Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പ് അവസാനിക്കുന്നു; സ്റ്റൈൽ മന്നന്റെ പാർട്ടി നവംബറിൽ റിലീസ്..!

rajnikanth-pa-ranjith

ചെന്നൈ ∙ പുതിയ രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയുള്ള രജനി ആരാധകരുടെ കാത്തിരിപ്പിനു നവംബറിൽ അവസാനമാകുമെന്നു സൂചന. നവംബറോടെ രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രധാന ഉപദേശകരിലൊരാളും ഗാന്ധി മക്കൾ ഇയക്കം നേതാവുമായ തമിഴരുവി മണിയൻ അറിയിച്ചു. തമിഴ് ദ്വൈവാരികയ്ക്കു നൽകിയ അഭിമുഖത്തിലാണു മണിയൻ ഇക്കാര്യം അറിയിച്ചത്.കമൽ ഹാസനും രജനീകാന്തും സിനിമയിലെന്ന പോലെ രാഷ്ട്രീയത്തിലും രണ്ടു ശൈലിയുടെ  ഉടമകളാണ്. കമൽ ഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഏറെ മുന്നോട്ടുപോയി. എന്നാൽ പാർട്ടി രൂപീകരിക്കുന്നതിനു മുൻപു താഴെ തട്ടിൽ പ്രവർത്തകരെ ഒരുമിച്ചു നിർത്താനാണു രജനീകാന്തിന്റെ ശ്രമം.

അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മൽസരിക്കുമെന്നു രജനി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത മേയിൽ നടക്കുന്ന തിരഞ്ഞെടുപ്പിനായി ഈ വർഷം അവസാനത്തോടെ പാർട്ടി സജ്ജമാകുമെന്നു മണിയൻ പറഞ്ഞു.മറ്റു പാർട്ടികളുമായി രജനീകാന്ത് സഖ്യമുണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡിഎംകെ രൂപീകരിച്ചതു മുതൽ അവർ ഒറ്റയ്ക്കു തിരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടില്ല. അണ്ണാഡിഎംകെയുടെ അവസ്ഥയും ഇതു തന്നെ. ഈ സാഹചര്യത്തിൽ രജനീകാന്ത് ഒറ്റയ്ക്കു മൽസരിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല.പ്രതിഷേധങ്ങൾക്കു രജനീകാന്ത് എതിരല്ലെന്നും പ്രകൃതി നശിപ്പിച്ചുള്ള വികസനത്തെ ഒരിക്കലും അദ്ദേഹം അനുകൂലിക്കില്ലെന്നും മണിയൻ പറഞ്ഞു. ചെന്നൈ - സേലം പദ്ധതിക്കെതിരായ പ്രതിഷേധത്തോടുള്ള രജനിയുടെ നിലപാട് എന്തെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.