Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്എസ് ആരുടെയും തൊഴുത്തിൽ ഒതുങ്ങില്ല: കോടിയേരിക്കു മറുപടി

G. Sukumaran Nair

ചങ്ങനാശ്ശേരി∙ വനിതാ മതില്‍ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായർ. മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എൻഎസ്എസ് എന്നു കോടിയേരി ഒാര്‍ക്കണമെന്ന് സുകുമാരൻ നായർ പറഞ്ഞു. അതിനു ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്.

എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. നിരീശ്വരവാദത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസിനെ ആര്‍എസ്എസ് വിഴുങ്ങുമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്എസിനെ ആക്ഷേപിക്കാൻ ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തില്‍ പറ്റിയ വീഴ്ചകള്‍ തിരുത്താനാണു സ്വയം ശ്രമിക്കേണ്ടതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമം സമുദായംഗങ്ങള്‍ തിരിച്ചറിയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സുകുമാരന്‍ നായര്‍ തയാറാകണം. വനിതാമതിലില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസുകാരാണന്നും കോടിയേരി ആരോപിച്ചിരുന്നു.