ഇവിടെയുണ്ട് നാലു മണ്ഡലങ്ങളിലെ വോട്ടർമാർ; മേത്തർ ബസാറിൽ പോസ്റ്ററിന് ഇടമില്ല
Mail This Article
കൊച്ചി ∙ എറണാകുളം മാർക്കറ്റിലെ മേത്തർ ബസാറിലെത്തിയാൽ ഇത് ഏതു ലോക്സഭാ മണ്ഡലമെന്നു തോന്നിപ്പോകും. ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പോസ്റ്ററുകൾ നിറഞ്ഞ മതിലുകളിൽ എറണാകുളത്തെ സ്ഥാനാർഥികൾക്കു പോസ്റ്ററൊട്ടിക്കാൻ ഇടമില്ല. അതു മാത്രം പോരാ, തൃശൂരിലെയും കോഴിക്കോട്ടെയും സ്ഥാനാർഥികൾക്കും ഇവിടെ പോസ്റ്ററിന് ഇടം കണ്ടെത്തണം. 4 മണ്ഡലത്തിലെയും വോട്ടർമാർ ഇവിടെയുണ്ട്.
ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്നംകുളം നിയമസഭാ മണ്ഡലത്തിലെ രണ്ടായിരത്തോളം വോട്ടുകൾ എറണാകുളം മാർക്കറ്റിലുണ്ടെന്നാണു കണക്ക്. ഇവിടെ കച്ചവടം നടത്തുന്നവരും അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരും. തൃശൂരിൽ നിന്നും കോഴിക്കോടു നിന്നും ഇവിടെയെത്തി വ്യാപാരം നടത്തുന്നവരുണ്ട്. തൃശൂരുകാരും കോഴിക്കോടുകാരും അധികവും എറണാകുളത്തുതന്നെ സ്ഥിര താമസക്കാരാണെങ്കിലും കുന്നംകുളംകാരിൽ ബഹു ഭൂരിപക്ഷത്തിനും നാട്ടിൽ തന്നെയാണു വോട്ട്. ആഴ്ചയിലൊരിക്കലെങ്കിലും നാട്ടിൽ പോകുന്നവരാണിവർ.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ് എറണാകുളം മാർക്കറ്റിൽ വോട്ടുതേടിയെത്തി. എറണാകുളത്തെ സ്ഥാനാർഥികളും വന്നു. തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ, ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്, എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ എന്നിവരുടെ പോസ്റ്ററുകൾ മേത്തർ ബസാറിൽ ധാരാളമുണ്ട്. ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിനു മുന്നിലെത്തിയാൽ ലക്ഷദ്വീപിലെ സ്ഥാനാർഥികളുടെ പോസ്റ്ററുകളും കാണാം.