Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാൻ കോൺഗ്രസിന്റെ കോ–‘പൈലറ്റ്’; വിജയത്തിന്റെ യുവശിൽപി

Sachin Pilot സച്ചിൻ പൈലറ്റ്

ജയ്പുർ∙ ആധുനിക യുവത്വത്തിന്‍റെ പ്രതിനിധിയായ സച്ചിൻ പൈലറ്റിനെ രാജസ്ഥാന്‍ കോൺഗ്രസിന്‍റെ കപ്പിത്താനായി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി നിയോഗിക്കുമ്പോൾ പലർക്കും ഒരു സംശയം ബാക്കിയുണ്ടായിരുന്നു – നാഗരിക ജീവിത ശൈലി ഏറെ ഇഷ്ടപ്പെടുന്ന സച്ചിന് സംസ്ഥാനത്തിന്‍റെ ഹൃദയസ്പന്ദനമായ ഗ്രാമങ്ങളിൽ എത്രമാത്രം പ്രഭാവം ചെലുത്താനാകുമെന്ന്. ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചു സംസ്ഥാനത്ത് കോൺഗ്രസ് ഒരിക്കൽ കൂടി വിജയവഴികളിൽ തിരിച്ചെത്തിയതോടെ കുറിക്കപ്പെട്ടത് ആ ആശങ്കയ്ക്കുള്ള ഉത്തരമാണ്.

ദേശീയ രാഷ്ട്രീയത്തിൽ കേന്ദ്രമന്ത്രിസ്ഥാനം വരെ വഹിച്ചു തിളങ്ങിനിന്നിരുന്ന കാലത്താണ് രാജസ്ഥാനിലേക്ക് സച്ചിൻ പൈലറ്റ് നിയോഗിക്കപ്പെടുന്നത്. സാഹസിക ദൗത്യങ്ങളെ ഇഷ്ടപ്പെടുന്ന സച്ചിൻ, പുതിയ വെല്ലുവിളിയെ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു. സംസ്ഥാനത്ത് കോൺഗ്രസിന് ഒരു തിരിച്ചുവരവു സാധ്യമാകണമെങ്കിൽ ആദ്യം വേണ്ടത് അടിത്തട്ടു മുതൽ സംഘടന കാര്യക്ഷമമാക്കുകയാണെന്നു തിരിച്ചറിയാൻ ഈ യുവനേതാവിന് അധികസമയം വേണ്ടി വന്നില്ല. സംസ്ഥാനത്ത് മുക്കിലും മൂലയിലുമെത്തി പ്രവർത്തകരുമായി ആശയവിനിമയം നടത്താൻ സച്ചിൻ ചെലവിട്ട നിമിഷങ്ങളാണ് ഒരർഥത്തിൽ കോൺഗ്രസിന്‍റെ ഭാവി തിരുത്തിക്കുറിച്ചത്.

Sachin Pilot | Rahul Gandhi രാഹുല്‍ ഗാന്ധിക്കൊപ്പം സച്ചിന്‍ പൈലറ്റ്. (തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ചിത്രം)

അശോക് ഗെലോട്ടിനെ പോലെയുള്ള മുതിർന്ന നേതാക്കളെയും അടിത്തട്ടിലുള്ള സാധാരണ പ്രവർത്തകരെയും ടെക്നോളജിയോട് ആഭിമുഖ്യം പുലർത്തുന്ന യുവ തലമുറയെയും ഒരുപോലെ കോർത്തിണക്കുന്ന കണ്ണിയായി മാറാൻ സച്ചിന്‍ പൈലറ്റിനായി. ആര്‍ക്കും ഏതുസമയത്തും സമീപിക്കാവുന്ന ഒരു തോഴന്‍റെ പ്രതിച്ഛായ സൃഷ്ടിക്കാനാണു സച്ചിന്‍ പരിശ്രമിച്ചത്. പാർ‌ട്ടിക്കകത്തും എതിർനിരയിലും ഒരുപോലെ അംഗീകാരം പിടിച്ചുപറ്റാൻ തന്‍റെ നിലപാടുകളിലൂടെ ഈ യുവനേതാവിനു കഴിഞ്ഞു. രാജേഷ് പൈലറ്റിന്‍റെ മകനെന്ന ലേബലും ദേശീയ രാഷ്ട്രീയത്തിൽനിന്നു സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പറിച്ചുനടൽ അനായാസമാക്കാൻ സച്ചിനെ സഹായിച്ചു. നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ ടോങ്കിൽനിന്നു മിന്നുംജയം കരസ്ഥമാക്കിയാണ് ഉപമുഖ്യമന്ത്രി പദത്തിലേക്കു സച്ചിൻ നടന്നടുത്തത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായിരുന്ന രാജേഷ് പൈലറ്റിന്റെയും കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായിരുന്ന രമ പൈലറ്റിന്റെയും മകനാണ് സച്ചിൻ. രാഷ്ട്രീയത്തിലിറങ്ങും മുൻപു ബിബിസിയിലും ജനറൽ മോട്ടോഴ്സിലും ജോലി നോക്കി. 2012 ൽ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടു. സിഖ് റജിമെന്റിലെ 124 ടിഎ ബറ്റാലിയനിൽ ലഫ്‌റ്റനന്റ് ആയി സേവനം നടത്തി. രണ്ടു തവണ ലോക്സഭാംഗംമായി.

Sachin Pilot

അച്ഛൻ രാജേഷ് പൈലറ്റിന്റെ സീറ്റായിരുന്ന ദൗസയിൽനിന്നും അജ്മേറിൽനിന്നുമാണു സച്ചിൻ ലോക്സഭയിലെത്തിയത്. മൻമോഹൻ സിങ് മന്ത്രിസഭയിൽ കമ്പനികാര്യ മന്ത്രിയായിരുന്നു. രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനായി അറിയപ്പെടുന്ന സച്ചിൻ, 36ാം വയസ്സിൽ പിസിസി അധ്യക്ഷനായി. ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകൾ സാറയാണു ഭാര്യ. രണ്ടു മക്കൾ.