ADVERTISEMENT

സൂഫി സംഗീതത്തിന്റെ അഴകുമായി തിയറ്ററുകളിലെത്തിയ ‘ഖൽബ്’ എന്ന ചിത്രം മികച്ച നിരവധി പുതുമുഖ താരങ്ങളെയാണ് മലയാള സിനിമയ്ക്കു സമ്മാനിച്ചത്. ‘ഖൽബി’ലെ കാൽപ്പോ എന്ന നായക കഥാപാത്രമായെത്തിയത് ‘മൈക്ക്’ എന്ന സിനിമയിൽ അനശ്വര രാജന്റെ നായകനായെത്തി ശ്രദ്ധനേടിയ രഞ്ജിത്ത് സജീവ് ആയിരുന്നു. ബോളിവുഡ് താരങ്ങളെ വെല്ലുന്ന ആകാരവും മികച്ച അഭിനയശേഷിയുമുള്ള രഞ്ജിത്ത്, ഖൽബിലെ ബീച്ച് ബോയ് ആയി ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു. കാൽപ്പോയും തുമ്പിയുമായുള്ള അതി തീവ്ര പ്രണയകഥയിലെ നായകൻ അങ്ങനെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.  ‘പ്രണയം’ എന്ന ഹിറ്റ് മോഹൻലാൽ ചിത്രം ഉൾപ്പടെ നിരവധി ചിത്രങ്ങളുടെ നിർമാതാക്കളായ സജീവിന്റേയും ആൻ സജീവിന്റേയും മകനാണ് രഞ്ജിത്ത്.  എൻജിനിയറിങ് ബിരുദധാരിയായ രഞ്ജിത്തിനെ അഭിനയത്തോടുള്ള പ്രണയമാണ് സിനിമയിലെത്തിച്ചത്. ചിത്രം റിലീസ് ചെയ്തു നാലാമത്തെ ആഴ്ചയിൽ നാൽപതോളം തിയറ്ററുകളിലേക്ക് വീണ്ടുമെത്തുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളുമായി രഞ്ജിത് സജീവ് മനോരമ ഓൺലൈനിലെത്തുന്നു....

സാജിദ് യഹിയയുടെ ഖൽബിലെ നായകൻ  

2022 ഡിസംബറിലാണ് ഞാൻ ‘ഖൽബ്’ എന്ന ചിത്രത്തിന്റെ കഥ കേൾക്കുന്നത്.  വിജയ് ബാബു സാറാണ് എന്നെ സാജിദ് ഇക്കയ്ക്കു പരിചയപ്പെടുത്തിയത്. സാജിദ് ഇക്ക എന്റെ ‘മൈക്ക്’ എന്ന സിനിമ കണ്ടിരുന്നു. മൈക്കിലെ എന്റെ അഭിനയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഇക്കയ്ക്ക് ഖൽബ് വ്യക്തിപരമായി വളരെയധികം അടുപ്പമുള്ള കഥയാണ്.  കഥ പറയുമ്പോൾ തന്നെ അദ്ദേഹത്തിന് ഈ കഥയോടുള്ള അടുപ്പം എനിക്ക് മനസ്സിലായി. റൊമാൻസ് എന്ന ജോണർ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ അത് വളരെയധികം പറഞ്ഞു പഴകിയ ത്രെഡ് ആണ്. അതെങ്ങനെ പുതുമയോടെ ചെയ്യാം എന്നാണ് സാജിദ് ഇക്ക ആലോചിച്ചത്. ഖൽബിന്റെ പുതുമ എന്നത് സൂഫി ഫിലോസഫിയുമായി അതിനെ ബന്ധപ്പെടുത്തിയതാണ്. 

രണ്ടുപേർ പ്രണയിക്കുമ്പോൾ ഒരു ഏഴ് സ്റ്റേജിലൂടെ അവരുടെ ജീവിതം കടന്നുപോകുന്നുണ്ട് എന്നാണ് പറയുന്നത്. അത്തരം സൂഫി ഫിലോസഫിയും സൂഫി സംഗീതവും സിനിമ മുഴുവൻ അലിഞ്ഞു ചേർന്നിരിക്കുന്നു. ഈ പടത്തിൽ കാണിക്കുന്ന ആലപ്പുഴ നമ്മൾ സ്ഥിരം കാണുന്ന ആലപ്പുഴ അല്ല. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി തുടങ്ങിയ സ്ഥലത്തെ പോലെ ടൂറിസവുമായി ബന്ധപ്പെട്ട ഒരു സ്ഥലം ആലപ്പുഴ ബീച്ചിലുണ്ട്. അവിടെയാണ് നമ്മുടെ കഥ നടക്കുന്നത്. അവിടെ ടൂറിസ്റ്റ് ഗൈഡ് ആയ കാൽപ്പോ ആണ് കഥാപാത്രം. ഏതെങ്കിലും മദാമ്മയെ  പ്രണയിച്ച്  വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന ഒരു ആംഗ്ലോ ഇന്ത്യൻ പയ്യൻ. സാജിദ് ഇക്കയുടെ കാൽപ്പോ എന്ന കഥാപാത്രത്തോട് ഞാൻ നീതി പുലർത്തിയിട്ടുണ്ട് എന്നാണ് വിശ്വാസം. 

ranjith-sajeev-3

ജോൺ ഏബ്രഹാം നിർമാതാവായ ‘മൈക്ക്’

ഞാൻ സിവിൽ എൻജിനിയറിങ് ആണ് പഠിച്ചത്. വളർന്നതൊക്കെ ദുബായിൽ ആയിരുന്നു. പഠനത്തിന് ഒപ്പം തന്നെ കലാപരിപാടികളും ഡാൻസുകളിലും പങ്കെടുക്കുമായിരുന്നു.  എനിക്ക് ഒരുപാട് ഇഷ്ടമുള്ള മേഖലയാണ് അഭിനയം. ദുബായിൽ ആക്ടർ വർക്ക് ഷോപ്പ് ഒക്കെ നടക്കുമ്പോൾ ഒന്നൊന്നര മാസം പ്രാക്ടീസ് ചെയ്ത് നാടകം ചെയ്യുമായിരുന്നു.  എന്റെ അച്ഛനും അമ്മയും അതിനൊക്കെ നല്ല പിന്തുണയാണ് തന്നിരുന്നത്. സിനിമകളിലെ ചില ഡയലോഗ് പറയുന്ന വിഡിയോകൾ ഞാൻ എന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഇടുമായിരുന്നു. അങ്ങനെയൊരു വിഡിയോ നമ്മുടെ മൈക്കിന്റെ സംവിധായകൻ വിഷ്ണു ശിവപ്രസാദ് കണ്ടിട്ടാണ് എന്നെ നേരിട്ടൊരു ഓഡിഷന് വിളിച്ചത്. ആ സമയത്ത് കോളജ് പഠനം കഴിഞ്ഞിരിക്കുകയായിരുന്നു.  കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു അഭിനയിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് മൈക്കിലെ നായകനായി അഭിനയിച്ചത്. ബോളിവുഡ് താരം ജോൺ ഏബ്രഹാം ആദ്യമായി മലയാളത്തിൽ നിർമിച്ച ചിത്രമാണ് മൈക്ക്.  മൈക്ക് ആണ് എന്റെ ആദ്യ ചിത്രം. ഖൽബ് കഴിഞ്ഞ് 'ഗോളം' എന്നൊരു ചിത്രം ചെയ്തിരുന്നു. അതിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ നടക്കുന്നു.  ഈ വർഷം പകുതിയോടെ റിലീസ് ചെയ്യാൻ ആണ് പ്ലാൻ ചെയ്യുന്നത്. സംജാദ് എന്ന് നവാഗത സംവിധായകന്റെ ചിത്രമാണ്.

ranjith-sajeev-21

സിദ്ദീഖ് എന്ന മെന്റർ 

എന്റെ രണ്ടാമത്തെ പടത്തിൽ തന്നെ സിദ്ദീഖ് ഇക്ക പോലെ അഭിനയ പരിചയ സമ്പത്തുള്ള നടനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. അദ്ദേഹത്തിന്റെ മകനായാണ് ഞാൻ അഭിനയിച്ചത്.  ഒരുപാട് വൈകാരിക തലങ്ങളിലൂടെ കടന്നുപോയകെമിസ്ട്രി ആണ് ഞങ്ങളുടേത്. എനിക്ക് ആദ്യം കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു.  ഇത്രയും സീനിയർ താരമായ അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ എന്റെ കയ്യിൽ നിന്ന് പിഴവ് വന്നാൽ അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്ന് പേടി ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോ ആ ആശങ്ക എല്ലാം മാറി. അദ്ദേഹം എന്റെ കൈപിടിച്ച് ഗൈഡ് ചെയ്തു. ശരിക്കും എന്റെ അച്ഛനെപ്പോലെ ആയിരുന്നു അദ്ദേഹം സെറ്റിൽ.  

ranjith-sajeev-34

ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി വർക്ക് ആയില്ലെങ്കിൽ അത് മുഴുവൻ ചിത്രത്തെയും ബാധിക്കും എന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് തന്നെ അദ്ദേഹം എന്നെ വളരെയധികം കംഫർട്ടബിൾ ആക്കി. ഞാൻ ചെയ്യുന്നതിൽ എന്തെങ്കിലും ശരികേട് ഉണ്ടെങ്കിൽ അദ്ദേഹം പറയും, ‘‘മോനെ നീ ഇങ്ങനെ ചെയ്തു നോക്ക്, ഇത് സീനിനെ കുറച്ചുകൂടി നന്നാക്കും’’ എന്ന്. അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം  എന്നെ ഒരുപാട് സഹായിച്ചു. കാൽപ്പോയും അപ്പനും ആംഗ്ലോ ഇന്ത്യൻ ആണ്. അതുകൊണ്ട് അവരുടെ സംസാരത്തിലും ജീവിതരീതിയിലും ആംഗ്ലോ ഇന്ത്യൻ സ്വാധീനം ഉണ്ട് അത്തരത്തിലാണ് സാജിദ് ഇക്ക ആ കഥാപാതങ്ങളെ എഴുതിയിരിക്കുന്നത്.  

ranjith-sajeev-33

ഒരു ബീച്ച് ബോയ് ഫ്രീക് പയ്യൻ ആണ് കാൽപ്പോ. ടൂറിസ്റ്റുകളെ വാചകമടിച്ചു വീഴ്ത്താനുള്ള കഴിവ് വേണം. അത്തരത്തിലാണ് എന്റെ കഥാപാത്രം. ഡയലോഗ് ഒന്ന് നോക്കിയാൽ സിദ്ദീഖ് ഇക്കയ്ക്കു അത് മനസിലാകും ഞാൻ പറയും സാർ എനിക്ക് കുറച്ചുകൂടി സമയം തരൂ ഞാൻ ഒന്ന് പഠിച്ചോട്ടെ.  അത് എങ്ങനെ പഠിക്കണം എന്നെല്ലാം അദ്ദേഹം പറഞ്ഞു തന്നു. എനിക്ക് അദ്ദേഹം ഒരു ഗുരുവിനെപോലെ ആയിരുന്നു. ഷോട്ടിനിടയിലെ ഇടവേളയിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഇരുന്നു കഥകൾ പറയും. ഗോളം എന്ന ചിത്രത്തിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. പിന്നെ സെറ്റിൽ നല്ല രസമായിരുന്നു നൂറു ദിവസമാണ് ഷൂട്ട് ചെയ്തത്. കുറെ പുതുമുഖ താരങ്ങളും സിദ്ധിഖ് ഇക്കയും എല്ലാവരും കൂടി നല്ല അടിച്ചുപൊളിക്കാൻ കഴിഞ്ഞത്. കാറ്റമറാൻ എന്നൊരു കഫേ ഉണ്ട് അവിടെയായിരുന്നു സ്ഥിരം കൂടുന്നത്. ഞങ്ങൾ എല്ലാവരും നല്ല ബോണ്ട് ആയിരുന്നു.   

ranjith-sajeev-232

സാജിദ് യഹിയ നല്ല നടൻ കൂടിയാണ് 

സാജിദ് ഇക്ക കഥ പറഞ്ഞു തരുമ്പോൾ തന്നെ നമുക്ക് ആ കഥാപാത്രമായി സങ്കൽപ്പിക്കാൻ കഴിയും. അത്രയ്ക്ക് ഡീറ്റൈൽ ആയിട്ടാണ് പറയുന്നത്.  പ്രധാന ഭാഗമൊക്കെ പറയുമ്പോൾ സ്പീക്കർ കൊണ്ടുവന്ന് മ്യൂസിക് ഇട്ടാണ് പറയുക. അപ്പൊ നല്ല രീതിയിൽ നമുക്ക് ആ രംഗം മനസ്സിൽ കാണാൻ കഴിയും. ഞങ്ങൾ തമ്മിൽ വലിയൊരു കണക്‌ഷൻ തോന്നാറുണ്ട്. ഞങ്ങളുടെ താല്പര്യങ്ങളും ഇഷ്ട സിനിമകളും ഒക്കെ ഒരുപോലെ ആണ്. ഒരുപാട് അന്യഭാഷാ പടങ്ങൾ ഞങ്ങൾ രണ്ടുപേരും കാണും.  ഈ സിനിമയിലെ കഥാപാത്രങ്ങൾ അദ്ദേഹം എഴുതി ഒരുപാട് നാള്‍ മനസ്സിൽ കൊണ്ട് നടന്നതാണ്. അതുകൊണ്ട് അവർ എങ്ങനെയാണ് പെരുമാറുന്നതെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.  അദ്ദേഹം ഒരു നല്ല നടൻ കൂടിയാണ്. കാൽപോ എന്ന കഥാപാത്രം അദ്ദേഹം എനിക്ക് അഭിനയിച്ചു കാണിച്ചു തരുമായിരുന്നു. അതെല്ലാം എനിക്ക് നന്നായി ഗുണം ചെയ്തു.  ഇനിയും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്.

‘പടച്ചവൻ നിന്നെ പടച്ചപ്പോൾ’ ഗാനരംഗത്തിൽ നിന്ന്.
‘പടച്ചവൻ നിന്നെ പടച്ചപ്പോൾ’ ഗാനരംഗത്തിൽ നിന്ന്.

നേഹ നസ്‌നീൻ, തുമ്പി ആയപ്പോൾ 

നേഹ നസ്‌നീൻ ആണ് തുമ്പി എന്ന കഥാപാത്രമായി അഭിനയിച്ചത്. നേഹ ഈ ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. സാജിദ് ഇക്ക ഒരു മാസത്തെ വർക്ക് ഷോപ്പ് ഞങ്ങൾക്ക് തന്നിരുന്നു. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നായാലേ സിനിമയിൽ അഭിനയിക്കുമ്പോഴും നന്നായി ചെയ്യാൻ കഴിയു. ഞങ്ങൾ ഒരുമിച്ച് പുറത്തുപോവുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു.  ഞങ്ങളുടെ ഇഷ്ടവും ഇഷ്ടക്കേടും എല്ലാം തമ്മിൽ മനസ്സിലാക്കി.  നേഹയെ കംഫർട്ടബിൾ ആക്കാൻ ഞാൻ ശ്രമിച്ചു.  പിന്നെ എല്ലാറ്റിനും സഹായകമായി സാജിദ് ഇക്ക ഉണ്ടായിരുന്നു. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ എളുപ്പം മനസ്സിലാക്കുന്ന കുട്ടിയാണ് നേഹ. തുമ്പി എന്ന കഥാപാത്രം വളരെ നന്നായി നേഹ അവതരിപ്പിച്ചു. ഞങ്ങൾ ഈ സിനിമ ഏറ്റവും നന്നായി ചെയ്യണം  എന്ന് ആഗ്രഹിച്ചു, അത് പോലെ സംഭവിച്ചു എന്ന് തോന്നുന്നു. കാൽപ്പോ–തുമ്പി എന്ന ഞങ്ങളുടെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിച്ചു. തിയറ്ററുകളിൽ പോകുമ്പോൾ വളരെ നല്ല സ്വീകരണമാണ് ലഭിച്ചത്.  

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

കാൽപ്പോയെയും തുമ്പിയേയും സ്വീകരിച്ചതിൽ നന്ദി 

സിനിമ റിലീസ് ചെയ്തു ആദ്യത്തെ ആഴ്ച നന്നായി പേടിച്ചു. അധികം ആളുകൾ ഒന്നും കയറുന്നില്ല, പക്ഷേ പിന്നീട് കാര്യങ്ങൾ മാറി വന്നു.  ഈ ആഴ്ച നമ്മൾ നാൽപത് തീയറ്ററുകളിൽ കൂടി സിനിമ കാണിക്കുന്നുണ്ട്. പുതുമുഖങ്ങളുടെ ചിത്രം ആയതുകാരണം ആയിരിക്കും ആദ്യ ദിവസങ്ങളിൽ അധികം ആളുകൾ കയറാത്തത്. ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുത്തു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പക്ഷേ എനിക്ക് മലയാളികളിൽ വിശ്വാസമുണ്ട്, അവർ കണ്ടന്റിനാണ് പ്രാധാന്യം കൊടുക്കുന്നത്.  ഇപ്പൊ നല്ല പ്രതികരണങ്ങൾ ആണ് വരുന്നത്. എനിക്ക് പേർസണൽ മെസ്സേജുകളും ഫോൺ കോളുകളും ലഭിക്കുന്നുണ്ട്. കാൽപ്പോയെയും തുമ്പിയേയും ആരാധകർ ഏറ്റെടുത്തതിൽ സന്തോഷം. 

ranjith-sajeev-2123

സിനിമയാണ് പാഷൻ 

ഗോളം റിലീസ് ചെയ്യാനുണ്ട്. പിന്നെ കഥകൾ കേൾക്കുന്നുണ്ട്. നല്ല സിനിമകൾ ചെയ്യാൻ കഴിയും എന്ന് കരുതുന്നു. എൻജിനിയറിങ് ഡിഗ്രി എടുത്തെങ്കിലും എനിക്ക് അഭിനയിക്കാൻ ആണ് ഇഷ്ടം. എന്റെ അച്ഛൻ സജീവ് എൻജിനീയർ ആണ്. അച്ഛനും അമ്മയും ബിസിനസ് ചെയ്യുകയാണ്. അച്ഛൻ ദുബായിൽ കൺസ്‌ട്രക്‌ഷൻ ബിസിനസ്സ് ആണ്, അമ്മ ഫോർട്ട് കൊച്ചിയിൽ ഫ്രാഗ്രന്റ് നേച്ചർ, ഹോട്ടൽ ഈസ്റ്റ് ഇന്ത്യ കഫേ ഒക്കെ നടത്തുകയാണ്. പല സ്ഥലങ്ങളിൽ ബ്രാഞ്ചുകളുണ്ട്. രണ്ടുപേരും ഫിലിം പ്രൊഡ്യൂസേഴ്സ് കൂടിയാണ്.  മോഹൻലാൽ സർ അഭിനയിച്ച പ്രണയം, കിണർ എന്നൊരു പടം, ഗോളം ഒക്കെ ഇവർ നിർമിച്ചതാണ്.  എന്റെ പാഷൻ പിന്തുടരാൻ പൂർണ പിന്തുണയാണ് എന്റെ മാതാപിതാക്കൾ തരുന്നത്. എപ്പോഴെങ്കിലും നല്ലൊരു പീരീഡ്‌ സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പിന്നെ ഒരു നടൻ എന്ന നിലയിൽ പ്രേക്ഷകർ മുടക്കുന്ന പണത്തിന് നഷ്ടമില്ലാത്ത തരത്തിലുള്ള സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. ഒരു അഭിനേതാവ് എന്ന നിലയിൽ ഏതു കഥാപാത്രം കിട്ടിയാൽ ചെയ്യാൻ കഴിയണം അതാണ് എന്റെ ലക്‌ഷ്യം.

English Summary:

Chat with Ranjith Sajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com