Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടാം ദിനവും വിരിഞ്ഞു, നാലുമണിപ്പൂക്കള്‍

Classmates pray for the schoolboys trapped inside thai cave പുഞ്ചിരി തിരികെ: തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽനിന്നു നാലു കുട്ടികളെക്കൂടി പുറത്തെത്തിച്ച വാർത്ത അധ്യാപകൻ അറിയിച്ചപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിയാങ് റായ് സ്കൂളിലെ സഹപാഠികൾ. ചിത്രം: റോയിട്ടേഴ്സ്

ലോകം കൈകോർത്ത രക്ഷാദൗത്യത്തിന്റെ രണ്ടാം ദിവസം തായ്‌ലൻഡിലെ ഗുഹയിൽനിന്നു നാലു കുട്ടികളെ കൂടി പുറത്തെത്തിച്ചു. രണ്ടാഴ്ചയായി കുടുങ്ങിക്കിടന്ന താം ലുവാങ് ഗുഹയിൽനിന്നു രക്ഷപ്പെട്ട കുട്ടികളുടെ എണ്ണം ഇതോടെ എട്ടായി. ശേഷിക്കുന്ന നാലു കുട്ടികളെയും പരിശീലകനെയും ഇന്നു പുറത്തെത്തിക്കും. 

പ്രാദേശികസമയം ഇന്നലെ രാവിലെ പതിനൊന്നിനു 18 അംഗ ദൗത്യസംഘം ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചു. ആദ്യ കുട്ടിയെ സ്ട്രെച്ചറിൽ പുറത്തെത്തിക്കുമ്പോൾ സമയം വൈകിട്ട് നാലര. ആറോടെ രണ്ടാമത്തെ കുട്ടിയും ഏഴോടെ മറ്റു രണ്ടുപേരെയും പുറത്തെത്തിച്ചു. ഗുഹാമുഖത്ത് ഒൻപതു ആംബുലൻസുകളും ഹെലികോപ്റ്ററും രാവിലെ തന്നെ സജ്ജമായിരുന്നു.

ഞായറാഴ്ച രക്ഷപ്പെടുത്തിയ നാലുകുട്ടികളെയും ചികിൽസിക്കുന്ന സമീപപട്ടണമായ ചിയാങ് റായിലെ ആശുപത്രിയിലേക്കാണ് രണ്ടാം ദിനം രക്ഷിച്ചവരെയും കൊണ്ടുപോയത്. എട്ടു കുട്ടികളുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മറ്റു കുട്ടികളെക്കൂടി  രക്ഷിച്ച ശേഷമേ വിശദാംശങ്ങൾപുറത്തുവിടൂ.  

കഴിഞ്ഞമാസം 23 നാണു 11നും 16നുമിടയ്ക്കു പ്രായമുള്ള 12 കുട്ടികളും ഇരുപത്തിയഞ്ചുകാരനായ ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. ഇവർ അകത്തുകയറിയ ശേഷം പൊടുന്നനെ പെയ്ത ശക്തമായ മഴയിൽ ഗുഹയിൽ വെള്ളം പൊങ്ങുകയായിരുന്നു. ഒൻപതു ദിവസത്തിനുശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണു രക്ഷാപ്രവർത്തകർ അവരെ കണ്ടെത്തിയത്. സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ദുഷ്കര ദൗത്യം ആരംഭിച്ചതു ഞായറാഴ്ചയും. 

ഫ്രൈഡ് റൈസ് കിട്ടുമോ? പുറത്തെത്തിയ കുട്ടികൾ  ചോദിച്ചത്..

ചിയാങ് റായ്, തായ്‌ലൻഡ് ∙ നല്ല വിശപ്പുണ്ടു ഞങ്ങൾക്ക്. ഫ്രൈഡ് റൈസ് കിട്ടുമോ? രണ്ടാഴ്ചയിലേറെ ഗുഹയിൽ കഴിഞ്ഞശേഷം പുറത്തെത്തിയ കുട്ടികൾ ആവശ്യപ്പെട്ടത്, തായ്‌ലൻഡിലെ തട്ടുകടകളിൽപോലും സുലഭമായ തായ് ഫ്രൈഡ് റൈസ്. ചിക്കനും മുട്ടയും വിവിധയിനം ഇലകളുമൊക്കെ ചേർത്തുണ്ടാക്കുന്ന പ്രിയവിഭവം. 

ഗുഹയ്ക്കുള്ളിൽനിന്ന് അയച്ച കത്തുകളിലും കുട്ടികൾ ഫ്രൈഡ് റൈസ് ചോദിച്ചിരുന്നു.

ആശുപത്രിയിൽ പ്രത്യേക പരിചരണത്തിൽ കഴിയുന്ന കുട്ടികളുടെ മാനസിക–ശാരീരിക ആരോഗ്യനില ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്. ഗുഹകളിൽ അകപ്പെടുന്നവരെ ബാധിക്കാറുള്ള ശ്വാസകോശരോഗങ്ങളോ അണുബാധയോ കുട്ടികളെ ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നുണ്ട്. വവ്വാലുകളുടെയും പക്ഷികളുടെയും വിസർജ്യങ്ങൾ വഴിയാണു ഗുഹകളിൽ മനുഷ്യർക്കു രോഗബാധയുണ്ടാകുക. ഇക്കാരണങ്ങളാൽ മാതാപിതാക്കൾക്കും സന്ദർശാനുമതി നൽകിയിട്ടില്ല.

കുട്ടികളുടെ മാനസികാരോഗ്യനിലയും പ്രത്യേക നിരീക്ഷണത്തിലാണ്.