Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്‍ഗ്രസുകാരായ എന്‍എസ്എസ് അംഗങ്ങള്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കരുത്: ചെന്നിത്തല

ramesh-chennithala-and--pinarayi-vijayan രമേശ് ചെന്നിത്തല, പിണറായി വിജയൻ

കോഴിക്കോട് ∙ ഇല്ലാത്ത ഒന്നിനെതിരെ പോരാട്ടം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അഭിനവ ‘ഡോൺ ക്വിക്സോട്ട്’ ആണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുണ്ട കാലഘട്ടമാണിതെന്നു പിണറായി മാത്രമേ പറയുന്നുള്ളൂ. സിപിഎമ്മാണു കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്നത്. വനിതാ മതിലിലും അയ്യപ്പജ്യോതിയിലും യുഡിഎഫ് പങ്കെടുക്കില്ല. വനിതാ മതിൽ വർഗീയ മതിലാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.

സിപിഎമ്മിന്റെ ഫണ്ട് ഉപയോഗിച്ചാണു മതിൽ കെട്ടേണ്ടത്. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനുള്ള എൻഎസ്എസ് നിലപാടിനോടു യോജിപ്പില്ല. കോൺഗ്രസ് പ്രവർത്തകരായ എൻഎസ്എസ് അംഗങ്ങൾ ജ്യോതിയിൽ അണിചേരരുതെന്നു നിർദേശം നൽകും. അയ്യപ്പജ്യോതി സംഘടിപ്പിക്കുന്ന ശബരിമല കർമസമിതി ആട്ടിൻതോലിട്ട ചെന്നായയാണ്. അവരുടെ മുന്നിലും പിന്നിലും ആർഎസ്എസാണ്.

വനിതാ മതിലിലേക്കു ചില ജാതിസംഘടനകളെ മാത്രമാണു സർക്കാർ ക്ഷണിച്ചത്. മുസ്‍ലിം, ക്രൈസ്തവ സംഘടനകൾ ഈ നാട്ടിൽ നവോത്ഥാനത്തിന് ഒരു സംഭാവനയും നൽകിയിട്ടില്ലെന്നാണോ പിണറായി പറയുന്നത്? വനിതാ മതിൽ കെട്ടാൻ സർക്കാരിന്റെ പണം ചെലവാക്കില്ലെന്നു നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി അവകാശലംഘനമാണു നടത്തിയത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടിസ് നൽകും.

സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികൾക്കു വകയിരുത്തിയ 50 കോടിയിൽനിന്നു വനിതാ മതിലിനു പണമെടുക്കുമെന്ന നിലപാട് ജനത്തെ കബളിപ്പിക്കലാണ്, ചട്ടലംഘനമാണ്. മുഖ്യമന്ത്രിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കും. സ്ത്രീസുരക്ഷയ്ക്കായി മാറ്റിവച്ച തുക വനിതാ മതിലിന് ഉപയോഗിക്കുന്നതിനു ന്യായീകരണമില്ല.

തുക ചെലവഴിക്കാൻ കാലതാമസം വരുത്തിയതിനു വനിതാ, ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ മറുപടി പറയണം. പ്രളയാനന്തര പുനർനിർമാണത്തിനായി ആ പണം ഉപയോഗിച്ചിരുന്നുവെങ്കിൽ പരാതി പറയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

related stories