ഗതാഗതക്കുരുക്ക് ഒഴിവായതിന്റെ ആശ്വാസത്തിൽ പ്രദേശവാസികൾ; ശാന്തമായി പൈതൃകനഗരങ്ങൾ
Mail This Article
തലശ്ശേരി/മാഹി ∙ ബൈപാസ് തുറന്നതോടെ തലശ്ശേരി, മാഹി എന്നീ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവായതിന്റെ ആശ്വാസത്തിൽ പ്രദേശവാസികൾ. ദേശീയപാതയിൽ ധർമടം മീത്തലെപീടിക, കൊടുവള്ളി ജംക്ഷൻ, പാലിശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായിരുന്നു. ഇപ്പോൾ ചരക്കുവാഹനങ്ങൾ ബൈപാസ് വഴി കടന്നുപോകുന്നതിനാൽ തിരക്ക് നഗരത്തെ ബാധിക്കുന്നില്ലെന്നു നഗരവാസികൾ പറഞ്ഞു. ഗതാഗതക്കുരുക്കും വാഹനങ്ങളുടെ തിരക്കും കുറഞ്ഞതിനാൽ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം വ്യാപാരികൾ. നേരത്തെ പാർക്കിങ് പ്രശ്നവും ഗതാഗതക്കുരുക്കും പറഞ്ഞു പലരും തലശ്ശേരി നഗരത്തെ പലരും കൈയൊഴിഞ്ഞിരുന്നു.
അതേസമയം, ബൈപാസുമായി സർവീസ് റോഡ് ബന്ധിക്കുന്ന സ്ഥലങ്ങളിൽ അപകടം പതിവാകുമെന്ന ആശങ്ക നാട്ടുകാർ പങ്കുവച്ചു. തലശ്ശേരി-കൂർഗ് റോഡിൽ ചോനാടം അടിപ്പാതയ്ക്കു സമീപത്താണ് അപകടസാധ്യതയേറെ. ഇവിടെ 4 ഭാഗത്തും റോഡാണ്. ബൈപാസിൽനിന്ന് ഇറങ്ങി വരുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ കൂട്ടിയിടിക്കു സാധ്യതയേറെയാണ്. ഇത്തരം സ്ഥലങ്ങളിൽ വേഗനിയന്ത്രണത്തിനു സംവിധാനവുമില്ല. ചിറക്കുനിയിലും ബാലത്തിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ പൊലീസിന്റെ സേവനം വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
മാഹി ടൗണിലെ പെട്രോൾ പമ്പുകളിൽ ചെറു വാഹനങ്ങൾ കുറഞ്ഞെങ്കിലും വലിയ ലോറികളും ടാങ്കറുകളും മാഹിയിലെത്തുന്നുണ്ട്. സ്ഥിരമായി മാഹിയിൽ നിന്ന് ഇന്ധനമടിക്കുന്ന ഈ വാഹനങ്ങൾക്ക് കാർഡ് സംവിധാനത്തിലുള്ള പണമിടപാടായതും ഇതിനു കാരണമാണ്. പെട്രോളിന് 14 രൂപ, ഡീസലിനു 12 രൂപ എന്നിങ്ങനെയും മാഹിയിലെയും കേരളത്തിലെയും വിലവ്യത്യാസം.
കോഴിക്കോട്ടു നിന്നു വരുന്ന വാഹനങ്ങൾ മാഹിയിൽ നിന്ന് ഇന്ധനമടിച്ച് തിരികെ അഴിയൂരിൽ പ്രവേശിച്ച് ബൈപാസിലേക്കു കയറുകയാണ്. ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ നിന്നു പെരിങ്ങാടി വഴി മാഹി പാലത്തിൽ പ്രവേശിച്ചു കോഴിക്കോട്ടേക്കും കോഴിക്കോട്ടു നിന്നുള്ളവർ പെരിങ്ങാടി റോഡിൽ പ്രവേശിച്ച് ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ എത്തി ബൈപാസ് വഴി കണ്ണൂരിലേക്കും പോകും.