്കുമില്ലെന്നതു ചരിത്രസത്യമാണ്. സന്ദര്‍ഭം കിട്ടിയപ്പോഴെല്ലാം ബ്രിട്ടിഷുകാര്‍ക്കു വേണ്ടി വിടുവേല ചെയ്ത പാരമ്പര്യമാണ് ആര്‍എസ്എസ്സിനുളളത്.

ഇത്തരം ആളുകള്‍ ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണ ഏടുകള്‍ ഓര്‍ക്കാന്‍ തന്നെ ഭയപ്പെടുന്നതില്‍ അദ്ഭുതമില്ല. എന്നാല്‍ ഇന്ത്യന്‍ റെയില്‍വെ പോലുളള പൊതുസ്ഥാപനം സംഘപരിവാറിന്‍റെ താല്‍പര്യത്തിനു വഴങ്ങി വാഗണ്‍ ട്രാജഡി ചിത്രം മാറ്റാന്‍ തീരുമാനിച്ചതു ദേശവിരുദ്ധ നടപടിയായിട്ടേ കാണാന്‍ കഴിയൂ. ഈ നടപടി തിരുത്തണമെന്നു റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

related stories