Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രിയ ചോദ്യങ്ങൾ ചോദിച്ച റിപ്പോർട്ടറോട് ട്രംപ്: ‘മര്യാദകെട്ടവൻ, മൈക്ക് താഴെവയ്ക്ക്’

Donald Trump against reporter വാർത്താ സമ്മേളനത്തിനിടെ സിഎൻഎൻ റിപ്പോർട്ടർ ജിം അകോസ്റ്റയ്ക്കു നേരേ കൈചൂണ്ടി സംസാരിക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പത്രസമ്മേളനത്തിൽ ചോദ്യം ചെയ്യുകയും തർക്കിക്കുയും ചെയ്ത മാധ്യമപ്രവർത്തകന് വൈറ്റ്ഹൗസിൽ വിലക്ക്. സിഎൻഎൻ ചാനലിന്റെ വൈറ്റ്ഹൗസ് റിപ്പോർട്ടർ ജിം അകോസ്റ്റയാണ് കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ രൂക്ഷമായ വാഗ്വാദത്തിലേ‍ർപ്പെട്ടത്. ഇതിനുപിന്നാലെയാണ് വിലക്കുവന്നത്.

‘മര്യാദകെട്ടവൻ, നീചൻ, നിങ്ങളെ റിപ്പോർട്ടറാക്കിയതിൽ സിഎൻഎൻ ലജ്ജിക്കണം’ എന്നെല്ലാം ട്രംപ് അകോസ്റ്റയെ അധിക്ഷേപിക്കുന്നുണ്ട്. അകോസ്റ്റ ചോദ്യം തുടർന്നപ്പോൾ ‘മൈക്ക് താഴെവയ്ക്ക്, ഇരിക്കവിടെ’ എന്ന് ട്രംപ് ആജ്ഞാപിക്കുന്നതും വിഡിയോയിൽ കാണാം അകോസ്റ്റയിൽനിന്നു മൈക്ക് വാങ്ങാൻ ചെന്ന വൈറ്റ്ഹൗസ് പരിചാരികയായ യുവതിയുടെ കയ്യിൽ അകോസ്റ്റ പിടിച്ചുവെന്നു പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് ആരോപിച്ചു. ട്രംപുമായുള്ള തർക്കത്തിനിടെ യുവതി മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുമ്പോൾ അകോസ്റ്റ അതു തടയുന്നതു വിഡിയോയിൽ കാണാം.

Jim-Acosta-and-Donald-Trump ഡോണൾഡ് ട്രംപിനോട് തർക്കിക്കുന്ന ജിം അക്കോസ്റ്റ.

ജീവനക്കാരിയുടെ ജോലി തടസപ്പെടുത്തുകയും സ്പർശിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ലെന്നു സാറ പറഞ്ഞു. എന്നാൽ, മാധ്യമസമ്മേളനത്തിലുണ്ടായിരുന്ന മറ്റു റിപ്പോർട്ടർമാർ അകോസ്റ്റ മനഃപൂർവം യുവതിയെ തൊടുകയോ തടസപ്പെടുത്തുകയോ ചെയ്തില്ലെന്നും പെട്ടെന്നു മൈക്കു വാങ്ങാൻ ശ്രമിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണുണ്ടായതെന്നും പറഞ്ഞു. യുഎസ് അതിർത്തിയിലേക്കു നടന്നെത്തുന്ന മധ്യഅമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥി സംഘ(കാരവൻ)ത്തെക്കുറിച്ചും ട്രംപിന്റെ റഷ്യ ബന്ധം സംബന്ധിച്ച അന്വേഷണത്തെക്കുറിച്ചുമുള്ള അകോസ്റ്റയുടെ ചോദ്യങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്.

വൈറ്റ്ഹൗസ് നടപടിയെ സിഎൻഎൻ അപലപിച്ചു. പ്രസിഡന്റിന് ‘അപ്രിയമായ’ ചോദ്യം ചോദിച്ചതിനുള്ള പ്രതികാര നടപടിയാണിതെന്ന് ചാനൽ അധികൃതർ പറഞ്ഞു. ‘ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്. നമ്മുടെ രാജ്യം ഇതല്ല അർഹിക്കുന്നത്, കൂടുതൽ മെച്ചപ്പെട്ടതാണ്’ – സിഎൻഎൻ വ്യക്തമാക്കി. വൈറ്റ്ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷനും അകോസ്റ്റയ്ക്കെതിരായ നടപടിയിൽ പ്രതിഷേധിച്ചു.