Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദു മൽഹോത്ര മുതൽ മേരികോം വരെ; 2018ലെ ഇന്ത്യൻ വനിതകൾ

women-2018

കടന്നുപോകുന്ന വർഷത്തെ മുൾമുനയിൽ നിർത്തിയ പ്രശ്നങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്: സ്ത്രീകളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ. വിവാഹേതര ബന്ധത്തിലെ വിധി, മുത്തലാഖ്, ശബരിമല...ചർച്ച ചെയ്യപ്പെട്ടതു സ്ത്രീകളുടെ അവകാശങ്ങൾ. സമൂഹത്തിലെ സ്ഥാനം. ലിംഗസമത്വം. മുഖ്യധാര പുരുഷന്റേതുമാത്രമല്ലെന്ന പ്രഖ്യാപനം. സ്ത്രീകളെ ഒഴിവാക്കിയോ മാറ്റിനിർത്തിയോ സമൂഹത്തിനു മുന്നോട്ടുപോകാനാവില്ലെന്ന ഓർമപ്പെടുത്തൽ. വാദങ്ങളും വിവാദങ്ങളും യോജിപ്പുകളും വിയോജിപ്പുകളും നിറഞ്ഞുനിന്നപ്പോൾതന്നെ നിലാവു നിറഞ്ഞ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ കടന്നുപോകുന്ന വർഷത്തെ പ്രകാശമാനമാക്കിയവരെ മാറ്റിനിർത്താനാവില്ല. അവരുടെ വാക്കുകളും പ്രവൃത്തികളും ഭാവിയിലും ഓർമിക്കപ്പെടേണ്ടിയിരിക്കുന്നു. ഇന്നലെയുടെ മാത്രം താരങ്ങളല്ല അവർ; നാളെയുടെ പ്രതീക്ഷകൾ. ഭാവിയുടെ പ്രത്യാശ.

1.ഇന്ദു മൽഹോത്ര 

അഭിഭാഷകരിൽ നിന്നു നേരിട്ട് സുപ്രീം കോടതി ജഡ്ജിയായ ആദ്യവനിത. സുപ്രധാന വിധിന്യായങ്ങൾ പ്രസ്താവിച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ശ്രദ്ധേയ സാന്നിധ്യമായി 2018ൽ നിറഞ്ഞുനിന്നു 30 വർഷമായി ഡൽഹിയിൽ പ്രാക്ടീസ് ചെയ്യുന്ന ഇന്ദു. സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിത കൂടിയാണ് 61 വയസ്സുകാരിയായ ബെംഗളൂരു സ്വദേശിയായ ഇന്ദു മൽഹോത്ര. സ്ത്രീകളുടെ ശബരിമല ക്ഷേത്രപ്രവേശന വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയ ഇന്ദു  വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കുന്ന വിധി പ്രസ്താവിച്ചപ്പോൾ പുറപ്പെടുവിച്ചത് 62 പേജ് വരുന്ന വിധിന്യായം.

Indu Malhotra ഇന്ദു മൽഹോത്ര

ഭൂരിപക്ഷ അഭിപ്രായത്തോടു യോജിക്കുമ്പോൾതന്നെ വ്യത്യസ്തമായ നിരീക്ഷണങ്ങളും സ്ത്രീയുടെ ഭാഗത്തുനിന്നുള്ള കാഴ്ചപ്പാടുകളും നിറഞ്ഞുനിന്നു വനിതാ ജഡ്ജിയുടെ വിധിന്യായങ്ങളിൽ. നിയമത്തിനു മുന്നിൽ സ്ത്രീകൾ അദ്യശ്യരായിനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭർത്താക്കൻമാരുടെ നിഴലിൽ മാത്രം ഭാര്യമാർ ജീവിച്ച കാലം. ആ കാലം തിരിച്ചുവരാത്തരീതിയിൽ കടന്നുപോയിരിക്കുന്നു– ഐപിസി 497 റദ്ദാക്കിക്കൊണ്ടുള്ള വിധിയിൽ ഇന്ദു മൽഹോത്ര ഓർമിപ്പിച്ചു. ഭാവിക്കുവേണ്ടിയുള്ള വിധിന്യായങ്ങളിലൂടെ സ്ത്രീകളുടെ വ്യക്തിത്വവും അന്തസ്സും കൂടി ഉയർപ്പിടിക്കുകയായിരുന്നു ഇന്ദു മൽഹോത്ര. 

2. പെൺകൂട്ട് വിജി 

ലോകത്തെ സ്വാധീനശേഷിയുള്ള 100 വനിതകളിൽ ഒരാളാകാൻ കഴിയുക അപൂർവമായ നേട്ടമാണ്. അസുലഭവും അസാധാരണവുമായ അംഗീകാരം. 2018 അവസാനത്തോടെ മുഖ്യധാര പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലാതെ ഒരു മലയാളി വനിത ഈ നേട്ടത്തിൽ എത്തിയെന്നത് നിസ്സാരമല്ല. വിജി എന്ന പേരിനൊപ്പം പെൺകൂട്ട് എന്നുകൂടി ചേർത്തുവച്ച് വിവിധ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന ആയിരക്കണക്കിനു വനിതകൾക്കുവേണ്ടി പോരാട്ടം നയിച്ചും സ്ത്രീത്തൊഴിലാളികൾക്കു സംഘടനയുണ്ടാക്കിയും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വം.

P Viji പെൺകൂട്ട് വിജി

കടകളിൽ ജോലിചെയ്യുന്ന സാധാരണക്കാരായ സ്ത്രീതൊഴിലാളികൾക്ക് ശുചിമുറി സൗകര്യം ഉറപ്പാക്കാൻ കാരണമായത് വിജി ഏറ്റെടുത്തു നടത്തിയ പോരാട്ടങ്ങൾ. ഇരിപ്പുസമരത്തിലൂടെ ഇരിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ലഭിച്ചപ്പോൾ ദീർഘമായി നിശ്വസിച്ച വനിതകളുടെ ഹൃദയത്തിൽ ഇന്നുമെന്നും വിജി എന്ന പേരുമുണ്ടായിരിക്കും. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങിനിൽക്കാതെ ജീവിക്കാനായി അധ്വാനിക്കുകയും അതിനൊപ്പം തന്നെ സാമൂഹിക കടമ നിറവേറ്റുകയും ചെയ്ത വിജി ഇടംപിടിച്ചത് കേരളത്തിന്റെ ചരിത്രത്തിലും സ്ത്രീകളുടെ ഹൃദയങ്ങളിലും. 

3. മിതാലി രാജ് 

ഒന്നരപതിറ്റാണ്ടായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാണ് മിതാലി രാജ് എന്ന ക്രിക്കറ്റ് താരം. അവരുടെ പ്രധാന്യം രാജ്യം തിരിച്ചറിഞ്ഞത് അവർ കളിക്കാനിറങ്ങാത്ത ഒരു മൽസരത്തിൽ. വെസ്റ്റ് ഇൻഡീസിൽ നടന്ന ലോക ട്വന്റി 20 ടൂർണമെന്റിൽ മിതാലിയെ പുറത്തിരുത്തിയ മൽസരത്തിൽ ടീം തകർന്നുവീണപ്പോൾ ചോദ്യങ്ങളുയർന്നു. തുടക്കത്തിൽ നിശ്ശബ്ദത പാലിച്ചെങ്കിലും രാജ്യത്തെ ക്രിക്കറ്റ് അധികാരികൾക്ക് കത്തെഴുതി താൻ അനുഭവിച്ച അവഗണനയും പീഡനവും അവർ വിവരിച്ചപ്പോൾ സ്ഥാനം നഷ്ടപ്പെട്ടത് വനിതാ ക്രിക്കറ്റ് ടീം പരിശീലകൻ രമേശ് പൊവാറിന്.

Mithali Raj മിതാലി രാജ്

മിതാലിയെ വീണ്ടും ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിലനിർത്തിക്കൊണ്ട് അധികാരികൾ ഒരുകാര്യം ഉറപ്പിച്ചു: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലു തന്നെയാണ് മിതാലി രാജ്. ബാറ്റ് കൊണ്ട് സംസാരിക്കുന്ന ഈ താരം ഭാവി കായികതാരങ്ങൾക്ക് തന്റെ ജീവിതത്തിലൂടെ വ്യക്തമായ ഒരു സന്ദേശം കൂടി കൊടുക്കുകയാണ്: പൊരുതുക; അവസാനനിമിഷം വരെയും. തളരാതിരിക്കുക; വിജയത്തിലെത്തുന്നതുവരെ. 

4. മേരി കോം 

ഇന്ത്യയിൽ ഇത്തവണ നടന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ് ഒരൊറ്റവ്യക്തിയുടെ പടയോട്ടത്തിന്റെ ചരിത്രം കൂടിയാണ്. മണിപ്പൂരുകാരി മേരി കോം എന്ന ഇടിക്കൂട്ടിലെ പെൺവീറിന്റെ. ആറാം തവണയും സ്വർണം നേടിയാണ് ഇത്തവണ അവർ റെക്കോർഡിൽ എത്തിയത്. ഒരു ദരിദ്ര കർഷക കുടുംബത്തിൽ 1983 മാർച്ച് ഒന്നിന് ജനിച്ച മേരി ജീവിതത്തിൽ വിജയത്തിലെത്തിയത് തിരിച്ചടികളെ നേരിട്ട്. അർജുന അവാർഡ്, പത്മശ്രീ, ഖേൽരത്ന, പത്മഭൂഷൺ എന്നിവ നേടിയിട്ടുള്ള മേരി കോമിൽനിന്നാകണം രാജ്യത്തെ സ്ത്രീശക്തി പ്രചോദനം നേടേണ്ടത്.

Mary Kom മേരി കോം

ശക്തി ആർജിക്കേണ്ടത്. ലോക ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യനായ വനിത എന്ന റെക്കോർഡ് ഇനി മേരിയുടെ പേരിൽ. ഇതുവരെ നേട്ടം 6 സ്വർണവും ഒരു വെള്ളിയും.  2007ൽ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി ബോക്സിങ് റിങ്ങിലേക്കു മടങ്ങിയെത്തിയശേഷം മൂന്നാം തവണ ലോകചാംപ്യനാവുക എന്നത് അസാധാരണമെന്നതിനേക്കാൾ അതിശയകരം കൂടിയാണ്. 2013ൽ മൂന്നാമത്തെ മകനുണ്ടായതിനു പിന്നാലെ 2014ൽ ഇഞ്ചോൺ ഏഷ്യാഡിലും സ്വർണമണിഞ്ഞ മേരി വിവാഹം കഴിഞ്ഞാൽ കായികരംഗത്തോടു വിടപറയുന്ന പതിവുശൈലിയെ പടിക്കു പുറത്താക്കുകയും ചെയ്തു. 

5.നിർമല സീതാരാമൻ

കാരുണ്യത്തേക്കാള്‍ കരുത്ത് ആയിരിക്കും പ്രതിരോധമന്ത്രിയുടെ മുഖത്ത് ആരും പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ കരുത്തിന്റെ പര്യായമാണ് നിര്‍മല സീതാരാമന്‍. അപൂര്‍വമായി മാത്രം ചിരിക്കുന്ന, ചിന്തിച്ചുറപ്പിച്ചു മാത്രം സംസാരിക്കുന്ന, ഓരോ ചുവടിലും സൂക്ഷ്മതയും ശ്രദ്ധയും പുലര്‍ത്തുന്ന വ്യക്തിത്വം. അധികാരത്തിന്റെ ഇടനാഴികളില്‍ ശക്തയായ, സ്വാധീനശേഷിയുള്ള വനിതയായി കാണപ്പെടുന്ന നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രി പദത്തിലെത്തിയപ്പോള്‍ താരതമ്യം ചെയ്യപ്പെട്ടത് മുമ്പ് ഇതേ വകുപ്പ് കൈകാര്യം ചെയ്ത ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുമായി.

Nirmala Sitharaman നിർമല സീതാരാമൻ

പ്രതിരോധത്തിനു വളരെയേറെ പ്രാധാന്യമുണ്ട് ജീവിതത്തിൽ - വ്യക്തിയുടെ മാത്രമല്ല, രാജ്യത്തിന്റെയും. ഒരു രാജ്യത്തിന്റെ ദൗര്‍ബല്യവും ശക്തിയും വായിച്ചറിയാം പ്രതിരോധ മന്ത്രിയുടെ മുഖത്ത്, വാക്കുകളില്‍, ഭാവപ്രകടനങ്ങളില്‍. കോടിക്കണക്കിനുള്ള ജനത പ്രതിരോധ മന്ത്രിയുടെ ധീരതയില്‍ വിശ്വാസമര്‍പ്പിക്കുന്നു. ആത്മവിശ്വാസത്തില്‍നിന്ന് ഊര്‍ജം നേടുന്നു. ആത്മാഭിമാനത്തില്‍ ആവേശഭരിതരാകുന്നു. അതിര്‍ത്തി കാക്കുന്ന സൈനികരായാലും സാധാരണക്കാരായ വ്യക്തികളായായലും സമാധാനമുള്ള ജീവിതത്തിനും സന്തോഷത്തിലും അവര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആ മുഖത്തേക്കാണ്. അതു തിരിച്ചറിയുന്നുണ്ട് നിര്‍മല സീതാരാമന്‍.