Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈഎസ്പിയുടെ അക്രമം നേരില്‍ കണ്ടു; ഭീഷണിയുടെ നിഴലില്‍ മാഹിന്‍

sanal-murder-dysp-harikumar സനല്‍, ഡിവൈഎസ്പി ഹരികുമാർ

തിരുവനന്തപുരം ∙ റോഡരികിലെ തര്‍ക്കത്തിനിടെ, ഡിവൈഎസ്പി കാറിനു മുന്നിലേക്കു തള്ളിയിട്ട സനലെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ ദൃക്സാക്ഷി മാഹിന്‍ ഓരോ ദിവസവും തള്ളിനീക്കുന്നത് ഭീതിയില്‍. ഗുണ്ടാ ഭീഷണിയെത്തുടര്‍ന്ന് മാഹിന്‍ നെയ്യാറ്റിന്‍കര പൊലീസിന് പരാതി നല്‍കി.

മാഹിന്റെ ഹോട്ടലായ സുല്‍ത്താനയില്‍നിന്ന് സനല്‍ ഭക്ഷണം കഴിക്കുമ്പോഴാണ് റോഡില്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനെ സംബന്ധിച്ച് ഡിവൈഎസ്പി ഹരികുമാറുമായി തര്‍ക്കം ഉണ്ടാകുന്നത്. കാര്‍ മാറ്റുന്നതിനിടെ സനലിനെ ഡിവൈഎസ്പി അടിക്കുന്നതിനും മാഹിന്‍ സാക്ഷിയായിരുന്നു. ക്രൈംബ്രാഞ്ച് സംഘമെത്തി മൊഴിയെടുത്തു പോയതിനുശേഷമാണ് ഗുണ്ടകളുടെ ഭീഷണി ആരംഭിച്ചത്. രണ്ടു തവണയാണ് മാഹിനെ ഭീഷണിപ്പെടുത്താന്‍ ഗുണ്ടാ സംഘങ്ങളെത്തിയത്. നാലുപേരാണ് ആദ്യമെത്തി ഭീഷണിപ്പെടുത്തിയതെന്ന് മാഹിന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. പിന്നീട് ഒരാളെത്തി ഭാര്യ നൂര്‍ജഹാനെ ഭീഷണിപ്പെടുത്തി. സംഭവം നടന്നതിനുശേഷം രണ്ടു ദിവസം കട തുറന്നു. ഭീഷണി വന്നപ്പോള്‍ പൂട്ടി.

‘എന്റെ ജീവന് എന്തെങ്കിലും പറ്റുമോ എന്നറിയില്ല. ഞാന്‍ കണ്ട കാര്യങ്ങളാണ് പറഞ്ഞത്. കടയ്ക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്’- മാഹിന്‍ പറയുന്നു. നെയ്യാറ്റിന്‍കര എസ്ഐക്ക് ഇന്നലെ വൈകിട്ടാണ് മാഹിന്‍ പരാതി നല്‍കിയത്. പൊലീസ് സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പു കിട്ടിയതോടെ കുടുംബത്തിന് ആശ്വാസമായിട്ടുണ്ട്.

‘വ്യാപാരി വ്യവസായി സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. നാട്ടുകാരും പിന്തുണയ്ക്കുന്നു. ഇന്ന് വ്യാപാരി സംഘടനയുടെ പൊതുയോഗം ചേരുന്നുണ്ട്. നാളെ കട തുറക്കാനാണ് തീരുമാനം’ - മാഹിന്‍ പറഞ്ഞു.

മൂന്നു വര്‍ഷമായി മാഹിന്‍ കട തുടങ്ങിയിട്ട്. രാത്രി 11 മണിവരെ തുറന്നിരിക്കുന്ന ഹോട്ടലാണ്. സനല്‍ സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത് ഈ ഹോട്ടലില്‍നിന്നാണ്. ചിലപ്പോള്‍ കുടുംബവുമായും എത്തിയിരുന്നു. ഡിവൈഎസ്പിക്ക് മണല്‍, ക്വാറി മാഫിയ സംഘങ്ങളുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ ശക്തി തെളിയിക്കുന്നതാണ് ഈ സംഭവങ്ങളെന്ന് നാട്ടുകാര്‍ പറയുന്നു. മാഫിയ സംഘങ്ങള്‍ ഒരുക്കിയ ഒളിയിടത്തിലാണ് ഡിവൈഎസ്പിയുള്ളതെന്നാണ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതിനെതിരെ നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.