സംസ്ഥാന സ്കൂൾ കലോത്സവം: ജില്ലയിൽ നിന്നുള്ള അപ്പീലുകൾ കൃത്യമായി പരിഗണിച്ചില്ലെന്ന് ആക്ഷേപം
Mail This Article
കാഞ്ഞങ്ങാട്∙ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ജില്ലയിൽ നിന്നുള്ള അപ്പീലുകൾ കൃത്യമായി പരിഗണിക്കുന്നതിൽ വീഴ്ച വന്നെന്ന് ആക്ഷേപം. വിവിധ ജില്ലകളിൽ നിന്നായി ആകെ 490 മത്സരാർഥികളാണ് അപ്പീൽ നേടി മത്സരത്തിൽ പങ്കെടുത്തത്. വിവിധ ഉപജില്ലകളിൽ നിന്ന് 109 പേർ അപ്പീൽ നൽകിയതിൽ 12 പേരുടെ മാത്രമാണ് ജില്ലയിൽ നിന്ന് അനുവദിച്ചത്. പിന്നീട് പലരും കോടതി ഉത്തരവുമായാണെത്തിയത്.
കോഴിക്കോട് ജില്ലയിൽ നിന്ന് 74 പേരും കണ്ണൂരിൽ നിന്ന് 46 പേരും അപ്പീലുമായി മത്സരിക്കാനെത്തിയിരുന്നു. തൃശൂരിൽ നിന്നും 56 ഉം പാലക്കാട് നിന്ന് 50ഉം അപ്പീലുകളാണ് വന്നത്. നൃത്ത ഇനങ്ങൾ ഉൾപ്പെടെയുള്ള ചില ഗ്രൂപ്പ് മത്സരങ്ങളിൽ 34 വരെ ടീമുകൾ മത്സരിച്ച സംഭവമുണ്ടായി. കലോത്സവത്തിനു ശേഷം കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുമ്പോളാണ് ജില്ലയിലെ അപ്പീലുകൾ വ്യാപകമായി തള്ളിയ കാര്യം പുറത്തുവരുന്നത്.
കാസർകോട് ജില്ലാ കലോത്സവത്തിൽ ബി ഗ്രേഡ് ലഭിച്ച വിദ്യാർഥി കോടതി ഉത്തരവ് വഴി സംസ്ഥാന കലോത്സവത്തിലെത്തി എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. ജില്ലാ തലത്തിലെ വിധി നിർണയത്തിലെ പാളിച്ചകളിലേക്കും രക്ഷിതാക്കൾ ഉൾപ്പെടെ വിരൽ ചൂണ്ടുന്നു. അപ്പീൽ ഹിയറിങ് ജില്ലയിൽ നടത്താൻ വൈകിയെന്നും ആരോപണമുണ്ട്. മിക്ക ജില്ലകളിലും കഴിഞ്ഞ ക്രിസ്മസ് അവധിക്ക് മുമ്പു തന്നെ വിശദമായ ഹിയറിങ് നടത്തി സംസ്ഥാന കലോത്സവ പ്രോഗ്രാം കമ്മിറ്റിക്ക് ലിസ്റ്റ് അയച്ചിരുന്നു. ഇത്തവണ കൊല്ലത്തു നടന്ന സംസ്ഥാന കലോത്സവത്തിന്റെ സർട്ടിഫിക്കറ്റിൽ പോലും തീയതി തെറ്റായി നൽകിയ സംഭവമുണ്ടായി.