Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിഷേധക്കാരെ മർദിച്ച സുരക്ഷാഭടനെ മക്രോ പുറത്താക്കി

Emmanuel Macron മക്രോ

പാരിസ്∙ മേയ്‌ദിന പ്രതിഷേധറാലിയിൽ പങ്കെടുത്തവരെ ആക്രമിച്ച സുരക്ഷാഭടനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പുറത്താക്കി. മൂന്നു മാസം മുൻപു പാരിസിൽ നടന്ന സംഭവത്തിന്റെ രണ്ടു വിഡിയോകൾ ഈയിടെ പുറത്തുവന്നിരുന്നു. മക്രോയുടെ സുരക്ഷാസംഘത്തിൽ ഉയർന്ന സ്ഥാനത്തുള്ള അലക്സാന്ദ്രെ ബെനലയാണ് നടപടി നേരിടുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു.

മേയ് ദിന പ്രതിഷേധ റാലിയിൽ പങ്കെടുത്തയാളെ ബെനല മർദിക്കുന്നതും ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതുമാണ് ആദ്യ വിഡിയോയിലുള്ളത്. രണ്ടാമത്തെ വിഡിയോയിൽ ഇയാൾ സ്ത്രീയെ മർദിക്കുന്നതും. പൊലീസുകാരനല്ലാതിരുന്നിട്ടും പൊലീസിന്റെ ഹെൽമറ്റും ബാഡ്ജും ധരിച്ചെന്ന കുറ്റവും ഇയാൾക്കെതിരെയുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങൾ ബെനലയ്ക്കു ചോർത്തി നൽകിയ മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്. ആദ്യം ബെനലയ്ക്കെതിരായ നടപടി രണ്ടാഴ്ചത്തെ സസ്പെ‍ൻഷൻ മാത്രമായിരുന്നു. കൂടുതൽ ആരോപണങ്ങൾ ഉയർന്നതോടെയാണ് പുറത്താക്കാൻ തീരുമാനമെടുത്തത്. നടപടി എടുക്കാൻ വൈകിയതും മക്രോയുടെ വിമർശകർ ഉയർത്തിക്കാട്ടുന്നു.