ADVERTISEMENT

സാജിദ് യഹിയ സംവിധാനം ചെയ്ത ‘ഖൽബ്’ കണ്ടവരെല്ലാം അന്വേഷിച്ചത് തുമ്പിയെ ആയിരുന്നു; സൂഫി സംഗീതത്തിന്റെ അഴകൊത്ത ആ മൊഞ്ചത്തിക്കുട്ടിയെ. ആരാധകരുടെ അന്വേഷണം അവസാനിച്ചത് മേഘാലയയിൽ ആണ്. മേഘാലയയിലെ അഡിഷനൽ ചീഫ് സെക്രട്ടറി  ഷക്കീലിന്റെയും സഫീറയുടെയും മകൾ നേഹ നസ്‌നീൻ ഷക്കീൽ ആണ് ഖൽബിലെ തുമ്പിയായി മലയാളത്തിലേക്കു പറന്നെത്തിയത്.

ബെംഗളൂരു ക്രൈസ്റ്റ് കോളജിൽനിന്ന് ഡിഗ്രി കഴിഞ്ഞ് കിങ്സ് കോളജ് ഓഫ് ലണ്ടനിൽ എജ്യുക്കേഷൻ പബ്ലിക് പോളിസിയിൽ ഉപരിപഠനം നടത്തുന്ന നേഹ ഇൻസ്റ്റഗ്രാമിലെ താരമാണ്. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉള്ളിലൊതുക്കി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് നേഹയെത്തേടി സാജിദിന്റെ ക്ഷണം വരുന്നത്. 

ഖൽബിലെ തുമ്പി എന്ന കഥാപാത്രം നേഹയ്ക്കു വേണ്ടി എഴുതിയതാണെന്നുതന്നെ പറയേണ്ടി വരും. ആദ്യമായി അഭിനയിക്കുകയാണെന്ന് തോന്നാത്ത തരത്തിൽ തികച്ചും തന്മയത്വത്തോടെ ആ കഥാപാത്രത്തെ ഏറ്റെടുത്ത നേഹ ആദ്യ സിനിമയിൽത്തന്നെ ശബ്ദവും കൊടുത്തു. പാട്ടുകാരി കൂടിയായ തനിക്ക് സിനിമയുടെ പ്രമോഷനുവേണ്ടി പോയപ്പോൾ ഗായിക ചിത്രയ്ക്കു മുന്നിൽ പാടാൻ കഴിഞ്ഞത് സ്വപ്നതുല്യമായിരുന്നു എന്ന് നേഹ പറയുന്നു. മലയാളത്തിൽ വേരുകളുള്ള തന്നെ മലയാളികൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് നേഹ നസ്‌നീൻ മനോരമ ഓൺലൈനിനോടൊപ്പം ചേരുന്നു. 

ഖൽബിലെ തുമ്പിയിലേക്ക്  

സംവിധായകൻ സാജിദ് യഹിയ എനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിട്ടാണ് ‘ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുണ്ട് ഓഡിഷന് വരാൻ കഴിയുമോ?’ എന്ന് ചോദിച്ചത്. ആദ്യം എനിക്ക് പേടിയായിരുന്നു. ഇൻസ്റ്റഗ്രാമിൽ വരുന്ന എല്ലാ മെസേജുകളും വിശ്വസിക്കാൻ പറ്റില്ലല്ലോ. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ പ്രൊഫൈൽ നോക്കി. നാട്ടിലുള്ള ബന്ധുക്കളോടും ചോദിച്ചു. എന്റെ ഒരു ബന്ധുവിനോടൊപ്പമാണ് കൊച്ചിയിലെ ഓഫിസിൽ പോയത്. സാജിദ് ഇക്കായെ കണ്ടു പരിചയപ്പെട്ടപ്പോൾ അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യൻ വേറെ ഇല്ല എന്നാണ് തോന്നിയത്. അവിടെ വച്ച് രണ്ടുമൂന്ന് സീനുകൾ ഷൂട്ട് ചെയ്തു നോക്കി. ഷെയ്ൻ നിഗം ആയിരുന്നു ആദ്യം കാൽപൊയുടെ റോൾ ചെയ്യാനിരുന്നത്.  ഷെയ്‌നിനോടൊപ്പം ചില സീനുകൾ ഷൂട്ട് ചെയ്തു. രണ്ടുമൂന്നു മാസം കഴിഞ്ഞിട്ടാണ് എന്നെ തിരഞ്ഞെടുത്തു എന്നു വിളിച്ചു പറഞ്ഞത്. പക്ഷേ പിന്നീട് കാത്തിരിപ്പ് നീണ്ടു. സിനിമ ഒരുപാട് പ്രതിസന്ധികളിൽ കൂടി കടന്നുപോയി എന്ന് അറിഞ്ഞു. പിന്നീട് ‘ഷൂട്ട് തുടങ്ങുന്നു വരൂ’ എന്ന് പറഞ്ഞപ്പോഴേക്കും നായകൻ ഷെയ്ൻ നിഗം മാറി രഞ്ജിത്ത് സജീവ് ആയിരുന്നു. 

neha-nazneen42

എനിക്കു വേണ്ടി എഴുതിയ കഥാപാത്രം പോലെ 

എനിക്കു സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. കാസ്റ്റിങ് കോൾ കാണുമ്പോൾ ഓഡിഷൻ കൊടുക്കുമായിരുന്നു, പക്ഷേ കിട്ടിയിട്ടില്ല. നായികയായിത്തന്നെ ഒരു തുടക്കം കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.  സ്ക്രിപ്റ്റ് വായിച്ചപ്പോൾത്തന്നെ ഇത് എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രമാണ്, ഇത് എനിക്ക് തന്നെ കിട്ടിയേക്കും എന്നു തോന്നി. തുമ്പി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഒരു പാവം മുസ്‌ലിം പെൺകുട്ടി. ആ കഥാപാത്രം എനിക്ക് വേണ്ടി തന്നെ എഴുതിയതാണ് എന്നാണ് തോന്നിയത്. 

neha-nazneen432

ആക്ടിങ് ക്യാംപിലെ പ്രാക്ടീസ് ജോലി എളുപ്പമാക്കി 

സ്ക്രിപ്റ്റ് വായിച്ച് നന്നായി പഠിച്ചിരുന്നു. എന്നാലും ക്യാമറയ്ക്ക് മുന്നിൽ നിൽക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലായി.  തനിയെ നിൽക്കുമ്പോൾ അഭിനയിച്ചു നോക്കുന്നതുപോലെയല്ല ഒരു ക്രൂവിന്റെ മുന്നിൽ നിന്ന് ക്യാമറക്ക് വേണ്ടി അഭിനയിക്കുക. അഭിനയിക്കുന്നത് പോലെ തോന്നാനും പാടില്ല. മറ്റൊരാളായി ജീവിക്കുകയാണ് വേണ്ടത്. വലിയൊരു ചാലഞ്ചായിരുന്നു. ഒരുമാസം ആക്ടിങ് ക്യാംപ് ഉണ്ടായിരുന്നു. ഡയലോഗ് പറഞ്ഞുതന്നെ പ്രാക്ടീസ് ചെയ്തു. ഡയലോഗ് മുഴുവൻ കാണാതെ പഠിച്ചു. അതുകൊണ്ട് ഡയലോഗ് തെറ്റുന്ന പ്രശ്നമില്ല. സാജിദ് ഇക്ക ഒരു ആക്ടർ കൂടിയാണ്. എങ്ങനെയാണ് നമ്മൾ ചെയ്യേണ്ടത് എന്ന് ഇക്ക കാണിച്ചു തരും. അത് തിരിച്ചു ചെയ്തു കാണിച്ചാൽ മതി. എനിക്കു നല്ല പേടിയുണ്ടായിരുന്നു പിന്നെ സിദ്ദീഖ് ഇക്ക, ലെന ചേച്ചി ഇവരെപ്പോലെ എക്സ്പീരിയൻസ് ഉള്ളവരുമായി അഭിനയിക്കുക എന്നതു പേടിയോടൊപ്പം സന്തോഷവും ആയിരുന്നു. പക്ഷേ അവരെല്ലാം സ്നേഹത്തോടെ പ്രോത്സാഹിപ്പിച്ച് കൂടെ നിന്നു. എനിക്കും രഞ്ജിത്തിനും നന്നായി അഭിനയിക്കാൻ അവരുടെ പിന്തുണ ഒരുപാട് സഹായിച്ചു. തുമ്പി എന്നുതന്നെയാണ് എല്ലാവരും എന്നെ വിളിച്ചത്. ആ ഒരു മൂന്നുമാസം ഞാനും തുമ്പി ആയിരുന്നു.

neha-nazneen23

രഞ്ജിത്ത് സജീവുമായുള്ള കെമിസ്ട്രി 

ഞാനും രഞ്ജിത്തും ഒരുമിച്ച് അഭിനയിക്കണമെങ്കിൽ ഞങ്ങൾ തമ്മിൽ ഒരു കെമിസ്ട്രി ഉണ്ടാകണമല്ലോ. ഞങ്ങൾ ആദ്യം നേരിട്ട് കണ്ടു. ഒരു കോഫി ഷോപ്പിൽ പോയി കോഫി കുടിച്ചുകൊണ്ട് സംസാരിച്ചു. എന്തൊക്കെയാണ് ഇഷ്ടമെന്നൊക്കെ തുറന്നു സംസാരിച്ചു. ഞങ്ങൾ തമ്മിൽ ഉള്ള ബോണ്ട് ആണ് സിനിമയിൽ മുഴുവൻ പോകുന്നത്. ആക്ടിങ് ക്യാംപിൽത്തന്നെ ഒരുമിച്ച് അഭിനയിച്ച് പരിശീലിച്ചു. നല്ല കുട്ടി എന്ന് പറയാൻ പറ്റുന്ന ആളാണ് രഞ്ജിത്. നമ്മെ നന്നായി കെയർ ചെയ്യും. അഭിനയിക്കുമ്പോൾ എന്റെ ദേഹത്ത് കൈ വയ്ക്കുമ്പോൾ പോലും  ഓക്കേ ആണോ എന്ന് ചോദിക്കും. ഞാൻ പറയുന്ന കാര്യങ്ങൾ രഞ്ജിത്തിനും അദ്ദേഹം പറയുന്നത് എനിക്കും സ്വീകാര്യമായിരുന്നു. അദ്ദേഹം എന്നേക്കാൾ മുന്നേ സിനിമയിൽ വന്ന ആളാണ്, എന്നിട്ടും നീ പറയുന്നത് പോലെ ചെയ്യാൻ കഴിയില്ല എന്നുള്ള ഭാവമൊന്നും ഇല്ല. കൂടെ നിൽക്കുന്ന ആൾ ഇങ്ങനെ ചെയ്‌താൽ എനിക്ക് കൂടുതൽ കംഫർട്ട് ആയിരിക്കും എന്ന് നമുക്ക് തോന്നുമല്ലോ, അത് പറയുമ്പോൾ രഞ്ജിത് അതുപോലെ ചെയ്യും.  ഇതൊക്കെ കൊണ്ട് എനിക്ക് വളരെ സമാധാനമായി, സന്തോഷമായി വർക്ക് ചെയ്യാൻ കഴിഞ്ഞു.  

‘പടച്ചവൻ നിന്നെ പടച്ചപ്പോൾ’ ഗാനരംഗത്തിൽ നിന്ന്.
‘പടച്ചവൻ നിന്നെ പടച്ചപ്പോൾ’ ഗാനരംഗത്തിൽ നിന്ന്.

തുമ്പി ആകാനുള്ള തയാറെടുപ്പ് 

തുമ്പി എങ്ങനെയായിരിക്കും ആലോചിക്കുക എന്ന് ഞാൻ ചിന്തിച്ചു നോക്കി.  ഇമോഷനൽ ആയി പെരുമാറുന്ന ഒരു കഥാപാത്രമാണ് തുമ്പി. ആ കഥാപാത്രത്തിന് നല്ലൊരു വളർച്ചയുണ്ട്. വളരെ പതുങ്ങി, ശബ്ദം പോലും കേൾക്കാത്ത തരത്തിലുള്ള പെരുമാറ്റമാണ് ആദ്യം കാണുന്നത്. പിന്നീട് അവൾ പൊട്ടിത്തെറിക്കുന്നുണ്ട്. ആ ഒരു സ്റ്റേജിലേക്ക് അവൾ വളരണം. ഓരോ സീനിലും അവൾ എങ്ങനെയായിരിക്കും ആലോചിക്കുക എന്ന് ഞാൻ ഓർക്കും. അവൾ അധികം സംസാരിക്കില്ല, പക്ഷേ അവളുടെ സാന്നിധ്യം തന്നെ വാചാലമാണ്. കണ്ണുകളിൽ കൂടിയാണ് അവൾ പലതും പറയുന്നത്. കാൽപോയുടെ അമ്മയുടെ ശവകുടീരത്തിൽ വരുമ്പോൾ അവൾ അതിൽ കൈ വയ്ക്കുന്നുണ്ട്. ആ ഒരു പെരുമാറ്റം മതി അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാൻ. കയ്യൊക്കെ വച്ച് ഒരുപാട് ആംഗ്യം കാണിക്കും. ദുഃഖം ഉള്ളിലടക്കി ജീവിക്കുന്ന ഒരു സാധു പെൺകുട്ടി. ഞാൻ ഇങ്ങനെയാണ് തുമ്പിയായി ജീവിച്ചത്.

neha-nazneen56

ആദ്യ കഥാപാത്രത്തിന് ശബ്ദവും കൊടുത്തു 

തുമ്പിക്കു ശബ്ദം കൊടുത്തത് ഞാൻ തന്നെയാണ്. അഭിനയിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഡബ്ബ് ചെയ്യാൻ. അഭിനയിക്കുമ്പോൾ ഉള്ള ഇമോഷൻ കുറച്ചുകൂടി കൂടുതൽ ഡബ്ബിങ്ങിൽ കൊടുക്കണം. ഒരിക്കൽ കൂടി സിനിമ അഭിനയിക്കണം എന്നാണ് എനിക്ക് തോന്നിയത്. എല്ലാം പറഞ്ഞു തരാൻ സാജിദ് ഇക്ക ഉണ്ടായിരുന്നു. എല്ലാം എത്രത്തോളം വേണമെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് എല്ലാം എളുപ്പവുമായി. എല്ലാവരും സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്യണം എന്നത് അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു. ഒരു അഭിനേതാവിന്റെ ആത്മാവ് ശബ്ദത്തിലാണ് എന്നാണ് അദ്ദേഹം പറയുക. ഞാൻ പാട്ടുപാടാറുള്ളത് കൊണ്ട് ട്യൂൺ കൂടി ശ്രദ്ധിച്ചാണ് ശബ്ദം കൊടുത്തത്. അത് കുറച്ചുകൂടി എളുപ്പമാക്കി. സംഗീതം കുറച്ചു പഠിച്ചിട്ടുണ്ട്. ഡിഗ്രിയിൽ എന്റെ മൂന്നാമത്തെ സബ്ജക്റ്റ് മ്യൂസിക് ആണ്.  

ട്രെയിലറിൽ നിന്നും
ട്രെയിലറിൽ നിന്നും

പൊന്നുമോളേ, ഇത്രയും വേണ്ടിയിരുന്നില്ല 

സിനിമ കണ്ടിട്ട് എന്റെ ഉമ്മാമ്മ വിളിച്ച് ‘എന്റെ പൊന്നുമോളേ ഇങ്ങനെ അഭിനയിക്കേണ്ടിയിരുന്നില്ല’ എന്ന് പറഞ്ഞു. എന്റെ ഉപ്പയും ഉമ്മയും ബന്ധുക്കളും ഒക്കെ സിനിമ കണ്ടിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. ഞാൻ ആഗ്രഹിച്ച സ്ഥലത്ത് എത്തി, നായികാ കഥാപാത്രം തന്നെ ചെയ്യാൻ പറ്റി, അത് നന്നായി ചെയ്തു എന്ന് എല്ലാവരും പറയുമ്പോൾ ഉപ്പയ്ക്കും ഉമ്മയ്ക്കും സന്തോഷമുണ്ട്. ഉപ്പയ്ക്കും ഉമ്മയ്ക്കും ഉൾപ്പെടെ എല്ലാവർക്കും എന്റെ സിനിമയെപ്പറ്റി പറയാൻ ഫോൺ കോൾ വരുന്നുണ്ട്. 

neha-nazneen334

ചിത്ര പറഞ്ഞു, അധികം കേൾക്കാത്ത ശബ്ദം 

ഒരു ചാനൽ പരിപാടിക്ക് പോയപ്പോൾ ഗായിക കെ.എസ്. ചിത്ര ചേച്ചിയും സിതാര കൃഷ്ണകുമാറും അവിടെ ഉണ്ടായിരുന്നു. അവരുടെ മുന്നിൽ പാടാൻ കഴിഞ്ഞു. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണ്. ചെറുപ്പം മുതൽ പാട്ട് കേട്ട് ആരാധിച്ചിരുന്ന ഗായികയാണ് ചിത്ര ചേച്ചി. ചേച്ചിയെ കാണാനും ഞാൻ പാടിയത് നന്നായി എന്ന് പറയുന്നതുകേൾക്കാനും കഴിയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. പക്ഷേ എല്ലാം ഇപ്പോൾ ഒരു സ്വപ്നം പോലെയാണ് നടക്കുന്നത്. ഞാൻ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ എന്റെ ജീവിതത്തിൽ നടക്കുന്നത്. എന്റെ ശബ്ദം വളരെ പ്രത്യേകതയുള്ളതാണ്, അധികം കേൾക്കാത്തതാണ് എന്നാണ് ചിത്ര ചേച്ചി പറഞ്ഞത്. ഒരു സ്വപ്നലോകത്ത് എത്തിയതുപോലെ ഉള്ള അവസ്ഥയായിരുന്നു.

neha-nazneen023

ഉപ്പ ഐഎഎസ് ആയതുകൊണ്ട് ‘ജിപ്സി’ ജീവിതമായിരുന്നു 

ഉപ്പയുടെ ജോലി സംബന്ധമായി ട്രാൻസ്ഫർ വരുന്നതുകൊണ്ട് ഞങ്ങൾ ഇന്ത്യയിലെ പല സ്ഥലത്തുമായിട്ടാണ് വളർന്നത്. മൂന്നുകൊല്ലമേ ഒരു സ്ഥലത്ത് താമസിക്കാൻ പറ്റൂ. മൂന്ന് കൊല്ലം കഴിയുമ്പോൾ അടുത്ത സ്ഥലത്തേക്ക് സ്ഥലം മാറ്റം വരും. ജിപ്സികളെപ്പോലെ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്ത് ആയിരുന്നു ഞങ്ങളുടെ ജീവിതം. പുതിയ സ്കൂളുകളും പുതിയ സ്ഥലവും ഞങ്ങൾക്ക് ഒരു ശീലമായി.  ഒരുപാട് സ്ഥലങ്ങൾ കണ്ടു പരിചയപ്പെട്ട് പല ഭാഷകളും സംസ്കാരങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. ഉമ്മയുടെ സ്ഥലം കോഴിക്കോടും ഉപ്പയുടെ സ്ഥലം കണ്ണൂരുമാണ്. നാട്ടിൽ ഇപ്പോൾ ഉപ്പയുടെയും ഉമ്മയുടെയും മാതാപിതാക്കളും ബന്ധുക്കളും ഉണ്ട്. ഉമ്മയും ഉപ്പയും ഇത്താത്തയും ആണ് എനിക്കുള്ളത്. ഞങ്ങൾ കുടുംബം മുഴുവനും പാട്ടുപാടും. ഉപ്പ ദഫ് മുട്ടും പാടും. ഉപ്പയ്ക്ക് 25 വയസ്സുള്ളപ്പോൾ ഒരു സീരിയലിൽ അഭിനയിച്ചിട്ടുണ്ട്.  പിന്നെ ഐഎഎസ്. ഞാനും രണ്ടുമൂന്ന് ഇൻസ്ട്രുമെന്റ് വായിക്കും പാടും.  ഞാനും സ്കൂളിലും കോളജിലും പഠിക്കുമ്പോൾ ഡ്രാമകളിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്.   

neha-nazneen34

 

കിങ്സ് കോളജ് ഓഫ് ലണ്ടനിൽ പഠനം 

എജ്യുക്കേഷൻ പബ്ലിക് പോളിസിയിൽ ആണ് ഞാനിപ്പോൾ ഉപരിപഠനം നടത്തുന്നത്. കിങ്സ് കോളജ് ഓഫ് ലണ്ടനിൽ ആണ് പഠിക്കുന്നത്.  എൻജിഒ വർക്കുകൾ ചെയ്യണം എന്നാണ് ആഗ്രഹം.  ജോലിയും സിനിമയും ഒരുപോലെ കൊണ്ടുപോകണം. എന്റെ ബാച്ചിലേഴ്സ് കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലേക്ക് ഓഫർ കിട്ടിയത്. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ ആണ് ബാച്ചിലേഴ്‌സ് ചെയ്തത്. ആ സമയത്ത് ലഡാക്കിൽ ഒരു സ്കൂളിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. കോഴിക്കോട് ദേവഗിരി കോളജിലും ലക്ചറർ ആയി വർക്ക് ചെയ്തു. ആ ബ്രേക്കിൽ ആണ് സിനിമ ചെയ്തത്.  ആ വർഷം തന്നെ സിനിമ പൂർത്തിയാക്കിയി ലണ്ടനിലേക്കു പോയി.  ഇപ്പൊ ശൈത്യകാല വെക്കേഷൻ ആണ്. സിനിമയുടെ പ്രമോഷൻ കഴിഞ്ഞു തിരിച്ചുപോകണം. ഇനി മൂന്നുനാലു മാസം കൂടിയേ അവിടെ ഉണ്ടാകൂ. തിരിച്ചു വന്നു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം.

neha-nazneen0223

സിദ്ദീഖ് ബാപ്പയെപ്പോലെ 

സെറ്റിൽ എല്ലാവരും നല്ല പിന്തുണ ആണ് തന്നത്. ഇത്രയും സ്വീകാര്യത ഞാൻ പ്രതീക്ഷിച്ചില്ല. ഞാൻ ചെയ്യുന്നത് നന്നായിട്ടുണ്ട് ആദ്യമായിട്ടാണെന്ന് തോന്നില്ല എന്നൊക്കെ പറയുമ്പോ നമുക്ക് നല്ല പ്രോത്സാഹനം ആണ്. സിദ്ദീഖ് ഇക്ക എന്റെ ബാപ്പയെപ്പോലെ ആണ് തോന്നിയത്. ഞങ്ങൾ പാട്ടും പാടി കഥയും പറഞ്ഞാണ് സെറ്റിൽ ഉണ്ടായിരുന്ന സമയം മുഴുവൻ കഴിഞ്ഞത്. ലെന ചേച്ചി ആയാലും നല്ല സ്നേഹമായിരുന്നു. മറ്റൊരു കാര്യവും ഞങ്ങൾ കണ്ടുപിടിച്ചു. ഷില്ലോങ്ങിൽ ലെന ചേച്ചി പഠിച്ച സ്കൂളിലാണ് ഞാനും പഠിച്ചത്. ചേച്ചിയും കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. അങ്ങനെ എനിക്ക് സിനിമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. സെറ്റിൽ 200 പേരോളം നമുക്ക് വേണ്ടിയാണല്ലോ വർക്ക് ചെയ്യുന്നത് എന്ന് ഓർക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്തവും കൂടും. ക്യാമറ ക്രൂവിനൊടൊക്കെ നല്ല സൗഹൃദമായി. ഞാൻ എല്ലാവരുടെയും അടുത്തുപോയിരുന്നു സംസാരിക്കും. സെറ്റിലെ റേഡിയോ ഞാൻ ആയിരുന്നു. സ്വിച്ച് ഇടുമ്പോൾ പാട്ടുപാടിക്കൊടുക്കുന്നപോലെ പാടും. ഒരു കുടുംബത്തിൽ എത്തിയതുപോലെ ഒരു അനുഭവമായിരുന്നു.  

neha-nazneen4

ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണം   

സിനിമ കണ്ടിട്ട് എല്ലാവരും വിളിച്ച് നല്ല അഭിപ്രായം വരുന്നുണ്ട്. ഉപ്പയെയും ഉമ്മയെയും പലരും വിളിച്ച് മോള് നല്ല രസമായി ചെയ്തു എന്ന് പറയുന്നത് കേൾക്കുമ്പോ അവർക്കും എനിക്കും  സന്തോഷമുണ്ട്. ഒന്നുരണ്ടു ഓഫർ വരുന്നുണ്ട്. നല്ല കഥാപാത്രം കിട്ടിയാൽ ഇനിയും സിനിമ ചെയ്യണം എന്നാണ് ആഗ്രഹം.  ചെറുപ്പം മുതൽ സ്വപ്നം കണ്ടതാണ് സിനിമ. അവിടെ എത്താൻ കഴിയുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. പക്ഷേ നായികയായിത്തന്നെ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞു. എന്റെ പഠനം പൂർത്തിയാക്കി ജോലി നേടുന്നതിനൊപ്പം സിനിമയും കൊണ്ടുപോകണം എന്നാണ് ആഗ്രഹം.

English Summary:

Chat with actress Neha Nazneen Shakil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com