Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്ങനെ ഉത്തര കൊറിയയ്ക്കും പ്രഥമ വനിതയായി

Ri Sol Ju, Kim Jong Un

പോങ്യാങ്∙ മെലനിയ ട്രംപ് യുഎസിലെ പ്രഥമ വനിത; കിം ജുങ് സൂക് ദക്ഷിണ കൊറിയയിലെ പ്രഥമ വനിത. യുഎസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായുള്ള ഉച്ചകോടിക്കു തയാറെടുക്കുന്ന ഉത്തര കൊറിയയിൽ പ്രഥമ വനിത ഇല്ലേയെന്നു ചോദ്യം വരുംമുൻപ് കിം ജോങ് ഉൻ ആ നടപടിയെടുത്തു. ഉത്തര കൊറിയയിൽ നാൽപതു വർഷമായി ഇല്ലാതിരുന്ന പ്രഥമ വനിതാ പദവി ഭാര്യ റി സോൾ ജുവിനു സമ്മാനിച്ചു.

ഗായികകൂടിയായ റി, കിമ്മിനൊപ്പം പൊതുചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെങ്കിലും കഴിഞ്ഞയാഴ്ച ചൈനയിൽനിന്നുള്ള ബാലെ നൃത്തസംഘത്തിന്റെ പരിപാടി കാണാൻ ആദ്യമായി ഒറ്റയ്ക്കു പ്രത്യക്ഷപ്പെട്ടതു മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു. ഈ ചടങ്ങു റിപ്പോർട്ട് ചെയ്ത സർക്കാർ ചാനലിൽ ‘ആദരണീയയായ പ്രഥമ വനിത’ എന്നു പറഞ്ഞാണു റിയുടെ സാന്നിധ്യത്തെപ്പറ്റി പരാമർശിച്ചത്. വാർത്ത അവതരിപ്പിച്ചതു സൂപ്പർതാരപദവിയുള്ള അവതാരക റി ചുൻ ഹീയാണെന്നതും ശ്രദ്ധേയമായി. ആണവപരീക്ഷണം പോലെ വലിയ സംഭവങ്ങൾ പുറത്തുവിടുന്നതു റി ചുൻ ഹീയാണ്.

ഉത്തര കൊറിയയിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള ചുരുക്കം വനിതകളിലൊരാളാണു റി സോൾ ജു. എന്നാൽ ഇവരെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടുമില്ല. 29 വയസ്സുണ്ടെന്നും മൂന്നു കുട്ടികളുടെ അമ്മയാണെന്നും പറഞ്ഞുകേൾക്കുന്നതല്ലാതെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഉത്തര കൊറിയ സ്ഥാപകൻ കിം ഇൽ സുങ്ങിന്റെ രണ്ടാമത്തെ ഭാര്യ കിം സോങെയ്ക്കുശേഷം 1974 മുതൽ പ്രഥമ വനിതാ പദവി നിലവിലില്ല. ട്രംപ്–കിം ഉച്ചകോടിയിൽ മെലനിയ ട്രംപ് എത്തിയാൽ, ഉത്തര കൊറിയൻ പ്രഥമ വനിതയായി റി സോൾ ജു പങ്കെടുക്കാനും സാധ്യത തെളിഞ്ഞു.