ADVERTISEMENT

ദുബായ് ∙ മഴക്കെടുതിയിൽ ആയിരക്കണക്കിന് വാഹനങ്ങളും വീടുകൾക്കും നാശനഷ്ടം. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. പൂർണ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്കാണ് പ്രകൃതി ദുരന്തത്തിൽ പരിരക്ഷ ലഭിക്കുക. കെട്ടിടത്തിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് അടക്കം ഇൻഷുറൻസ് ലഭിക്കും. 

എന്നാൽ, പ്രകൃതി ക്ഷോഭം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാൽ ഇത്തരം പോളിസികളിൽ കമ്പനികൾക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം. വെള്ളം കയറി വാഹനങ്ങൾക്കു കേടുപാടുണ്ടായാൽ, ദുബായ് റജിസ്റ്റേഡ് വാഹനങ്ങൾക്ക് ദുബായ് പൊലീസിന്റെ ആപ്പിലോ വെബ്സൈറ്റിലോ നിശ്ചിത ഫീസ് അടച്ചാൽ ടു ഹും മേ കൺസേൺ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇൻഷുറൻസ് ബ്രോക്കറെ ബന്ധപ്പെടാം. വാഹനങ്ങളുടെ കേടുപാടുകൾ കൃത്യമായ രേഖപ്പെടുത്തുകയും വിഡിയോ, ഫോട്ടോ എന്നിവ സൂക്ഷിക്കുകയും വേണം. 

ഇതിനു ശേഷം വാഹനത്തിന്റെ മുൽക്കി, ഡ്രൈവിങ് ലൈസൻസ് എന്നിവ നൽകി പൊലീസിന്റെ അസ്സൽ റിപ്പോർട്ട് നേരിട്ടു വാങ്ങാം. വാഹനം ഇൻഷുറൻസ് കമ്പനി പ്രതിനിധി പരിശോധിക്കും. തുടർന്ന് ഗാരിജിലേക്കു മാറ്റും. ക്ലെയിം ലഭിക്കുന്നതു വരെ മുടങ്ങാതെ കാര്യങ്ങൾ അന്വേഷിക്കണം.  വീടുകളും കെട്ടിടങ്ങളും ഇൻഷുർ ചെയ്തിട്ടുള്ളർക്കും നഷ്ടപരിഹാരം ലഭിക്കും. തീ, മോഷണം, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭിത്തികൾ, മേൽക്കൂര, അടിത്തറ,കെട്ടിടത്തിൽ ഘടിപ്പിച്ചിട്ടുളള വീട്ടുപകരണങ്ങൾ എന്നിവയും ഇൻഷുറൻസ് പരിധിയിൽ വരും. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടായാൽ തെളിവു സഹിതം ഇൻഷുറൻസിനായി റിപ്പോർട്ട് നൽകാം. 

ഇൻഷുറൻസ് കമ്പനി നാശനഷ്ടത്തിന്റെ മൂല്യനിർണം നടത്തും. ഇതിന് ആവശ്യമായ രേഖകൾ: പോളിസി നമ്പർ, പൊലീസ് റിപ്പോർട്ട് (ബാധകമെങ്കിൽ), സംഭവം നടന്ന സമയം, തീയതി, സ്ഥലം, സംഭവിച്ചതിന്റെ വിവരണം, നഷ്ടങ്ങളുടെ മൂല്യം (നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ അധിക ഡോക്യുമെന്റേഷൻ ആവശ്യമായി വന്നേക്കാം) ക്ലെയിം ഫോം എന്നിവയാണ് ആവശ്യമായ രേഖകൾ. ഇൻഷുറൻസ് കമ്പനിയുടെ ഓൺലൈൻ, ആപ്, ഇമെയിൽ മുഖേന ക്ലെയിം സമർപ്പിക്കാം.

English Summary:

Rain damage : Compensation will be awarded if the documents are submitted correctly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com