ADVERTISEMENT

വിരിഞ്ഞുവരുന്ന പുഷ്പം പോലെ പുതുമ നിറഞ്ഞതും മാലാഖയെപ്പോലെ നിർമലവുമാണ് ഓരോ കുഞ്ഞും. കാരണം, ലോകത്തിന്റെ കാപട്യങ്ങൾ അവരറിയുന്നില്ല. ഈ ലോകത്തിന്റെ ശരിതെറ്റുകൾ എന്താണെന്ന് മാതാപിതാക്കളിൽനിന്നാണ് അവർ അറിയുന്നത്. അതുകൊണ്ടു തന്നെ ശരിയേത്, തെറ്റേത് എന്ന് പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്. അതിനെപ്പറ്റി ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടിയും അവതാരകയുമായ പാർവതി കൃഷ്ണ.
മകൻ അച്ചുക്കുട്ടനൊപ്പം കളിക്കുന്നതിനിടയിൽ അവൻ ഒപ്പിച്ച ചില കുസൃതികൾ അതിരു കടന്നു. അതിന്റെ പേരിൽ കുഞ്ഞുമകനോട് ഒന്നു പിണങ്ങേണ്ടിയും വന്നു. പക്ഷേ, തെറ്റ് എന്താണെന്ന് മകനു മനസ്സിലാക്കിക്കൊടുക്കുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വിഡിയോ പങ്കുവച്ച് പാർവതി കുറിച്ചത് ഇങ്ങനെ:
‘‘ഞാനും അച്ചുക്കുട്ടനും കളിക്കുന്നതിനിടെ പിയാനോ, ഫോൺ തുടങ്ങിയ സാധനങ്ങൾ ഫാനിലേക്കും എന്റെ ദേഹത്തും എറിഞ്ഞപ്പോൾ ഞാൻ പിണങ്ങി. അപ്പോൾത്തൊട്ട് ‘സോറി അമ്മ’ എന്നു പറഞ്ഞു പുറകെ നടക്കുകയായിരുന്നു എന്റെ കുഞ്ഞ്. പുതിയ പേരന്റിങ് എന്ന പേരിൽ, ചെയ്യുന്ന തെറ്റെല്ലാം അംഗീകരിച്ചു കൊടുത്താൽ തെറ്റും ശരിയും അവൻ എങ്ങനെ തിരിച്ചറിയും. അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളും ആയി അച്ചുക്കുട്ടനോടൊപ്പം അവന്റെ പാറു..' - എന്നാണ് പാർവതി കുറിച്ചത്.

വിഡിയോയുടെ തുടക്കത്തിൽ ‘സോറി അമ്മ’ എന്നു പറഞ്ഞ് കരയുന്ന അച്ചുക്കുട്ടനെയാണ് കാണാൻ കഴിയുന്നത്. എന്നാൽ, ആ സോറിക്ക് ചെവി കൊടുക്കാതിരിക്കുകയാണ് പാർവതി. ‘നീ എറിഞ്ഞപ്പോൾ എനിക്ക് എന്തോരം വിഷമമായിക്കാണും’ എന്ന് പാർവതി മകനോട് ചോദിക്കുന്നുമുണ്ട്. വിഡിയോയുടെ ഈ ആദ്യഭാഗത്തിന് ശേഷം അച്ചുക്കുട്ടനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് വരുന്നത്. ഇരുവരും ഡാൻസ് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ബീച്ചിൽ പോയതും ഉൾപ്പെടെയുള്ള നിമിഷങ്ങളാണ് വിഡിയോയിൽ.

അതിനുശേഷം ആദ്യത്തെ വിഡിയോയുടെ ബാക്കിഭാഗമുണ്ട്.. അതിൽ, ‘ഇനി തന്നോട് വഴക്കുണ്ടാക്കുമോ’ എന്ന് പാർവതി ചോദിക്കുമ്പോൾ ‘ഉണ്ടാക്കത്തില്ലെ’ന്നാണ് അച്ചുക്കുട്ടന്റെ മറുപടി. പ്രോമിസ് ചെയ്യാൻ അമ്മ പറയുമ്പോൾ ‘ഉറപ്പില്ല’ എന്നാണ് അവന്റെ കുസൃതിയുത്തരം.  ഉറപ്പല്ലെങ്കിൽ ഇനി മിണ്ടണ്ട എന്ന് അമ്മ കട്ടായം പറയുമ്പോൾ ഉറപ്പാണ് എന്ന വാക്ക് കൊടുത്ത് അമ്മയെ കെട്ടിപ്പിടിക്കുന്ന അച്ചുക്കുട്ടനിലാണ് ഈ മനോഹര വിഡിയോ അവസാനിക്കുന്നത്.

English Summary:

Parvathy R Krishna Instagram Post on Parenting Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com