ഒപ്പനയ്ക്ക് ഒപ്പിച്ചൊരു വേദി!; കൂടെ എത്തിയവർക്ക് ഇരിക്കാനോ നിൽക്കാനോ സ്ഥലമില്ല
Mail This Article
കൊല്ലം ∙ പോരായ്മകളുടെ ഒപ്പന വേദി. 800 പേരെ ഉൾക്കൊള്ളാവുന്ന ടൗൺഹാളിലെ ഹയർസെക്കൻഡറി വിഭാഗം ഒപ്പന വേദിയിൽ എത്തിയത് ഇരട്ടിയിലധികം പേർ. മത്സരാർഥികൾക്കൊപ്പം എത്തിയവർ ഇരിക്കാനോ നിൽക്കാനോ സ്ഥലമില്ലാതെ കുഴഞ്ഞു. കഴിഞ്ഞ ദിവസം ഹൈസ്കൂൾ വിഭാഗം ഒപ്പന നടത്തിയതു പ്രധാനവേദിയായ ആശ്രമം മൈതാനത്തായിരുന്നു.
മറ്റു പോരായ്മകൾ
∙ വുഡൻ പാനലിങ് നിലമായതിനാൽ ഒട്ടേറെ കുട്ടികൾ കാൽ വഴുതി വീണു. രാവിലെ നടന്ന ഹൈസ്കൂൾ വിഭാഗം നാടോടിനൃത്തം മത്സരത്തിലും വേദിയുടെ പ്രശ്നം കാരണം കുട്ടികൾ വഴുതി വീണിരുന്നു.
∙ ആവശ്യത്തിനു ഗ്രീൻറൂം സൗകര്യം ഇല്ലാത്തതും കുട്ടികളെ വലച്ചു. 31 ടീമുകളാണു മത്സരിക്കാൻ ഉണ്ടായിരുന്നത്. 310 മത്സരാർഥികൾക്കും അവർക്കൊപ്പം എത്തിയവർക്കും കൃത്യമായ സൗകര്യം ഒരുക്കിയില്ലെന്നു വ്യാപക പരാതി ഉയർന്നു.
∙ ഒപ്പന മത്സരം നടന്ന വേദിയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ പൊലീസോ വൊളന്റിയർമാരോ ഇല്ലായിരുന്നു.
∙ ഒരു ടീം മത്സരിച്ച ശേഷം വേദി വൃത്തിയാക്കാതെയാണ് അടുത്ത ടീമിന് അവസരം നൽകിയത്. ചാത്തനാംകുളം എംഎസ്എം എച്ച്എസ്എസിലെ ഫാത്തിമ ഷിഹാബിനു കുപ്പിച്ചില്ലു കൊണ്ടു കാലിൽ പരുക്കേറ്റു. വേദിയിൽ മുൻപു കളിച്ച ടീം അംഗത്തിന്റെ വള പൊട്ടി ചില്ല് നിലത്തു വീണിരുന്നു.