സമ്പത്തും ഐശ്വര്യവും തേടിയെത്തും; വീടിനുള്ളിൽ ഈ ചെടികൾ ഇങ്ങനെ വളർത്താം
Mail This Article
വീടുകളിൽ നട്ടുപിടിപ്പിക്കുന്ന ചെടികൾ ഭംഗി നൽകുക മാത്രമല്ല അവിടെ താമസിക്കുന്ന വ്യക്തികളുടെ ആരോഗ്യത്തെയും സാമ്പത്തിക സ്ഥിതിയെയും ഒക്കെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വാസ്തുശാസ്ത്രപ്രകാരമുള്ള വിശ്വാസം. ചില ചെടികൾ നട്ടുപിടിപ്പിക്കുന്നത് സമ്പത്തും സമൃദ്ധിയും ആകർഷിക്കും എന്നും വാസ്തു ശാസ്ത്രം പറയുന്നു. എന്നാൽ കൃത്യമായ ചെടികൾ തിരഞ്ഞെടുത്തു നട്ടുപിടിപ്പിച്ചില്ല എങ്കിൽ വിപരീതഫലവും ഉണ്ടാകും. വീടുകളിൽ ഐശ്വര്യം നിറയാൻ സഹായിക്കുന്ന ചെടികൾ ഏതൊക്കെയാണെന്നും അവ എവിടെയാണ് നട്ടുവളർത്തേണ്ടതെന്നും നോക്കാം.
മണി പ്ലാന്റ്
യഥാർത്ഥ പേര് പോത്തോസ് എന്നാണെങ്കിലും ഈ ചെടിക്ക് മണി പ്ലാന്റ് എന്ന് പേര് ലഭിക്കാൻ വ്യക്തമായ കാരണമുണ്ട്. ഇവ കൃത്യമായ ദിശയിൽ നട്ടു വളർത്തിയാൽ ആ വീട്ടിൽ സമ്പത്ത് നിറയും എന്നതാണത്. സമ്പത്ത് ആകർഷിക്കുന്നതിന് പുറമേ ഇവ വളരുന്ന ഇടങ്ങളിൽ പോസിറ്റീവ് എനർജി നിറയുമെന്നും വായു ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വാസമുണ്ട്.
വീടിനുള്ളിലാണെങ്കിലും തെക്ക് കിഴക്കേ ദിശയിൽ മണി പ്ലാന്റ് നടുന്നതാണ് ഏറ്റവും ഉചിതം. ഗണപതിയാണ് ഈ ദിശയുടെ അധിപൻ. അതിനാൽ ഈ ദിക്ക് കണക്കാക്കി മണി പ്ലാൻറ് നട്ടുപിടിപ്പിച്ചാൽ ദൗർഭാഗ്യങ്ങൾ ഒഴിഞ്ഞുപോവുകയും സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും.
ലക്കി ബാംബു
മണി പ്ലാന്റ് പോലെ തന്നെ ഐശ്വര്യത്തെ ആകർഷിക്കാനുള്ള കഴിവ് മൂലമാണ് ലക്കി ബാംബുവിനും ആ പേര് ലഭിച്ചത്. വാസ്തുശാസ്ത്രം മാത്രമല്ല ഫെങ് ഷൂയിയും ലക്കി ബാംബുവിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ടേബിൾ ടോപ്പിൽ വളർത്തുന്ന ലക്കി ബാംബുവിന് ഭാഗ്യവും സമാധാനവും ഐശ്വര്യവും വീട്ടിൽ നിറയ്ക്കാനുള്ള കഴിവുണ്ട്. സമ്മാനമായി ലഭിക്കുന്ന ലക്കി ബാംബുവിന് കൂടുതൽ ഗുണഫലങ്ങൾ ഉണ്ടെന്നും വിശ്വാസമുണ്ട്. തണ്ടുകളുടെ എണ്ണം അനുസരിച്ച് വ്യത്യസ്ത ഫലങ്ങളാണ് ലക്കി ബാംബു നൽകുന്നത്. ഐശ്വര്യം നേടാൻ ആറ് തണ്ടുകളുള്ള ലക്കി ബാബുവും ആരോഗ്യ പുരോഗതിക്ക് ഏഴു തണ്ടുകളുള്ള ലക്കി ബാംബുവും തിരഞ്ഞെടുക്കാം. തെക്ക് കിഴക്കേ മൂലയിലോ കിഴക്ക് ദിശയിലോ ലക്കി ബാംബൂ നട്ടുവളർത്താം.
ജെയ്ഡ് പ്ലാന്റ്
ഫെങ് ഷൂയിയിൽ വലിയ പ്രാധാന്യമാണ് ചെറിയ ഇലകളോട് കൂടിയ ജെയ്ഡ് പ്ലാന്റിന് നൽകുന്നത്. വളർച്ചയുടെ പ്രതീകമായാണ് ഈ ചെടി കണക്കാക്കപ്പെടുന്നത്. അതിനാൽ മനോഹരമായ ഈ ചെടി കുട്ടികളുടെ സ്റ്റഡി ടേബിളിൽ സ്ഥാപിക്കുന്നത് പഠനത്തിൽ ഉയർച്ച നേടാൻ സഹായിക്കും. ജെയ്ഡ് പ്ലാന്റിന്റെ സാന്നിധ്യമുള്ള ഇടത്ത് സാഹോദര്യവും സൗഹൃദവും വർധിക്കുമെന്നും കരുതപ്പെടുന്നു. തെക്കു കിഴക്കേ ദിശയാണ് ജെയ്ഡ് പ്ലാന്റിന് ഏറ്റവും അനുയോജ്യം. എന്നാൽ ഒരു കാരണവശാലും ബാത്റൂമിലോ ബെഡ്റൂമിലോ ഇവ നട്ടുവളർത്തരുത്. ഇവിടങ്ങളിൽ ജെയ്ഡ് പ്ലാന്റ് നട്ടാൽ ദൗർഭാഗ്യം വരുമെന്നും വിശ്വാസമുണ്ട്.
സ്നേക് പ്ലാന്റ്
കുടുംബാംഗങ്ങളുടെ മികച്ച ആരോഗ്യത്തിന് സ്നേക്ക് പ്ലാന്റുകളുടെ സാന്നിധ്യം സഹായിക്കും. അന്തരീക്ഷത്തിലെ വിഷാംശം വലിച്ചെടുക്കാൻ സാധിക്കും എന്നതിനാൽ ഈ വിശ്വാസത്തിന് ശാസ്ത്രീയമായ അടിത്തറയുമുണ്ട്. രാത്രികാലങ്ങളിൽ പോലും കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യാൻ സ്നേക്ക് പ്ലാന്റുകൾക്ക് കഴിവുണ്ട്. വീടിനകത്തും പുറത്തും സ്നേക്ക് പ്ലാന്റുകൾ വളർത്താം. വാസ്തു ശാസ്ത്രപ്രകാരം വടക്കുകിഴക്കേ ദിശയാണ് സ്നേക്ക് പ്ലാന്റുകൾക്ക് ഉചിതം. കിടപ്പുമുറിക്കുള്ളിൽ വളർത്താൻ ഏറ്റവും അനുയോജ്യമായ ചെടിയും ഇതാണ്. മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സ്നേക്ക് പ്ലാന്റിന്റെ സാന്നിധ്യം സഹായിക്കും.
പീസ് ലില്ലി
പൂച്ചെടികൾ വളർത്താൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഒന്നാണ് പീസ് ലില്ലി. സമാധാനം വീട്ടിൽ നിറയ്ക്കാൻ ഈ ചെടിക്ക് സാധിക്കും. സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകമായാണ് ഈ ചെടികൾ കണക്കാക്കപ്പെടുന്നത്. കിടപ്പുമുറിയിൽ ഇവയ്ക്ക് ഇടം നൽകിയാൽ മികച്ച ഉറക്കം ലഭിക്കാനും ദുസ്വപ്നങ്ങൾ അകറ്റി നിർത്താനും സഹായിക്കും. ബെഡ്റൂമിൽ ജനാലയോട് ചേർന്ന് പീസ് ലില്ലി നട്ടു വളർത്താം. എന്നാൽ നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കാതെ ശ്രദ്ധിക്കുക. വടക്ക് പടിഞ്ഞാറെ ദിശയാണ് ഇവ വളർത്താൻ ഏറ്റവും ഉചിതം.
ജമന്തി
സന്തോഷവും ശുഭാപ്തി വിശ്വാസവുമാണ് വീട്ടിൽ നിറയേണ്ടതെങ്കിൽ ജമന്തി ചെടി തിരഞ്ഞെടുക്കാം. മഞ്ഞ നിറത്തിലുള്ള ജമന്തി ചെടിയാണ് ഏറ്റവും ഉചിതം. പോസിറ്റീവ് എനർജി ആകർഷിക്കാൻ ഇവയ്ക്ക് സാധിക്കും. സൗഭാഗ്യത്തിന്റെ പ്രതീകമായും ജമന്തി ചെടികൾ കണക്കാക്കപ്പെടാറുണ്ട്. വീടിനുള്ളിൽ ലിവിങ് റൂമിലാണ് ജമന്തി ചെടികൾ വളർത്താൻ ഏറ്റവും നല്ലത്. എന്നാൽ ബെഡ്റൂമുകൾ ജമന്തികൾ വളർത്താൻ ഉചിതമല്ല. ഇത് വിപരീതഫലം ക്ഷണിച്ചുവരുത്തും.
Content Summary: Plants for Home That Brings Health, Wealth & Positive Energy